പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കര്‍ഷക നേതാവ്

 പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കര്‍ഷക നേതാവ്

ചണ്ഡീഗഡ് : വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍നാം സിംഗ് ചദുനി. പുതിയ രാഷ്ട്രീയ സംഘടനയായ സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഗുര്‍നാം സിംഗ് ചദുനി അറിയിച്ചു.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പണമുള്ളവരാണ്. രാജ്യത്ത് മുതലാളിത്തം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പണക്കാരനും ദരിദ്രനും തമ്മില്‍ വലിയ അന്തരമുണ്ട്. പാവങ്ങള്‍ക്ക് പണമുള്ളവരാണ് നയങ്ങള്‍ നിര്‍മിക്കുന്നതെന്നും ഗുര്‍നാം സിംഗ് പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കും. ഈ പാര്‍ട്ടി എല്ലാ മതക്കാര്‍ക്കും എല്ലാ ജാതിക്കാര്‍ക്കും ഗ്രാമീണ, നഗര തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ളതായിരിക്കുമെന്നും ചദുനി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ആദ്യത്തെ രാഷ്ട്രീയ സംഘടനയാണ് സംയുക്ത് സംഘര്‍ഷ് പാര്‍ട്ടി. സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ സമിതിയില്‍ ഗുര്‍നാം സിംഗ് ചധുനിയും യുധവീര്‍ സിംഗ്, അശോക് ധാവ്ലെ, ബല്‍ബീര്‍ സിംഗ് രാജേവല്‍, ശിവ് കുമാര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.

അതേസമയം വരാന്‍ പോകുന്ന പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് ബിജെപി മല്‍സരിക്കുമെന്നുള്ള കാര്യം ബിജെപിയുടെ പഞ്ചാബിന്റെ സംഘടന ചുമതലയുള്ള ഗജേന്ദ്ര സിങ് ഷെഖാവത്ത് സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.