രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും

രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 30

ക്രൈസ്തവര്‍ക്കെതിരായി ഡയോക്ലീഷ്യന്‍, മാക്‌സിമിയന്‍ ചക്രവര്‍ത്തിമാര്‍ എ.ഡി 303 ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അസീസിയിലെ മെത്രാനായ സബിനൂസും നിരവധി വൈദികരും തടവിലാക്കപ്പെട്ടു.

എട്രൂരിയായിലെ ഗവര്‍ണര്‍ ആയിരുന്ന വെനൂസ്തിയാനൂസ് അവരെ തന്റെ പക്കല്‍ കൊണ്ടുവരികയും ജൂപ്പീറ്ററിന്റെ ഒരു പ്രതിമ വിശുദ്ധന്റെ കയ്യില്‍ കൊടുത്ത് അതിനെ ആരാധിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സബിനൂസാകട്ടെ നിന്ദാപൂര്‍വ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതില്‍ കുപിതനായ വെനൂസ്തിയാനൂസ് വിശുദ്ധന്റെ രണ്ടു കരങ്ങളും മുറിച്ചു കളയുവാന്‍ ഉത്തരവിട്ടു.

അദ്ദേഹത്തിന്റെ രണ്ടു പുരോഹിതാര്‍ത്ഥികളായ മാര്‍സെല്ലുസ്, എക്‌സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ വിശ്വാസത്തെ മുറുകെപിടിച്ചതിനാല്‍ അവരെ ചമ്മട്ടികൊണ്ടടിക്കുകയും അമിതമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം പലവിധ പീഡനങ്ങള്‍ മൂലം അവര്‍ രണ്ടുപേരും അധികം താമസിയാതെ മരണമടഞ്ഞു.

സബിനുസിനെ പിന്നീട് കാരാഗ്രഹത്തിലടക്കുകയും മാര്‍സെല്ലുസ്, എക്‌സുപെരാന്റിയൂസ് എന്നിവരുടെ മൃതദേഹങ്ങള്‍ അസീസിയില്‍ മറവ് ചെയ്യുകയും ചെയ്തു. ഒരിക്കല്‍ സെറെനാ എന്ന് പേരായ ഒരു വിധവ തന്റെ അന്ധനായ മകനെ വിശുദ്ധ സബിനുസിന്റെ പക്കല്‍ കൊണ്ടു വന്നു.

കൈകള്‍ മുറിച്ച് നീക്കപ്പെട്ട വിശുദ്ധന്‍ അവരെ അനുഗ്രഹിക്കുകയും തല്‍ഫലമായി ആ വിധവയുടെ മകന്റെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. ഇത് കണ്ട നിന്ന സഹതടവുകാര്‍ ഉടനെ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.

പിന്നീടൊരിക്കല്‍ ഗവര്‍ണര്‍ വെനൂസ്തിയാനൂസിന്റെ കണ്ണിലുണ്ടായിരുന്ന അസുഖവും അദ്ദേഹം നീക്കി. ഇതുവഴി ഗവര്‍ണറും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും പിന്നീട് ക്രിസ്തു വിശ്വാസികളായി മാറി.

അഗാധമായ പാണ്ഡിത്യവും വിശുദ്ധിയും നിറഞ്ഞ വ്യക്തിയായിരുന്നു വിശുദ്ധ സബിനൂസ്. വിശുദ്ധ അംബ്രോസ് അദ്ദേഹത്തിന്റെ രചനകള്‍ പ്രസാധനത്തിനു മുന്‍പ് വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കുമായി സബിനൂസിന് നല്‍കുമായിരുന്നു.

സ്‌പോലെറ്റോയില്‍ വെച്ച് വിശുദ്ധ സബിനൂസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും അവിടെ നിന്നും ഒരു മൈല്‍ അകലെ അടക്കം ചെയ്യുകയും ചെയ്തു എന്നാണ് ചരിത്ര രേഖ.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫെലിക്‌സ് പ്രഥമന്‍ പാപ്പാ

2. റവേന്നായിലെ ലിബേരിയൂസ്

3. വുഴ്സ്റ്ററിലെ ബിഷപ്പായിരുന്ന എഗ്വിന്‍

4. മിലാനിലെ ബിഷപ്പായിരുന്ന എവുജിന്‍

5. സലോണിക്കന്‍ വനിതയായ അനീസിയ

6. സലോണിക്കാ ബിഷപ്പായിരുന്ന അനീസിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.