കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം: സി.ഐ അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്; പൊലീസ് ജീപ്പുകള്‍ കത്തിച്ചു

കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം: സി.ഐ അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്; പൊലീസ് ജീപ്പുകള്‍ കത്തിച്ചു

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പൊലീസിനും നാട്ടുകാര്‍ക്കും നേരെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം. കുന്നത്തുനാട് സി.ഐ വി.ടി ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കേറ്റു.

ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.


കിറ്റെക്സ് കമ്പനിയിലെ ജീവനക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും ഇവര്‍ ആക്രമിച്ചു.

മദ്യപിച്ച് പരസ്പരം ഉണ്ടായ തര്‍ക്കമാണ് പ്രശ്‌നത്തിന് തുടക്കമെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പൊലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു.

150 ലേറെ അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രശ്നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ്.പി കെ കാര്‍ത്തിക് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.