അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘ വീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ന്യൂഡല്‍ഹി: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസിന് ഡെല്‍റ്റയെ അപേക്ഷിച്ച് രോഗ വ്യാപന തോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘ വീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ ഭീഷണിക്ക് ഒപ്പം തന്നെ ഡെല്‍റ്റ വകഭേദം ഇപ്പോഴുമുള്ള സംസ്ഥാനങ്ങളുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.
അപകട സാധ്യത കണക്കിലെടുത്തു വേണം പ്രവര്‍ത്തനം താഴേത്തട്ടില്‍ ഏകോപിപ്പിക്കാനെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. രോഗ വ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.
കോവിഡ് 19 ബാധിച്ച ജനസംഖ്യ, ഭൂമിശാസ്ത്രപരമായ വ്യാപനം, ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍, ഓക്സിജന്‍ ലഭ്യത, ആരോഗ്യ പ്രവര്‍ത്തരുടെ എണ്ണം, കണ്ടെയ്ന്‍മെന്റ് സോണുകള്‍ കണ്ടെത്തല്‍, കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയുടെ നിര്‍വ്വഹണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ഡാറ്റ ജില്ലാതലത്തില്‍ നിരന്തരം അവലോകനം ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത് വിടുകയും ചെയ്തു.
രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പ്രാരംഭ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവയില്‍ കൂടുതലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.