ഒമിക്രോണ്‍: വീട്ടിലിരുന്ന് ചികിത്സ തേടാം; ഇ സഞ്ജീവനി കൂടുതൽ ശക്തിപ്പെടുത്തി

ഒമിക്രോണ്‍: വീട്ടിലിരുന്ന് ചികിത്സ തേടാം; ഇ സഞ്ജീവനി കൂടുതൽ ശക്തിപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇ സഞ്ജീവനി കൂടുതൽ ശക്തിപ്പെടുത്തിയാതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതാണ് ഇ സഞ്ജീവനി . 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്.

പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആകെ 5800 ഓളം ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി വഴി സേവനം നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങളും ലഭ്യമാണ്. കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കും ക്വാറന്റൈനിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കും ഈ സേവനം തേടാവുന്നതാണ്.

ഒമിക്രോണ്‍ ഒരാള്‍ക്ക് വന്നാല്‍ മറ്റുള്ളവരിലേക്കും അവരുടെ കുടുംബത്തിലേക്കും അത് വളരെ വേഗത്തില്‍ വ്യാപിക്കും. അതിനാല്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണം. ആശുപത്രികളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പോകുന്നവര്‍ എന്‍ 95 മാസ്‌കുകള്‍ ധരിക്കേണ്ടതാണ്. ഒരിക്കലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

പുതുതായി രോഗം വരുന്നവര്‍ക്കും തുടര്‍ ചികിത്സയ്ക്കുമെല്ലാം ഇ സഞ്ജീവനി വഴി ചികിത്സ തേടാവുന്നതാണ്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ.എച്ച്‌.ഐ, ജെ.പി.എച്ച്‌.എന്‍. എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇ സഞ്ജീവനിയിലൂടെ സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാവുന്നതാണ്. ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും. ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.