ഒമിക്രോണ്‍ ജാഗ്രതയില്‍ ലോകം: യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; ഉന്നതതല യോഗം വിളിച്ച് നരേന്ദ്ര മോഡി

ഒമിക്രോണ്‍ ജാഗ്രതയില്‍ ലോകം: യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; ഉന്നതതല യോഗം വിളിച്ച് നരേന്ദ്ര മോഡി

ലണ്ടന്‍: ഒമിക്രോണിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ജര്‍മനി, പോര്‍ച്ചുഗല്‍, യു.കെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുതുടങ്ങി. ഒമിക്രോണ്‍ വ്യാപനത്തെ ചെറുക്കാന്‍ ഇസ്രായേല്‍ നാലാം ഡോസ് കോവിഡ് വാക്സിന്‍ നല്‍കുമെന്ന പ്രഖ്യാപിച്ചു. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച ഉന്നതതല യോഗം വ്യാഴാഴ്ച നടക്കും.

ഡെല്‍റ്റയേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നതെന്നും കോവിഡ് വന്നുപോയവരിലേക്കും വാക്സിന്‍ സ്വീകരിച്ചവരിലേക്കും ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് ലോകരാജ്യങ്ങള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. നിലവില്‍ 213 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ ഇതിനോടകം വ്യാപകമായിട്ടുണ്ട്. കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണ് ഇപ്പോള്‍ സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന കേസുകള്‍ ഉടന്‍ ഒരു ലക്ഷം കടന്നേക്കുമെന്ന് ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഫ്രാന്‍സില്‍ 70,000 പേര്‍ക്കാണ് പ്രതിദിന രോഗവ്യാപന തോത്.

ബുധനാഴ്ച മുതല്‍ ഫ്രാന്‍സില്‍ അഞ്ചിനും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങി. 12നും 15നും ഇടയിലുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ നിലവില്‍ തീരുമാനം എടുത്തിട്ടില്ല.

ഡിസംബര്‍ 28 മുതല്‍ ജര്‍മനിയില്‍ 10 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. നിശാ ക്ലബ്ബുകള്‍ അടച്ചുപൂട്ടാനും തീരുമാനിച്ചു. ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. ഡിസംബര്‍ 26 മുതല്‍ പോര്‍ച്ചുഗലില്‍ ബാറുകളും നിശാ ക്ലബ്ബുകളും അടയ്ക്കും. ജനുവരി ഒമ്പത് വരെ വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് പത്തില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.

ഡിസംബര്‍ 24 ന് ഫിന്‍ലന്‍ഡില്‍ ബാറുകളും റെസ്റ്റോറന്റുകളും പൂര്‍ണ്ണമായും അടയ്ക്കും. ഡിസംബര്‍ 28 മുതല്‍ ഇവിടങ്ങളില്‍ പരിമിതമായ രീതിയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. വെയില്‍സിലും സ്‌കോട്ലന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും ഭരണകൂടങ്ങള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലൊട്ടാകെ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളില്‍ വ്യാപക പ്രതിസന്ധിക്കിടയാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.