സിഡ്നി: വിമാന ജീവനക്കാര്‍ ക്വാറന്റീനിലായതിനെ തുടര്‍ന്ന് ക്രിസ്മസ് തലേന്ന് ഓസ്‌ട്രേലിയയില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. മെല്‍ബണ്‍, സിഡ്‌നി വിമാനത്താവളങ്ങളില്‍ നിന്ന് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 117 ആഭ്യന്തര സര്‍വീസുകളാണ് റദ്ദ് ചെയ്തത്.
സിഡ്നി എയര്‍പോര്‍ട്ടില്‍ മാത്രം 80 വിമാനങ്ങളാണ് ക്രിസ്മസ് തലേന്ന് റദ്ദാക്കിയത്. തങ്ങളുടെ നിരവധി ജീവനക്കാര്‍ കോവിഡ് പരിശോധനയ്ക്കു വിധേയരായെന്നും അവരെല്ലാം ക്വാറന്റീനിലാണെന്നും ജെറ്റ്സ്റ്റാറും ക്വാണ്ടാസും സ്ഥിരീകരിച്ചു. അതിന്റെ ഫലമായി നിരവധി വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ജെറ്റ്‌സ്റ്റാര്‍ എയര്‍വേയ്‌സ് ക്ഷമാപണം നടത്തി. റദ്ദാക്കിയ സര്‍വീസുകള്‍ക്കു പകരം വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു.
ഓസ്‌ട്രേലിയയിലുടനീളം രോഗം അതിവേഗം പടരുന്നുവെന്നാണ് കോവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്മസ് തലേന്ന് അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധി ആയിരക്കണക്കിനു യാത്രക്കാരെയാണ് ബാധിച്ചത്. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുകയാണെന്നും വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു.
ജെറ്റ്സ്റ്റാര്‍ വിമാന സര്‍വീസുകള്‍ അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കി. ക്വാണ്ടാസും വിര്‍ജിന്‍ ഓസ്ട്രേലിയയും വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഈ ആഴ്ച ആദ്യം യാത്രക്കാരെ അറിയിച്ചിരുന്നു. അപ്രതീക്ഷിതമായി ഒരു ഫ്‌ളൈറ്റ് മാത്രമാണ് ഇന്നലെ റദ്ദാക്കിയതെന്നു വിര്‍ജിന്‍ ഓസ്ട്രേലിയ വക്താവ് പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളിയാഴ്ച 5,612 കോവിഡ് കേസുകളും ക്വീന്‍സ്ലന്‍ഡില്‍ 589 കേസുകളുമാണ്് റിപ്പോര്‍ട്ട് ചെയ്തത്. ഏറെ നാളായി രോഗബാധയില്ലാതിരുന്ന പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.