രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശുപാര്‍ശ; സംസ്ഥാനങ്ങളുടെ അവകാശം കവരുന്നതെന്ന് പ്രതിപക്ഷം

രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശുപാര്‍ശ; സംസ്ഥാനങ്ങളുടെ അവകാശം കവരുന്നതെന്ന് പ്രതിപക്ഷം

ന്യുഡല്‍ഹി: രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംങ് കമ്മിറ്റിയുടെ ശുപാര്‍ശ. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ പട്ടിക തയ്യാറാക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. എന്നാല്‍ സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിര്‍ദ്ദേശമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. നിലവില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള വോട്ടര്‍ പട്ടികയുടെ ചുമതല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടര്‍ പട്ടിക തയ്യാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുക എന്നതാണ് പുതിയ ശുപാര്‍ശ മുമ്പോട്ട് വെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗമായിരിക്കും ആദ്യം വിളിച്ചു ചേര്‍ക്കുക. ഇതോടെ ഒറ്റരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണോ എന്ന സംശയവും ബലപ്പെടുകയാണ്.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയത്. വോട്ടെടുപ്പ് വേണമെന്ന ആവശ്യം തള്ളിയാണ് ബില്ല് പാസാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോള്‍ രണ്ടു മിനിറ്റു കൊണ്ടാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കിയത്. സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിന്റെ ലംഘനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിംങ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണെന്ന് വിശദീകരിച്ച മന്ത്രി കിരണ്‍ റിജിജു കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളുകയായിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ ആധാര്‍ ഹാജരാക്കിയില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം എന്നും ബില്ല് പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.