ഹൂസ്റ്റന്‍:യു.എസില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതു തടയാന്‍ വന്‍ സന്നാഹങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. 500 ദശലക്ഷം റാപ്പിഡ് ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. പുതിയ ഫെഡറല്‍ ടെസ്റ്റിംഗ് സൈറ്റുകള്‍ സ്ഥാപിക്കുമെന്നും ആശുപത്രികളെ സഹായിക്കാന്‍ 1000 സൈനിക മെഡിക്കല്‍ പ്രൊഫഷണലുകളെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. നൂറുകണക്കിന് ഫെഡറല്‍ വാക്സിനേറ്റര്‍മാരുടെ സേവനവും ലഭ്യമാക്കും.
വൈറസ് കേസുകളുടെ അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടത്തെ നേരിടാനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. കൊറോണ വൈറസ് കേസുകള്‍ രാജ്യത്തുടനീളം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍. യുഎസിലും ഒമിക്രോണ്‍ വ്യാപിക്കുമെന്ന ആശങ്കയാണുള്ളതെന്ന് ബൈഡന്‍ പറഞ്ഞു. പുതിയ ഫെഡറല്‍ ടെസ്റ്റിംഗ് സൈറ്റുകള്‍ക്കായുള്ള പദ്ധതി ന്യൂയോര്‍ക്ക് സിറ്റിയില്‍ സജീവമായിട്ടുണ്ട്. ടെസ്റ്റ് കിറ്റുകളുടെ ഉത്പാദനം വേഗത്തിലാക്കുന്നതിന് ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്റ്റ് നടപ്പിലാക്കാന്‍ ബൈഡന്‍ ഉദ്ദേശിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.വീടുകളിലെത്തി സൗജന്യമായി പരിശോധന നടത്താന്‍ ജനങ്ങളെ സഹായിക്കുന്ന വെബ്‌സൈറ്റ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും അവര്‍ വെളിപ്പെടുത്തി.
ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ മൂന്നാഴ്ച മുമ്പ് ബൈഡന്‍ പ്രഖ്യാപിച്ച ശൈത്യകാല മഹാമാരി പ്രതിരോധ പദ്ധതിയേക്കാള്‍ അടിയന്തിര സ്വഭാവമുള്ളതാണ് പുതിയ പദ്ധതി. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള 150 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ജനുവരി പകുതി മുതല്‍ വീട്ടില്‍ തന്നെയുള്ള കോവിഡ് -19 ടെസ്റ്റുകള്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
ബൂസ്റ്റര്‍ ഷോട്ടുകളിലേക്കുള്ള പ്രവേശനം തന്റെ ഭരണകൂടം മെച്ചപ്പെടുത്തുമെന്നും പുതിയ ടെസ്റ്റിംഗ് നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ആ പദ്ധതി പൊതുജനാരോഗ്യ വിദഗ്ധരില്‍ നിന്ന് വിമര്‍ശനത്തിന് വിധേയമായി. പ്രസിഡന്റ് തന്റെ കേന്ദ്ര തന്ത്രമായി വാക്സിനേഷനില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അവര്‍ ആരോപിച്ചു. വകഭേദത്തിന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ഓരോ അമേരിക്കക്കാരന്റെയും വീടുകളിലേക്ക് ദ്രുത പരിശോധനാ സൗകര്യം സൗജന്യമായി എത്തിക്കുന്നതുള്‍പ്പെടെ കാര്യക്ഷമമായ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായി.
ഒമിക്രോണ്‍ മറ്റു വകഭേദങ്ങളേക്കാള്‍ മുന്നിലാണെന്നും, ഇപ്പോള്‍ യുഎസിലെ കൊറോണ വൈറസിന്റെ പ്രബലമായ പതിപ്പാണ് ഇതെന്നും, കഴിഞ്ഞയാഴ്ച പുതിയ അണുബാധകളില്‍ 73 ശതമാനവും ഒമിക്രോണ്‍ ആയിരുന്നുവെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച അവസാനം ബൈഡന്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായി. ഫലം നെഗറ്റീവായിരുന്നെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.
വാക്സിനുകള്‍ ഇപ്പോഴും മോശമായ ഫലങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, ഒമിക്രോണ്‍ ഭീതി ഏറുകയാണ്്. പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തവരും ബൂസ്റ്റ് ഡോസ് കിട്ടിയവരും വരെയുണ്ട് രോഗബാധിതരില്‍ .ഇതിനിടെയാണ് ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കുകയും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍, 'ക്രിസ്മസും അവധിദിനങ്ങളും കുടുംബത്തോടൊപ്പം ആഘോഷിക്കുന്നത് അവര്‍ക്ക് സുഖകരമാകു'മെന്ന് ബൈഡന്‍ പറയുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യത്തെ ആശുപത്രികളുടെ ക്ഷമതയെക്കുറിച്ച് ബൈഡന്റെ ഉപദേശകര്‍ക്കും പൊതുജനാരോഗ്യ വിദഗ്ധര്‍ക്കും ഇടയില്‍ ആഴത്തിലുള്ള ആശങ്കയുണ്ട്. ഒമിക്രോണ്‍ വകഭേദം ഗുരുതരമായ രോഗത്തിന് കാരണമാകുകയും താരതമ്യേന കുറഞ്ഞ ശതമാനം രോഗബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പോലും, ആശുപത്രികള്‍ നിറയാനാണ് സാധ്യതയെന്നു വിദഗ്ധര്‍ പറയുന്നു. അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ആന്‍ഡ് ടെറിട്ടോറിയല്‍ ഹെല്‍ത്ത് ഒഫീഷ്യല്‍സിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാര്‍ക്കസ് പ്ലെസിയ ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സൈനിക ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, മറ്റ് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 1000 അധിക സേവകരെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആശുപത്രികളിലേക്ക് വിന്യസിക്കാന്‍ തയാറാക്കാന്‍ തന്റെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ മൂന്നാമനോട് ബൈഡന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് രാജ്യത്തുടനീളമുള്ള ആശുപത്രികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്കു (ഫെമ) നിര്‍ദ്ദേശമുണ്ട്. ആഴ്ചയില്‍ നൂറുകണക്കിന് അധിക വാക്സിനേഷനുകള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ വാക്സിനേഷന്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
സംസ്ഥാനങ്ങളിലേക്ക് വെന്റിലേറ്ററുകള്‍ കൂടുതലായി അയയ്ക്കുന്നുമുണ്ട്. കൂടാതെ നൂറുകണക്കിന് ആംബുലന്‍സുകളും എമര്‍ജന്‍സി മെഡിക്കല്‍ ടീമുകളും ഫെമയുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കുന്നുണ്ട്. ഒരു ആശുപത്രി നിറഞ്ഞാല്‍ മറ്ിടത്തേക്ക് കൊണ്ടുപോകാനും ഇതു വഴി കഴിയും.കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ ഒമിക്രോണ്‍ മിന്നല്‍ വേഗതയില്‍ പടര്‍ന്നപ്പോള്‍, സംവിധാനങ്ങള്‍ അപര്യാപ്തമായിരുന്നെന്ന പരാതി പ്രസിഡന്റിനു ലഭിച്ചിരുന്നു. ഇതിനിടെ, മാസ്‌ക് നിബന്ധന പുനഃസ്ഥാപിക്കുന്നതിന് ഗവര്‍ണര്‍മാരെയും മേയര്‍മാരെയും ഉദ്‌ബോധിപ്പിക്കാന്‍ ബൈഡന്‍ ഊര്‍ജ്ജിത ശ്രമം നടത്തണമെന്ന അഭിപ്രായവും ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.