ന്യൂഡല്‍ഹി: അഭിഭാഷകനെ വധിക്കാന്‍ ഡല്‍ഹി രോഹിണി ജില്ലാ കോടതിയില്‍ ടിഫിന്‍ ബോംബ് സ്ഫോടനം നടത്തിയ പ്രതിരോധ വകുപ്പിലെ (ഡിആര്‍ഡിഒ) സീനിയര്‍ ശാസ്ത്രജ്ഞന് ഭരത് ഭൂഷണ് കടാരിയ (47) അറസ്റ്റിൽ. ഇതേ കോടതിയിലെ അഭിഭാഷകന് അമിത് വസിഷ്ഠിനെ വധിക്കാനാണ് ബോംബ് വച്ചതെന്ന് പ്രതി ഡല്‍ഹി പൊലീസിനോട് സമ്മതിച്ചു. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണം.
ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ കണ്ടെടുത്തു. ഡിസംബര്‍ ഒമ്പതിന് കോടതിയിലെ 102-ാം മുറിയിലുണ്ടായ തീവ്രത കുറഞ്ഞ സ്ഫോടനത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഒരു ഫ്ളാറ്റിലെ ഒന്നാം നിലയിലും മൂന്നാം നിലയിലും താമസക്കാരായ ഭരത് ഭൂഷണും അഡ്വ. അമിത് വസിഷ്ഠും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന വ്യക്തി വിരോധമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. ഇരുവരും പരസ്പരം നിരവധി കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കേസുകളിലെ വിചാരണ വര്‍ഷങ്ങളായി നടന്നുവരികയാണ്.
അമിത് കോടതിയില്‍ വരുമെന്ന് മനസിലാക്കി ഭൂഷണ് സ്വയം നിര്‍മ്മിച്ച ടിഫിന്‍ ബോംബ് ലാപ്ടോപ്പ് ബാഗില്‍ കോടതിയില്‍ വയ്ക്കുകയായിരുന്നു. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഓണ്‍ലൈനിലാണ് സാധനങ്ങള്‍ വാങ്ങിയത്. മോഷണം തടയാന്‍ ഇരുചക്ര വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സെന്‍സര്‍ ഉപയോഗിച്ചാണ് ബോംബിന്റെ റിമോട്ട് കണ്ട്രോള് നിര്‍മ്മിച്ചത്.എന്നാല്‍ പ്രതി ഉദ്ദേശിച്ച തീവ്രതയോടെ സ്ഫോടനം നടന്നില്ല.
ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം രണ്ട് സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കോടതി വളപ്പില്‍ നൂറിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് ഉപകാരപ്പെട്ടു. ഡിസംബര്‍ ഒമ്പതിന് കോടതിയിലും പരിസരത്തും വന്ന ആയിരത്തോളം വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
ബോംബ് വച്ച ലാപ്ടോപ്പ് ബാഗാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. 2006ല്‍ ബാഗ് നിര്‍മ്മിച്ച മുംബയിലെ കമ്പനിയുമായി ബന്ധപ്പെട്ട് സ്റ്റോക്ക് ലിസ്റ്റ് എടുപ്പിച്ചു. അതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.