കിഴക്കമ്പലം അക്രമം: 162 പേര്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍

കിഴക്കമ്പലം അക്രമം: 162 പേര്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെയെല്ലാം അറസ്റ്റ് രേഖപ്പെടുത്തി. 106 പേരുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 162 ആയി. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ തൊഴിലാളികള്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. പോലീസുകാരെ വധിക്കാന്‍ 50 ല്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒത്തുകൂടി.

എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു.

അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 50 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. 50 ഓളം പേര്‍ ചേര്‍ന്നാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കമുള്ളവരെ കൊല്ലാന്‍ ശ്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം തടയാന്‍ എത്തിയവരെ കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശം.

പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. പ്രതികള്‍ കല്ലും മരവടിയും ഉപയോഗിച്ച് എസ്എച്ച്ഒ വി.പി ഷാജനെ വധിക്കാന്‍ ശ്രമിച്ചു. സംഘം ചേര്‍ന്നായിരുന്നു ആക്രമണം. സംഘര്‍ഷത്തെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ ഇവര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികളെ വിയ്യൂര്‍, കാക്കനാട്, മൂവാറ്റുപുഴ ജയിലുകളിലേക്ക് അയക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

അക്രമ സംഭവം നടക്കുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുത്തിരുന്നു. ഇതും പൊലീസ് പരിശോധിക്കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. അക്രമത്തില്‍ സാരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.