യാങ്കൂണ്‍: മ്യാന്‍മറില്‍ വാഹനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മ്യാന്‍മറിലെ സംഘര്‍ഷഭരിത മേഖലയായ കയാഹ് സംസ്ഥാനത്താണ് സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെ കൊല ചെയ്യപ്പെട്ടത്. ഇവരെ സൈന്യം കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്‌തെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കയാഹിലെ മോസോ ഗ്രാമത്തിന് സമീപമായാണ് കയറു കൊണ്ടു ബന്ധിച്ച ശേഷം കത്തിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടന പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ക്രൂരമായ കൊലപാതകത്തെ തങ്ങള്‍ ശക്തമായി അപലപിക്കുന്നതായി കാരെന്‍ മനുഷ്യാവകാശ സംഘടന ഫേസ്ബുക്കില്‍ കുറിച്ചു.
ആയുധങ്ങളുമായെത്തിയ ഒരു വലിയ സംഘം തീവ്രവാദികളെ വെടിവെച്ചുകൊന്നതായി മ്യാന്‍മാര്‍ സൈന്യം പ്രതികരിച്ചു. ഇവര്‍ പ്രാദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നു സൈന്യം പറഞ്ഞതായി മ്യാന്‍മര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് വാഹനങ്ങളിലാണ് അവര്‍ വന്നതെന്നും അവരെ തടയാനായില്ലെന്നും സൈന്യം പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സൈന്യം തയാറായില്ല. സൈന്യത്തിന്റെ ആരോപണങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ തള്ളിയിട്ടുണ്ട്.
കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടങ്ങളുടെയും ട്രക്കുകളുടെയും ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും പ്രചരിപ്പിക്കുന്നുണ്ട്.
കൊല്ലപ്പെട്ടവര്‍ സാധാരാണക്കാരായ പൗരന്മാരാണെന്നും തങ്ങളുടെ പ്രസ്ഥാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കരെന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും സൈന്യവും വിമത ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്‍മറിന്റെ അധികാരം സൈന്യം പിടിച്ചെടുത്തത്. കഴിഞ്ഞ നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു അട്ടിമറി. എന്നാല്‍ ആരോപണം മ്യാന്‍മറിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിരുന്നു. പിന്നാലെയുണ്ടായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേര്‍ അറസ്റ്റിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.