മോഡിയുടെ അതിസുരക്ഷാവാഹനത്തിന്റെ വില മാധ്യമങ്ങള്‍ മൂന്നിരട്ടിയാക്കിയെന്ന് ആരോപണം

 മോഡിയുടെ അതിസുരക്ഷാവാഹനത്തിന്റെ വില മാധ്യമങ്ങള്‍ മൂന്നിരട്ടിയാക്കിയെന്ന് ആരോപണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അതിസുരക്ഷാവാഹനമായ മെഴ്സിഡസ് മേബാക് എസ് 650 കാറിന്റെ വില മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നുവെന്ന പരിഭവവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ താല്‍പ്പര്യ പ്രകാരമല്ല കാര്‍ മാറ്റിയതെന്നും കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതെന്നും തീരുമാനം എടുക്കുന്നത് എസ്.പി.ജി ഗ്രൂപ്പിന്റെ വിദഗ്ധസമതിയാണെന്നുമുള്ള വിശദീകരണങ്ങളുമുണ്ട്.

പ്രധാനമന്ത്രിയുടെ വാഹനത്തെക്കുറിച്ച് വലിയ വാര്‍ത്തകളും വീഡിയോകളുമാണ് പുറത്തുവരുന്നതെന്നും പ്രതിരോധ രംഗത്തിനും രാജ്യ താല്‍പ്പര്യത്തിനും എതിരാണ് ഇത്തരം തെറ്റായ പ്രചാരണമെന്നും പ്രതിരോധ വകുപ്പ് സൂചിപ്പിച്ചു. പലരും നല്‍കിയ വാര്‍ത്തകളിലെ വില തെറ്റാണ്. മാധ്യമങ്ങള്‍ മൂന്നിരട്ടിവരെ വിലകൂട്ടിയാണ് പ്രചരിപ്പിക്കുന്നത്. ഇത് തീര്‍ത്തും അവഗണിക്കേണ്ടതാണ്. 12 കോടിയിലേറെ രൂപ വിലവരുമെന്ന മട്ടിലുള്ള പ്രചാരണം തെറ്റാണ്. ഇത്തരം പ്രവണതകള്‍ മാധ്യമങ്ങള്‍ നിരുത്സാഹപ്പെടുത്തണം.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന മാനദണ്ഡങ്ങളില്‍ സുപ്രധാന വ്യക്തികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ആറു വര്‍ഷത്തിലൊരിക്കല്‍ സുരക്ഷാ അവലോകനം നടക്കും. ഇതിന് മുന്നോടിയായി തന്നെ വാഹനങ്ങള്‍ പരിഷ്‌ക്കരിക്കുന്ന നടപടികളടക്കം പൂര്‍ത്തിയാകും. എസ്.പി.ജി ഗ്രൂപ്പിന്റെ വിദഗ്ധ പരിശോധനകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും അത്രമേല്‍ പ്രാധാന്യവും പ്രസക്തിയുമുണ്ട്. പ്രതിരോധ വകുപ്പിന്റെ വിദഗ്ധകമ്മറ്റിയും കാബിനറ്റ് കമ്മറ്റിയും വിശദമായ പരിശോധന നടത്താറുണ്ടെന്നും പ്രതിരോധ വകുപ്പ് വിശദീകരിക്കുന്നു.

ഇതുവരെ പ്രധാനമന്ത്രിക്കായി ഉപയോഗിച്ചിരുന്ന വാഹനം ബി.എം.ഡബ്ലുവിന്റേതായിരുന്നു. അവര്‍ സ്വാഭാവികമായി പരിഷ്‌ക്കരിച്ച പതിപ്പ് ഇത്തവണ ഇറക്കിയിരുന്നില്ല. തുടര്‍ന്നാണ് അടിയന്തിരമായി മെഴ്സിഡസിന്റെ മേബാക് എസ് 650 എന്ന് ഏറ്റവും മികച്ച വാഹനം തീരുമാനിക്കപ്പെട്ടത്. സ്ഫോടനങ്ങളെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള വാഹനമാണിതെന്ന് എസ്.പി.ജി ടീം ഉറപ്പുവരുത്തിയ ശേഷമാണ് വാങ്ങിയിട്ടുള്ളത്. യാത്രചെയ്യേണ്ട വ്യക്തിയുടെ സുരക്ഷയെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ എസ്.പി.ജി സംഘത്തിന് പൂര്‍ണ്ണ അധികാരമുണ്ട്. വാഹനത്തിന്റെ കാര്യത്തില്‍ അവരുടെ തീരുമാനം അന്തിമമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ആഡംബരത്തിന്റെയും  സുരക്ഷയുടേയും അവസാന വാക്കായാണ് ബെന്‍സ് മേബാ എസ് 650 ഗാര്‍ഡ് അറിയപ്പെടുന്നത്. വിആര്‍ 10 ലെവല്‍ ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ ഉള്ള ഗാര്‍ഡ്, ടാങ്ക് പോലുള്ള യുദ്ധോപകരണങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കും. പ്രധാന മന്ത്രിയുടെ സുരക്ഷാവിഭാഗമായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നടത്തുന്ന ആള്‍ട്ടറേഷനുകള്‍ക്ക് ശേഷമാകും വാഹനം യാത്രകള്‍ക്ക് സജ്ജമാവുക. ആറ് മീറ്ററിലധികം നീളമുള്ള വാഹനമാണിത്.

മിസൈലിനെയും അതിജീവിക്കും

പുതുമയും പഴമയും ഒന്നിക്കുന്ന വാഹനമാണ് ഗാര്‍ഡ്. മുന്‍കൂട്ടി ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്ന പതിവും ബെന്‍സിനില്ല. ഓര്‍ഡര്‍ ചെയ്തതിനുശേഷം കാര്‍ ഡെലിവറി ചെയ്യാന്‍ ഏകദേശം 1.5 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ എടുക്കും. വി.ആര്‍ 9 ലെവല്‍ സംരക്ഷണ സവിശേഷതകളാണ് വാഹനത്തിലുള്ളത്. മിസൈല്‍ ആക്രമണങ്ങളെപ്പോലും അതിജീവിക്കുന്ന വിധത്തില്‍ ലോഹകവചങ്ങളോടുകൂടിയാണ് വാഹനം വരുന്നത്. പ്രത്യേക സൈറനുകളും ടു-വേ റേഡിയോയും പുതിയ ഇന്റലിജന്റ് എല്‍.ഇ.ഡി ഹെഡ്ലാമ്പ് സംവിധാനവും വാഹനത്തിലുണ്ട്.

516 കുതിര ശക്തിയും 900 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന ആറ് ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എഞ്ചിനാണ് കാറിന് കരുത്തുപകരുന്നത്. 5,000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ട്. പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വളരെ ഭാരമുള്ള അതിദൃഢ വാതിലുകള്‍ ഓട്ടോമാറ്റിക്കായാണ് അടയുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയിമെന്റ് സിസ്റ്റത്തിനും ഇരട്ട സ്‌ക്രീനുകളുള്ള പരിഷ്‌കരിച്ച ഡാഷ്ബോര്‍ഡാണ് വാഹനത്തിലുള്ളത്.

പിന്‍ഭാഗത്ത് പരസ്പരം അഭിമുഖമായി ഘടിപ്പിച്ച നാല് സീറ്റുകളാണുള്ളത്. പിന്‍ കാബിനാണ് കൂടുതല്‍ ആധുനികം. സീറ്റ് മസാജറുകള്‍, പാനീയങ്ങള്‍ ചൂടാക്കാനോ തണുപ്പിക്കാനോ കഴിയുന്ന കപ്പ് ഹോള്‍ഡറുകള്‍ എന്നിവയുമുണ്ട്.രണ്ടു മീറ്റര്‍ അകലെ നിന്നുള്ള 15 കിലോഗ്രാം ടി.എന്‍.ടി ഉപയോഗിച്ചുള്ള സ്‌ഫോടകങ്ങളെ നേരിടാന്‍ മേബാ ഗാര്‍ഡിനാകും. എകെ -47 പോലുള്ള റൈഫിളുകളില്‍ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ജാലകങ്ങളാണു നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ കനത്ത വാതിലുകള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നു.

കാറില്‍ ധാരാളം പരിഷ്‌ക്കരണങ്ങളും കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഉണ്ട്. ആക്രമണം നേരിട്ട് തീപിടിത്തം പോലുള്ളവ ഉണ്ടായാല്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഓക്‌സിജന്‍ ശേഖരവുമുണ്ട്. വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് എട്ട് മുതല്‍ 12 കോടി രൂപ വരെ വിലവരും ഗാര്‍ഡിന് എന്നായിരുന്നു ഓട്ടോ പ്രസിദ്ധീകരണങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.

.പഞ്ചര്‍ ആകാത്ത ടയറുകളാണ് മറ്റൊരു പ്രത്യേകത. കാറിന് സ്വയം സീല്‍ ചെയ്യുന്ന ഇന്ധന ടാങ്കും ഇന്‍ ബില്‍റ്റ് ഫയര്‍ എക്സ്റ്റിങ്കുഷറും ഉണ്ട്. 'ഉയര്‍ന്ന തീവ്രത', 'ഹോട്ട് റിലാക്‌സ് ബാക്ക്' മുതല്‍ 'ക്ലാസിക് മസാജ്' വരെയുള്ള മസാജുകള്‍ യാത്രക്കാരന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മസാജ് ഫംഗ്ഷനോടുകൂടിയാണ് സീറ്റുകള്‍ വരുന്നത്. 360 ഡിഗ്രി ക്യാമറയും ഇതിലുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു മോഡിയുടെ വാഹനം. 2014ല്‍ പ്രധാനമന്ത്രിയുടെ കസേരയില്‍ എത്തിയതോടെ ബി.എം.ഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറി. പിന്നീട് റേഞ്ച് റോവര്‍ വോഗും ടൊയോട്ട ലാന്‍ഡ് ക്രൂയിസറും എത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.