കൊച്ചി : കേരളത്തിന്റെ യശസ്സിനും സല്‌പേരിനും കളങ്കം ചാര്‍ത്തുന്ന ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളും
അക്രമസംഭവങ്ങളും തീര്‍ത്തും അപലപനീയമാണെന്നു കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസ്താവിച്ചു. ഇത്തരം സംഭവങ്ങള്‍ യാതൊരു വിധത്തിലും ആര്‍ക്കും തന്നെ ന്യായീകരിക്കാനാകില്ല. ഹിംസ യാതൊന്നിലും പരിഹാരമല്ലായെന്നു ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
കഴിഞ്ഞ രണ്ട് മാസക്കാലത്തിനിടയില്‍മാത്രം ആറ് രാഷ്ടീയ കൊലപാതകങ്ങള്‍ പ്രബുദ്ധസമൂഹം എന്നവകാശപ്പെടുന്ന കേരളത്തില്‍
നടന്നുവെന്നത് ലജ്ജാകരമാണ്. ഇത്തരം സംഭവങ്ങളില്‍ ബലിയാടാകേണ്ടി വരുന്നത് നിരപരാധികളായ വ്യക്തികളും അവരുടെ നിസ്സഹായരായ കുടുംബങ്ങളുമാണെന്ന കാര്യം വിസ്മരിക്കരുത്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടാണ് എതിര്‍ക്കപ്പെടേണ്ടത്. ഇതിനുപകരം അക്രമവും ഹിംസയും ഉപയോഗിക്കുന്നത് ജനാധിപത്യ ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമ കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാനും, സാമൂഹികസുസ്ഥിതി ക്രമസമാധാനം എന്നിവ ഉറപ്പാക്കാനും കര്‍ശനമായ നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്.
കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരം സംഭവങ്ങളില്‍ അക്രമകാരികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കപ്പെടരുത്. പോലിസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
എല്ലാ രാഷ്ട്രീയകക്ഷികളുടെ ഉന്നതനേതൃത്വവും മതനേതൃത്വവും ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, സംഭാഷണത്തിലൂടെയും പരസ്പര സൗഹാര്‍ദ്ദത്തിലൂടെയും എത്രയും വേഗം സമാധാന അന്തരീക്ഷം രൂപപ്പെടുത്താന്‍ മുന്‍കൈ എടുക്കണം എന്നും കെആര്‍എല്‍സിസി ആഹ്വാനം ചെയ്തു.
അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി മതവിദ്വേഷവും വെറുപ്പും വ്യാജവാര്‍ത്തകളിലൂടെ പ്രചരിപ്പിച്ച് ജനങ്ങളെ വിഭജിച്ച് പരസ്പരം പോരടിപ്പിച്ച് രാഷ്ട്രീയ - സാമുദായിക നേട്ടങ്ങള്‍ കൊയ്യാന്‍ ചില തത്പരകക്ഷികള്‍ ബോധപൂര്‍വ്വം ശ്രമിച്ചു വരുന്നുണ്ട്. ഇത്തരക്കാര്‍ നവസാമൂഹിക മാധ്യമങ്ങളെ വ്യാപകമായി ഉപയോഗപ്പെടുത്തി ജനങ്ങളുടെ ഇടയില്‍ പരസ്പരവും വെറുപ്പും സംശയവും വളര്‍ത്തുന്നു. ഇതുവഴി അക്രമസംഭവങ്ങള്‍ക്ക് അനുകൂലമായ സാമൂഹിക മനോഭാവം രൂപപ്പെടാന്‍ ഇടയാകുന്നുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങളെ ഇല്ലാതാക്കാനും കുറ്റക്കാരെ ശിക്ഷിക്കാനുമുള്ള നടപടികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. അക്രമരാഷ്ട്രീയം പോലെയുള്ള തെറ്റായ പ്രവണതകളെ മുളയിലെ തന്നെ ഇല്ലാതാക്കാന്‍ കേരളത്തിലെ എല്ലാവരും ഒത്തൊരുമിച്ചു മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നുവെന്നും കെആര്‍എല്‍സിസി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.