ചരിത്രത്തിന്റെ മഹത്തായ വളച്ചൊടിക്കല്‍; ഇടുക്കി മെത്രാന്‍ പി.ടി തോമസിന്റെ ശവ ഘോഷയാത്ര നടത്തിയോ?

ചരിത്രത്തിന്റെ മഹത്തായ വളച്ചൊടിക്കല്‍; ഇടുക്കി മെത്രാന്‍ പി.ടി തോമസിന്റെ ശവ ഘോഷയാത്ര നടത്തിയോ?

അന്തരിച്ച പി.ടി തോമസിന്റെ അനുയായികള്‍ ഏതാനും വര്‍ഷങ്ങളായി ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ ആയിരുന്ന മാര്‍ മാത്യൂ ആ ആനിക്കുഴിക്കാട്ടിലിനും രൂപതാ വൈദികര്‍ക്കും എതിരേയും ഉന്നയിച്ച ഒരു ആരോപണമാണ് ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശവഘോഷ യാത്ര നടത്തി എന്നത്. അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാട് ആഘോഷമാക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഈ നുണകള്‍ ഇന്നലെ മുതല്‍ തുടര്‍ച്ചായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

സിനിമാ ലോകത്തെ ഗോസിപ്പുകളെയും വെല്ലുന്ന തരത്തില്‍ ധാരാളം നുണക്കഥകള്‍ മുഖ്യധാരാ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും പടച്ച് വിട്ടുകൊണ്ടിരിക്കുന്നു. സത്യത്തില്‍ മാര്‍ ആനിക്കുഴിക്കാട്ടില്‍ പി.ടി തോമസിന്റെ ശവഘോഷ യാത്ര നടത്തിയോ? എന്താണ് സത്യം.

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മലയോര മേഖലയിലെ കര്‍ഷകരുടെ നിലനില്‍പ്പിനെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് 2013 ല്‍ കേരളത്തിലെ ഇടുക്കി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയത്.

കര്‍ഷക പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്‍ കമ്മിറ്റി രൂപീകരിച്ച് വീണ്ടും പഠനം നടത്തി. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏതാനും മാറ്റങ്ങളും ഇളവുകളും വന്നെങ്കിലും കര്‍ഷക വിരുദ്ധമായ പല നിര്‍ദേശങ്ങളും അതിലും ഉണ്ടായിരുന്നതിനാല്‍ കര്‍ഷക പ്രതിഷേധം വ്യാപകമാവുകയാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരെ വിവിധ പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് ഉടനീളം ഉണ്ടായി.

കര്‍ഷക സമരങ്ങളുടെ ശ്രദ്ധാകേന്ദ്രം ഇടുക്കി ആയിരുന്നു. പട്ടയ പ്രശ്‌നത്തില്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വിവിധ കോടതികളില്‍ നിയമ പോരാട്ടം നടത്താനുമായി ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ രൂപീകരിച്ച ജനകീയ കൂട്ടായ്മയായ ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് മാധവ് ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരേയുള്ള സമരത്തിലും മുമ്പന്തിയില്‍ നിന്നത്.

അതിജീവനത്തിനായുള്ള ഇടുക്കിയിലെ കര്‍ഷകര്‍ നടത്തിയ സമരപരമ്പരയിലെ ശ്രദ്ധേയമായ ഒരു ഏടാണ് 2013 നവംബര്‍ 18,19 തീയതികളില്‍ നടന്ന തെരുവ് വാസ സമരം. ജില്ലയില്‍ മുഴുവന്‍ രണ്ടു ദിവസം ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനം റോഡുകളിലേയ്ക്ക് ഇറങ്ങി. വിവിധ കവലകളില്‍ ഒരുമിച്ച് കൂടി റോഡില്‍ തന്നെ ഭക്ഷണം പാകം ചെയ്ത് കഴിച്ചു കൊണ്ട് നടത്തിയ ഈ സമരത്തില്‍ വന്‍ ജനകീയ പങ്കാളിത്തം ആണ് ഉണ്ടായത്. ഈ സമരത്തിന്റെ രണ്ടാം ദിവസം സമരത്തിന്റെ കേന്ദ്ര ബിന്ദു ആയ ചെറുതോണിയില്‍ തെരുവ് വാസ സമരത്തിന്റെ സമാപനം കുറിച്ച് വന്‍ കര്‍ഷക റാലി നടന്നു.


അതിന്റെ സമാപനത്തില്‍ സ്വാഭാവികമായി ആരുടേയും മുന്‍ നിശ്ചയമോ നിര്‍ദ്ദേശമോ ഇല്ലാതെ കുറേ ചെറുപ്പക്കാര്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്നിവയുടെ കോപ്പികള്‍ അടക്കം ചെയ്ത ഒരു ശവപ്പെട്ടി ഉണ്ടാക്കി അതുമായി ചെറുതോണി ടൗണിലൂടെ പ്രകടനം നടത്തി. സമരത്തില്‍ പങ്കെടുക്കാനും നേതൃത്വം നല്‍കാനുമായി നേരത്തെ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന ധാരാളം ജനങ്ങളും ഏതാനും പുരോഹിതരും ഈ പ്രകടനത്തില്‍ പങ്കെടുത്തു. പക്ഷേ ഈ ശവപ്പെട്ടിയില്‍ പി. ടി. തോമസിന്റെ പടമോ പേരോ ഒന്നും ഉണ്ടായിരുന്നില്ല.

എസ്.എന്‍.ഡി.പി  പോലെയുള്ള പല ജാതി മത സംഘടനകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ട പ്രവര്‍ത്തകരും സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പ്രകടനത്തിന്റെ അവസാനം ചെറുതോണി ടൗണിന്റെ മധ്യത്തില്‍ ഈ പെട്ടി കൊണ്ടുവന്ന് വച്ച് പ്രതീകാത്മകമായി അത് കത്തിക്കുകയുണ്ടായി. ഇതോടപ്പം സമര വേദിയുടെ മുന്നില്‍ കസ്തൂരിരംഗന്റേയും അന്നത്തെ ഇടുക്കി എം.പി ആയിരുന്ന പി.ടി തോമസിന്റെയും കോലവും പ്രകടനക്കാര്‍ കത്തിച്ചു.

തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന, തന്റെ ബോധ്യങ്ങള്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന ശക്തനായ ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഇടുക്കിയിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ കാണാന്‍ അദ്ദേഹത്തിന് കഴിയാതെ പോയതാണ് പ്രശനങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണം.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് അനുഭാവപൂര്‍വം പ്രതികരിച്ചപ്പോള്‍ ഇടുക്കിയുടെ സ്വന്തം പി.ടി എതിര്‍ത്ത് നിന്നത് അവിടുത്തെ ജനങ്ങളെ വേദനിപ്പിച്ചിരുന്നു. ഏതായാലും കേരളത്തില്‍ നടക്കുന്ന എല്ലാ സഭാവങ്ങളോടും കത്തോലിക്കാ സഭയെ കൂട്ടി കെട്ടാനുള്ള മാധ്യമ അജണ്ടയില്‍ കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങള്‍ വീഴില്ല എന്ന് ഉറപ്പ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.