ജോഹന്നാസ്ബര്‍ഗ്: നൊബേല്‍ സമ്മാനജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനും ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചവരില്‍ പ്രമുഖനുമായ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് അടുത്തിടെ നിരവധി തവണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കേപ്ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററിലായിരുന്നു അന്ത്യം. 1990കളുടെ അവസാനത്തില്‍ അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.
കേപ്ടൗണിലെ കറുത്ത വര്‍ഗക്കാരില്‍പെട്ട ആദ്യത്തെ ആര്‍ച്ച് ബിഷപ്പാണ് ഡെസ്മണ്ട് ടുട്ടു. 1980 കളില്‍ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. നെല്‍സന്‍ മണ്ടേല കഴിഞ്ഞാല്‍ കറുത്ത വര്‍ഗക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ലോകം ഏറ്റവുമധികം കേട്ട പേര് ആര്‍ച്ച് ബിഷപ്പിന്റേതായിരുന്നു. 1984-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം തേടിയെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ടാമത്തെ നോബല്‍ സമ്മാനജേതാവാണ് അദ്ദേഹം.
നെല്‍സന്‍ മണ്ടേലയ്‌ക്കൊപ്പം ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (ഫയല്‍ ചിത്രം)
1994ല്‍ വര്‍ണവിവേചനത്തിന് അന്ത്യംകുറിച്ച ശേഷവും അദ്ദേഹം മാനുഷിക പോരാട്ടമുഖങ്ങളില്‍ സജീവമായിരുന്നു. നോബല്‍ സമ്മാനം കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആല്‍ബര്‍ട്ട് ഷ്വിറ്റ്‌സര്‍ പുരസ്‌കാരം, ഗാന്ധി സമാധാന പുരസ്‌കാരം(2005), പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
1931 ഒക്ടോബര്‍ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളിലാണ് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. സഖറിയ സിലിലിയോ ടുട്ടുവിന്റെയും ഭാര്യ അലെറ്റായുടെയും മൂന്നുമക്കളില്‍ രണ്ടാമനായാണ് ജനനം. 1962-ല്‍ ഡെസ്മണ്ട് കിങ്‌സ് കോളജ് ലണ്ടനില്‍നിന്ന് ദൈവികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തബിരുദവും കരസ്ഥമാക്കി. ഇക്കാലയളവില്‍ ലണ്ടനില്‍ തന്നെയുള്ള വിവിധ പള്ളികളില്‍ പകുതി സമയം പുരോഹിതനായി സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്കു തന്നെ തിരിച്ചുവന്നു.
1960ല്‍ വൈദികനായി നിയമിതനായ അദ്ദേഹം 1976-78 കാലഘട്ടത്തില്‍ ലെസോത്തോയിലെ ബിഷപ്പായും ജോഹന്നാസ്ബര്‍ഗിലെ അസിസ്റ്റന്റ് ബിഷപ്പായും സോവെറ്റോയിലെ ഒരു ഇടവകയുടെ റെക്ടറായും സേവനമനുഷ്ഠിച്ചു. 1985-ല്‍ ജോഹന്നാസ്ബര്‍ഗ് ബിഷപ്പായും തുടര്‍ന്ന് കേപ്ടൗണിലെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ ആര്‍ച്ച് ബിഷപ്പായും നിയമിതനായി. മാതൃരാജ്യത്ത് കറുത്തവര്‍ഗക്കാരെ അടിച്ചമര്‍ത്തുന്നതിനെതിരെ സംസാരിക്കാന്‍ അദ്ദേഹം തന്റെ പദവി ഉപയോഗിച്ചു. സ്വന്തം രാജ്യത്തിന്റെ ധാര്‍മ്മികതയുടെ ആള്‍രൂപമെന്നായിരുന്നു സാമൂഹിക നിരീക്ഷകരും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
1996-ല്‍ ആര്‍ച്ച് ബിഷപ് പദവിയില്‍നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആര്‍ച്ച് ബിഷപ് എമെരിറ്റസ് സ്ഥാനം അലങ്കരിക്കുകയായിരുന്നു.
2005ല്‍ ഇന്ത്യ സന്ദര്‍ശിച്ച ആര്‍ച്ച് ബിഷപ്പ് കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന സമ്മാനം അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ആണ് അദ്ദേഹത്തിന് സമ്മാനിച്ചത്. നെല്‍സണ്‍ മണ്ടേലയ്ക്കു ശേഷം ഗാന്ധി പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ്.
ആര്‍ച്ച് ബിഷപ്പിന്റെ വേര്‍പാടില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അനുശോചിച്ചു. ദക്ഷിണാഫ്രിക്കയെ വര്‍ണ വിവേചനത്തില്‍ നിന്ന് സ്വതന്ത്രമാക്കിയ മഹാനെയാണ് നഷ്ടമായതെന്ന് പ്രസിഡന്റ് അനുസ്മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.