ലണ്ടന്‍/ കൊച്ചി: 'ഏകാധിപതിയും വര്‍ഗീയവാദിയു'മായ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ എന്തിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പതിക്കുന്നു?: കൊറാണ വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ചെന്നപ്പോള്‍ ബള്‍ഗേറിയക്കാരനായ നഴ്സ് കാര്യകാരണങ്ങളോടെ തന്നോടുന്നയിച്ച ചോദ്യം ഫേസ്ബുക്കില്‍ പങ്കുവച്ച് യു. കെ മലയാളിയായ അശ്വതി അശോക്. 'ഇത്രയും സജീവമായി രാഷ്ട്രീയം സംസാരിക്കുന്ന, അതും അന്താരാഷ്ട്ര വിഷയങ്ങളില്‍ താല്പര്യം കാണിക്കുന്ന ആരെയും ഞാനിതുവരെ ഇവിടെ നേരില്‍ കണ്ടിട്ടില്ല' - അശ്വതിയുടെ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ്:
രണ്ടു ദിവസം മുമ്പാണ് കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഇവിടുത്തെ വാക്സിനേഷന്‍ സെന്ററില്‍ പോയത്. ബൂസ്റ്റര്‍ ഡോസ് എടുക്കണമെങ്കില്‍ സെക്കന്റ് ഡോസ് വാക്സിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഇന്ത്യന്‍ ഗവണ്‍മെന്റ് തന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തു കൊടുത്തു. ആ സര്‍ട്ടിഫിക്കറ്റ് കൈയില്‍ വാങ്ങിയതും ചെറുപ്പക്കാരനായ നഴ്സ് പെട്ടെന്ന് രോഷാകുലനായി.'നിങ്ങളെന്തിനാണ് ഇയാളുടെ പടം സര്‍ട്ടിഫിക്കറ്റില്‍ കൊണ്ടുനടക്കുന്നത്?''
ഞാന്‍ വെച്ചതല്ല. ഇങ്ങനെയാണ് ഞങ്ങള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തരുന്നത്'. ഞാന്‍ ജാള്യതയോടെ പറഞ്ഞു. 'ഇയാളൊരു ഫാസിസ്റ്റല്ലേ. നിങ്ങള്‍ക്കിയാളെ ഇഷ്ടമാണെങ്കില്‍ ക്ഷമിക്കണം.' 'എനിക്കിഷ്ടമല്ല. ഇയാള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ എതിര്‍ക്കുന്നയാളാണ് ഞാന്‍.' എന്റെ മറുപടി പെട്ടെന്നായിരുന്നു. സമയം നന്നായി വൈകിയിരുന്നു. നഴ്സുമാരുടെ ജോലിസമയം കഴിഞ്ഞിരുന്നു. എനിക്കു പുറകില്‍ വാക്സിന്‍ എടുക്കാന്‍ വന്നവരുടെ ഒരു നീണ്ട നിര ഇനിയും ബാക്കിയുണ്ടായിരുന്നു.
ഇതൊന്നും കാര്യമാക്കാതെ ഞങ്ങളുടെ സംഭാഷണം കൗതുകപൂര്‍വം കേട്ടുകൊണ്ടിരുന്ന ഇംഗ്ലീഷുകാരിയായ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററോട് ആ നഴ്സ് വീണ്ടും വിശദീകരിച്ചു.'ഇത് ഇവരുടെ പ്രധാനമന്ത്രിയാണ്. പുള്ളി ഒരു ഏകാധിപതിയും, വര്‍ഗീയവാദരാഷ്ട്രീയത്തിന്റെ വക്താവുമാണ്. ഇവരുടെ രാജ്യത്തെ കര്‍ഷകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാരിനെതിരെ ഒരു വലിയ സമരം നടത്തുകയായിരുന്നു. അവരുടെ വിളകള്‍ക്ക് ആവശ്യത്തിനു വില കിട്ടാനും, അവരുടെ കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈയടക്കാതിരിക്കാനും. ഒരുപാട് പേര്‍ ആ സമരത്തില്‍ മരിച്ചു.'
എനിക്ക് ജിജ്ഞാസയായി. ഇത്രയും സജീവമായി രാഷ്ട്രീയം സംസാരിക്കുന്ന, അതും അന്താരാഷ്ട്ര വിഷയങ്ങളില്‍ താല്പര്യം കാണിക്കുന്ന ആരെയും ഞാനിതുവരെ ഇവിടെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. 'നിങ്ങളെവിടുന്നാണ്?' ഞാന്‍ ചോദിച്ചു.'ബള്‍ഗേറിയ' എന്റെ മനസില്‍ ലഡു പൊട്ടി. ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യമാണല്ലോ. ഇനി അവിടുത്തെ കമ്യൂണിസ്റ്റുകാരനെങ്ങാനുമാണെങ്കിലോ? 'നിങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകനോ, അനുഭാവിയോ ആണോ?' ഞാന്‍ എടുത്തു ചോദിച്ചു.
'അല്ല. എന്താ അങ്ങനെ ചോദിച്ചത്?' 'ഇത്ര ആഴത്തില്‍ ഒരു ഏഷ്യന്‍ രാജ്യത്തെ രാഷ്ട്രീയമൊക്കെ പിന്തുടരുന്നത് കണ്ട് ചോദിച്ചതാ. അങ്ങനെയധികമാരേം ഇവിടെ ഞാന്‍ കണ്ടിട്ടില്ല.' 'അത് പ്രിവിലേജിന്റെ പ്രശ്നമാണ്. ഇവിടെയുള്ളവര്‍ക്ക് ഇതിനെപ്പറ്റിയൊന്നും ചിന്തിക്കണ്ട കാര്യമില്ല. അവര്‍ക്ക് അത്യാവശ്യം സുരക്ഷിതത്വങ്ങളുണ്ട്. അതുകൊണ്ട് ഇവിടുത്തെ വിഷയങ്ങള്‍ പോലും അവര്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ ഒരു കുടിയേറ്റക്കാരനാണ്. യു.കെ.യിലെ നിയമങ്ങളിലുണ്ടാക്കുന്ന ഓരോ മാറ്റവും എന്നെ ബാധിക്കും. അതുകൊണ്ടുതന്നെ ഞാന്‍ രാഷ്ട്രീയകാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കും. ഇവിടുത്തെ മാത്രമല്ല, എല്ലായിടത്തെയും.' വളരെ വ്യക്തമായിരുന്നു മറുപടി.
ശരിയാണെന്ന മട്ടില്‍ ഇംഗ്ലീഷുകാരിയായ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററും തലകുലുക്കി. 'ഇങ്ങനെയൊക്കെ ഇന്ത്യയില്‍ സംഭവിച്ചല്ലേ. ക്ഷമിക്കണം. ഞാന്‍ ഇത്തരം കാര്യങ്ങളൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല.' കുറ്റബോധത്തോടെയാണവരത് പറഞ്ഞത്. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ബള്‍ഗേറിയന്‍ നഴ്സ് വീണ്ടും പറഞ്ഞു. 'നിങ്ങളുടെ പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞതില്‍ ക്ഷമിക്കണം'.'എനിക്കു നന്ദി മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ കാണുന്നതു തന്നെ എനിക്കു സന്തോഷമാണ്. നന്ദി.'
പുറത്തിറങ്ങിയപ്പോള്‍ ജര്‍മന്‍കാരനായ ഒരു സുഹൃത്തിനെ കണ്ടുമുട്ടി. അവനോട് നഴ്സുമായി നടന്ന സംഭാഷണം വിവരിച്ചു. പ്രധാനമന്ത്രിയുടെ പടമുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നു കേട്ടപ്പോള്‍ അത് കാണണമെന്നായി. ഞാന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചുകൊടുത്തു. 'ഇത് ഞങ്ങളുടെ നാട്ടില്‍ പണ്ട് ഹിറ്റ്ലര്‍ ചെയ്തിരുന്ന പരിപാടിയല്ലേ. എല്ലായിടത്തും പുള്ളിയുടെ തല പ്രതിഷ്ഠിക്കുന്ന ഏര്‍പ്പാട്.' ഞാന്‍ ചിരിച്ചു. അല്ലാതെന്തു ചെയ്യാന്‍.
തിരിച്ചുനടക്കുന്ന വഴിക്ക് കര്‍ഷകസമരം വിജയിച്ചപ്പോള്‍ ഇംഗ്ലണ്ടുകാരായ രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞതോര്‍ത്തു. 'നിങ്ങളുടെ രാജ്യത്തെ കൃഷിക്കാരെ സമ്മതിക്കണം. ഒരു വര്‍ഷം അവര് എല്ലാം സഹിച്ച് പ്രതിഷേധിച്ചില്ലേ. എന്നിട്ട് അവര് വിജയം നേടിയെടുത്തില്ലേ. ഇവിടുത്തെ സമരങ്ങളെന്നൊക്കെ പറഞ്ഞാല്‍ പ്രഹസനമാണ്. വെറുതെ പ്ലക്കാര്‍ഡും പിടിച്ച് അഞ്ചാറു പേര്‍ കൂടി നില്‍ക്കും. എന്നിട്ടവര് പിരിഞ്ഞുപോകും. ഒന്നും നടക്കില്ല'. മാനേജ്മെന്റ് വിഷയത്തില്‍ പി.എച്ച്.ഡി. ചെയ്യുന്നവരാണ്. രാഷ്ട്രീയകാര്യങ്ങളില്‍ എന്തെങ്കിലും താല്പര്യമുണ്ടെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ലാത്തവരാണ്. ഇന്ത്യയിലെ കര്‍ഷകസമരത്തെ അവര്‍ പിന്തുടര്‍ന്നിരുന്നു എന്നുള്ളത് എനിക്കന്ന് അദ്ഭുതമായിരുന്നു.
'എന്റെ നാട്ടിലെ കൃഷിക്കാര്‍ക്ക് അതൊരു ജീവന്മരണ പോരാട്ടമായിരുന്നു. അവരതില്‍ വിജയിക്കുകയും ചെയ്തു. അതൊരു ചരിത്രസമരമായിരുന്നു;' അത്രയും നാള്‍ ഇന്ത്യയിലെ മലിനീകരണത്തെയും, കാലാവസ്ഥയെയും, ട്രാഫിക്ക് നിയമ ലംഘനങ്ങളെയുമൊക്കെ പുച്ഛിച്ചുകൊണ്ടിരുന്ന അവരുടെ മുമ്പില്‍ ഇന്ത്യക്കാരിയെന്ന അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് ഞാനതു പറഞ്ഞത്.അപ്പോള്‍ പറഞ്ഞുവന്നത് ഇത്രയേയുള്ളൂ. ഇങ്ങനെയൊക്കെയാണ് എന്റെ നാട്ടിലെ കര്‍ഷകര്‍ ഇന്ത്യയെ അഭിമാനത്തോടെ ലോകത്തിനു മുമ്പില്‍...',
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട കേരള ഹൈക്കോടതിയുടെ വിധി വന്നത് ബള്‍ഗേറിയക്കാരന്‍ നഴ്സുമായുള്ള അശ്വതി അശോകിന്റെ സംഭാഷണം നടന്ന ശേഷമായിരുന്നു.ഇതേപ്പറ്റിയുള്ള ബള്‍ഗേറിയന്‍ പ്രതികരണമാണ് ഇനി അറിയാനുള്ളത്.
കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പിലിനാണ് കോടതി പിഴ ചുമത്തിയത്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ വാക്സിന്‍ എടുക്കുമ്പോള്‍ മോഡിയുടെ ചിത്രം പതിക്കുന്നത് മാലികവകാശ ലംഘനം എന്നായിരുന്നു വാദം. ആറാഴ്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ അടയ്ക്കണം.
ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് തീര്‍ത്തും ബാലിശമായ ഹര്‍ജിയാണെന്നും പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/aswathirasok/posts/4680554725361351
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.