ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, കെ മുരളീധരന്‍ അടക്കമുള്ള പത്ത് എംപിമാരാണ് മന്ത്രിയെ കണ്ടത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ നിന്നും ശശി തരൂര്‍ എംപി വിട്ടുനിന്നു.
ഒരു നടപടിയും പൂര്‍ത്തിയാക്കാതെ പദ്ധതി ആരംഭിക്കുകയാണെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വീടുകളില്‍ കല്ലിടുകയാണെന്നും സംഘം മന്ത്രിയെ അറിയിച്ചു. പ്രാരംഭ ഘട്ടത്തിലെ പഠനങ്ങള്‍ക്കായുള്ള അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും പദ്ധതി ആരംഭിക്കുന്നതിന് സര്‍ക്കാരിന് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞതായി എംപിമാര്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്ര മന്ത്രിയെ കണ്ടതിനു പിന്നാലെയാണ് യുഡിഎഫ് സംഘം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കെ റെയില്‍ പദ്ധതിയെ യുഡിഎഫ് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫിന് ഒറ്റ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ശശി തരൂരിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയില്‍ ആശങ്ക അറിയിച്ച ജനങ്ങളേയും ജനപ്രതിനിധികളേയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു.
അതേസമയം കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സ്ഥലമെടുപ്പ് നടപടികള്‍ ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന് സതീശന്‍ ആരോപിച്ചു. അനാവശ്യ ധൃതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇതിനു പന്നില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.