ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണം: കേരളത്തിന്റെ നിലപാട് തേടി സുപ്രീം കോടതി

ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണം: കേരളത്തിന്റെ നിലപാട് തേടി സുപ്രീം കോടതി


ന്യൂഡല്‍ഹി: ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണത്തില്‍ സുപ്രീം കോടതി കേരളത്തിന്റെ നിലപാട് തേടി. കേരളത്തിലെ അഞ്ച് ജില്ലകളിലെ ആശുപത്രികളുടെ ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണം കൊച്ചി അമ്പലമേട്ടിലെ സ്ഥാപനത്തിന് നല്‍കണമെന്ന നിര്‍ദേശത്തിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് ആരാഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവരോടാണ് സുപ്രീം കോടതി നിലപാട് ആരാഞ്ഞത്.

കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ജനുവരി 24നകം മറുപടി അറിയിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളിലെ ബയോ മെഡിക്കല്‍ മാലിന്യം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പാലക്കാട്ടെ പ്ലാന്റിലാണ് സംസ്‌കരിച്ചിരുന്നത്. സര്‍ക്കാര്‍ ആശുപത്രി മാലിന്യം സൗജന്യമായും സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും മാലിന്യം നിശ്ചിത ഫീസും സ്വീകരിച്ചാണ് സംസ്‌കരിച്ചിരുന്നത്.

എന്നാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം കൊച്ചി അമ്പലമേട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ സംസ്‌കരണ പ്ലാന്റിലേക്ക് നല്‍കണമെന്ന് നിര്‍ദേശിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് കേരള സ്വകാര്യ ആശുപ്രതികളുടെ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് ആരെ ചുതലപെടുത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആശുപത്രികള്‍ക്കുണ്ടെന്ന് അസോസിയേഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി എസ് പട്വാലിയയും അഭിഭാഷകന്‍ സുല്‍ഫീക്കര്‍ അലിയും വാദിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി നേരത്തെ വിസമതിച്ചിരുന്നു. ദേശിയ ഹരിത ട്രിബ്യുണലിനെ സമീപിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.