വി.സി. നിയമനക്കേസ്: ഗവര്‍ണര്‍ക്ക് പ്രത്യേക അഭിഭാഷകന്‍; കോടതിയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഗവര്‍ണറും സര്‍ക്കാരും

 വി.സി. നിയമനക്കേസ്: ഗവര്‍ണര്‍ക്ക് പ്രത്യേക അഭിഭാഷകന്‍; കോടതിയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഗവര്‍ണറും സര്‍ക്കാരും

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലാ വി.സി നിയമനക്കേസില്‍ അഡ്വക്കേറ്റ് ജനറലിനു പകരം ഗവര്‍ണര്‍ പ്രത്യേക അഭിഭാഷകനെ നിയമിച്ചാണ് കേസ് നടത്തുന്നത്. ഈ നീക്കം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാമെന്ന് നിയമോപദേശം നല്‍കിയ എ.ജിക്ക് തന്റെ നിലപാടിനെതിരായി കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ്, ചാന്‍സലറായ ഗവര്‍ണര്‍ പ്രത്യേകം അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനിച്ചത്.

നിയമന ഉത്തരവില്‍ ഒപ്പിടുകയും പിന്നീട് അതിനു കാരണം സര്‍ക്കാരിന്റെ സമ്മര്‍ദമാണെന്ന് പരസ്യമായി പറയുകയും ചെയ്തതിലൂടെ തന്റെ തന്നെ പ്രവൃത്തിയെ തള്ളിപ്പറയുകയായിരുന്നു ഗവര്‍ണര്‍. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ വരുമ്പോള്‍ ഗവര്‍ണറുടെ നിലപാടാകും നിര്‍ണായകമാകുക. വി.സി പുനര്‍നിയമനം സര്‍ക്കാരിന്റെ ഉപദേശപ്രകാരവും എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും തനിക്ക് നടത്തേണ്ടിവന്നുവെന്ന വാദമാകും ചാന്‍സലര്‍ക്കായി പറയുക.

മാത്രല്ല നിയമനം നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ചു നിന്നാല്‍ സമ്മര്‍ദത്തിനു വഴങ്ങി ഒപ്പിടേണ്ടയാളാണോ ചാന്‍സലര്‍ എന്ന ചോദ്യമുയരും. സത്യപ്രതിജ്ഞാ ലംഘനമായും അത് മാറാം. ചാന്‍സലര്‍ക്ക് ഭരണഘടനാ പദവിയല്ലാത്തതിനാല്‍ ആ സ്ഥാനത്തിരുന്നുള്ള തീരുമാനങ്ങള്‍ കോടതിക്ക് വിചാരണ ചെയ്യാന്‍ തടസമില്ല. മറിച്ച് സര്‍ക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തിയെന്നു മാത്രമാണ് ഗവര്‍ണര്‍ പറയുന്നതെങ്കില്‍ പിന്നീട് അതിനെ തള്ളിപ്പറഞ്ഞത് എന്തിനെന്ന ചോദ്യമുയരും. സര്‍ക്കാരാകട്ടെ വി.സി. പുനര്‍നിയമന കാര്യത്തില്‍ പ്രൊ-ചാന്‍സലറായ മന്ത്രിക്ക് അഭിപ്രായം പറയാമെന്നും അതില്‍ തെറ്റില്ലെന്നുമുള്ള നിലപാടായിരിക്കും കോടതിയില്‍ സ്വീകരിക്കുക.

രാഷ്ട്രീയ സമ്മര്‍ദങ്ങളുണ്ടാകുന്നതിനാല്‍ ചാന്‍സലര്‍ പദവിയില്‍ താന്‍ ഇനി തുടരുന്നില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം കോടതിയുടെ പരിഗണനയില്‍ നിലവില്‍ വരുന്നില്ല. ഗവര്‍ണറെ അനുനയിപ്പിച്ച് ചാന്‍സലര്‍ സ്ഥാനത്ത് തുടരുന്ന സാഹചര്യം ഉറപ്പാക്കുകയേ സര്‍ക്കാരിനു വഴിയുള്ളൂ. ചാന്‍സലര്‍ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്തുക എളുപ്പമല്ല. സമവായത്തിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.