ക്രിസ്ത്യാനികള്‍ക്കെതിരായ ആര്‍.എസ്.എസ് അതിക്രമം: പ്രധാനമന്ത്രിക്ക് കത്തയച്ച് വി.ഡി സതീശന്‍

ക്രിസ്ത്യാനികള്‍ക്കെതിരായ ആര്‍.എസ്.എസ് അതിക്രമം: പ്രധാനമന്ത്രിക്ക് കത്തയച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വലതുപക്ഷ സംഘടനകള്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കര്‍ണാടകയും ഗുജറാത്തും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസുമായി ചേര്‍ന്നുനില്‍ക്കുന്ന വലതുപക്ഷ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് വി.ഡി സതീശന്‍ കത്തിലൂടെ പറഞ്ഞു.

കര്‍ണാടകയില്‍ കഴിഞ്ഞയാഴ്‌ച മാത്രം ക്രിസ്ത്യാനികള്‍ക്കെതിരായ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. 2021 ഡിസംബര്‍ 11ന് കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുകയും അവരുടെ മതഗ്രന്ഥങ്ങള്‍ കത്തിക്കുകയും ചെയ്തു. അതേദിവസം തന്നെ ബെലഗാവിയില്‍ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാള്‍ പിന്തുടരുന്ന സംഭവവും ഉണ്ടായി. എന്നാല്‍, ഈ സംഭവങ്ങളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്കെതിരായ സമീപകാലത്തു നടന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്‍റെ (പി.യു.സി.എല്‍) റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ കര്‍ണാടകയില്‍ മാത്രം ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ 39 അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

ക്രിസ്ത്യാനികള്‍ അവരുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുകയും ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടുന്നത് നിര്‍ത്തുകയും ചെയ്തു. വലതുപക്ഷ ഗ്രൂപ്പുകള്‍ ഭരണകൂടത്തി​ന്റെ ഒത്താശയോടെ പ്രാര്‍ത്ഥന സ്വാതന്ത്രത്തിനെതിരെ നടത്തുന്ന ഈ ആക്രമണങ്ങള്‍ നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന മതം ആചരിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്.

ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പല കേസുകളിലും യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം പാസ്റ്റര്‍മാരെയും വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. പ്രാര്‍ത്ഥനായോഗങ്ങള്‍ നിര്‍ത്തിവെക്കാന്‍ പള്ളികള്‍ക്ക് പൊലീസ് ഔപചാരിക നോട്ടീസ് നല്‍കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്.

ഗുജറാത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന മതവികാരം വ്രണപ്പെടുത്തുകയും പെണ്‍കുട്ടികളെ ക്രിസ്റ്റാനിറ്റിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു എന്ന കുറ്റമാരോപിച്ച്‌​ ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്റ്റ് 2003 പ്രകാരം കേസെടുത്തു. വഡോദര നഗരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച്‌ അന്താരാഷ്ട്ര ഫോറങ്ങള്‍ വരെ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2020ല്‍, യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അവരുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ 'പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം' ആയി തരംതാഴ്ത്തിയിട്ടുണ്ട്.

അസ്ഥിരമായ ഈ സാഹചര്യത്തില്‍, വലതുപക്ഷ ഗ്രൂപ്പുകളുടെ ക്രിസ്ത്യന്‍ സമുദായത്തിന് നേരെയുള്ള ആക്രമണം തടയാന്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.