മുഖ്യമന്ത്രിയുടെ അകമ്പടിക്ക് പുതിയ നാല് ക്രിസ്റ്റകള്‍; കീഴ് വഴക്കം തെറ്റിച്ച് ഇത്തവണ എത്തുന്നത് കറുത്ത നിറമുള്ളവ

മുഖ്യമന്ത്രിയുടെ അകമ്പടിക്ക് പുതിയ നാല് ക്രിസ്റ്റകള്‍; കീഴ് വഴക്കം തെറ്റിച്ച് ഇത്തവണ എത്തുന്നത് കറുത്ത നിറമുള്ളവ

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനം എന്ന സ്ഥാനം ഇപ്പോള്‍ ടൊയോട്ട ഇന്നോവയ്ക്കും പിന്നീട് ഇന്നോവ ക്രിസ്റ്റയ്ക്കുമാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളിലും ഈ ജാപ്പനീസ് കരുത്തന്‍ തന്നെയാണ് താരം. തൂവെള്ള നിറത്തിലുള്ള ഔദ്യോഗിക വാഹനവും അകമ്പടി വാഹനവുമെന്ന കീഴ്വഴക്കം തെറ്റിച്ച് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിലേക്ക് നാല് കറുത്ത ഇന്നോവ ക്രിസ്റ്റ എത്തിയിരിക്കുകയാണ്.

മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയായിരുന്നു വാഹനത്തിന്റെ നിറം മാറ്റം സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കറുത്ത നിറത്തിലുള്ള ക്രിസ്റ്റ എത്തിയിരിക്കുന്നത്. നാല് വാഹനങ്ങളാണ് ഇതിനായി വാങ്ങിയിട്ടുള്ളത്. പൈലറ്റ് വാഹനവും എസ്‌കോര്‍ട്ട് വാഹനവും വാങ്ങുന്നതിനായി പൊലീസിന് പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ മാസത്തിലാണ് ഇതിനായി 62.46 ലക്ഷം രൂപ അനുവദിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

ആദ്യഘട്ടത്തില്‍ മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നാല് ക്രിസ്റ്റകളാണ് എത്തിയിരിക്കുന്നത്. പുതിയ വാഹനത്തിന്റെ വരവോടെ പഴയ രണ്ട് വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ നിന്ന് നീക്കും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ നീക്കി പകരം പുതുതായി വാങ്ങിയ രണ്ടെണ്ണം നല്‍കാനാണ് പൊലീസ് ഒരുങ്ങുന്നത്.

നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണ് നീക്കുന്നതെന്നാണ് സൂചന. കെ.എല്‍. 01 സി.ഡി 4764, കെ.എല്‍. 01 സി.ഡി 4857 എന്നീ രജിസ്ട്രേഷന്‍ നമ്പറുകളുള്ള ടൊയോട്ട ഇന്നോവ വാഹനങ്ങളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. ഈ വാഹനങ്ങളാണ് കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ മാറ്റണമെന്ന് സര്‍ക്കാരിനോട് പൊലീസ് മേധാവി ശുപാര്‍ശ ചെയ്തത്. ഇതേതുടര്‍ന്ന് വാഹനങ്ങളുടെ കാര്യം പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് ഏറ്റെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.