വീണ്ടെടുപ്പിന്റെ മിശിഖാ എന്നറിയപ്പെടുന്ന വിശുദ്ധ എസ്തപ്പാനോസ്

വീണ്ടെടുപ്പിന്റെ മിശിഖാ എന്നറിയപ്പെടുന്ന വിശുദ്ധ എസ്തപ്പാനോസ്

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 26

ക്രൈസ്തവ സഭയിലെ ആദ്യ രക്തസാക്ഷിയാണ് വിശുദ്ധ സ്റ്റീഫന്‍ അഥവാ എസ്തപ്പാനോസ്. വിശ്വാസികള്‍ക്കിടയില്‍ ഏറെ ആദരണീയനായ ഇദ്ദേഹത്തെ ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് യേശുവിന്റെ ശിഷ്യന്മാര്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചതോടെ ആയിരക്കണക്കിനാളുകള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നുകൊണ്ടിരുന്നു. ക്രിസ്ത്യാനികളുടെ സംഖ്യ പെരുകിയപ്പോള്‍ പ്രതിദിന സഹായത്തിനും വിധവകളുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിനുമായി ശിഷ്യന്മാര്‍ ഏഴു ശുശ്രൂഷകരെ തിരഞ്ഞെടുത്തു. അവരിലൊരാളായിരുന്നു എസ്തപ്പാനോസ്.

ദൈവകൃപയും ശക്തിയും നിറഞ്ഞ എസ്തപ്പാനോസ് ജനങ്ങളുടെ ഇടയില്‍ നിരവധി അദ്ഭുതങ്ങളും വലിയ അടയാളങ്ങളും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോടു ചെറുത്തു നില്‍ക്കുവാന്‍ വിജാതീയര്‍ക്കു കഴിഞ്ഞില്ല. 'ഇയാള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി ദൂഷണം പറയുന്നു' എന്ന് അവര്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ചു.

ജനത്തെയും പ്രമാണിമാരെയും വേദപണ്ഡിതരെയും ശത്രുക്കള്‍ ഇളക്കി വിട്ടു. വൈകാതെ എസ്തപ്പാനോസ് തടവിലാക്കപ്പെട്ടു. പ്രധാനാചാര്യന്റെ ചോദ്യങ്ങളും അവയ്ക്കുള്ള എസ്തപ്പാനോസിന്റെ മറുപടികളും വായിച്ചിരിക്കേണ്ടതാണ്. നടപടി പുസ്തകം ഏഴാം അധ്യായം ഒന്നാം വാക്യം മുതല്‍ 53-ാം വാക്യം വരെ എസ്തപ്പാനോസിന്റെ പ്രസംഗമാണുള്ളത്.

എസ്തപ്പാനോസിന്റെ പ്രകോപനപരമായ വാക്കുകള്‍ അധികാരികളെയും ജനങ്ങളില്‍ ചിലരെയും ക്ഷുഭിതരാക്കി. അവര്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു. ക്രൂരമായി മര്‍ദിച്ചു. എസ്തപ്പാനോസ് സ്വര്‍ഗത്തിലേക്ക് നോക്കി. ദൈവമഹത്വം അദ്ദേഹത്തിനു ദൃശ്യമായി. അദ്ദേഹം വിളിച്ചുപറഞ്ഞു: ''നോക്കൂ, സ്വര്‍ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്ത് മനുഷ്യപുത്രന്‍ ഇരിക്കുന്നതും ഞാന്‍ കാണുന്നു.''

പിന്നീട് ജനങ്ങള്‍ അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തേക്ക് കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു. മരിക്കും മുന്‍പ് എസ്തപ്പാനോസ് ഇങ്ങനെ പ്രാര്‍ഥിച്ചു. ''കര്‍ത്താവായ ഈശോയെ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ... കര്‍ത്താവേ, ഈ പാപം അവരുടെ മേല്‍ ചുമത്തരുതേ...' ഇതു പറഞ്ഞു തീര്‍ന്നപ്പോള്‍ അദ്ദേഹം മരിച്ചു.

ക്രിസ്തുമസിനു ശേഷം വരുന്ന ദിവസം വിശുദ്ധന്റെ നാമഹേതു തിരുനാളായി അംഗീകരിച്ചതിലൂടെ തിരുസഭ ഈ ശിക്ഷ്യനും ഗുരുവും തമ്മിലുള്ള സാദൃശ്യത്തെ എടുത്ത് കാണിക്കുകയും വീണ്ടെടുപ്പിന്റെ മിശിഖായായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഡയനീഷ്യസ് പാപ്പാ

2. വെല്‍ഷു വിശുദ്ധനായ അമേത്‌ലു

3. മാര്‍ക്ക് ഗെയിറ്റ് മഠത്തിലെ ക്രിസ്തീനാ

4. റോമന്‍ സെനറ്റുകളുടെ മകനായ മാരിനൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26