‘അതിമനോഹരമായ ഒരു കുടുംബചിത്രം’ ഒറ്റവാചകത്തിൽ പറഞ്ഞാൽ ഈ സിനിമ അതാണ്. കുടുംബത്തിലെ ബന്ധങ്ങളുടെയും ദാമ്പത്യ ബന്ധങ്ങൾക്കും ഇടയിലുള്ള മധുരം കാണിച്ചു തരുന്ന മനോഹരമായ നന്മയുള്ള ചിത്രം. വലിയ ബഹളങ്ങളില്ലാതെ സോണി ലൈവിലൂടെ ഡിസംബർ 24 ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങുകയാണ്.
ഒരു സിനിമ പിറക്കുന്നത് അതിൻറെ കഥാകൃത്തും സംവിധായകനും മറ്റ് അണിയറ പ്രവർത്തകരുമെല്ലാം ചുറ്റിലും കാണുന്ന കാഴ്ചകളിൽ നിന്നാണല്ലോ. മറ്റൊരു തരത്തിൽ പറഞ്ഞാൽ സമൂഹത്തിലെ കാഴ്ചകളിൽ അല്പം ഭാവന കൂടി ചേർത്ത് തിരശ്ശീലയിൽ പകർത്തുകയാണ് അവർ ചെയ്യുന്നത്. എന്നാൽ എന്താണ് താൻ പകർത്തേണ്ടത് എന്നുള്ളത് അണിയറപ്രവർത്തകരുടെ സ്വാതന്ത്ര്യം ആയിരിക്കാം. ഭാഷയിൽ ചുരുളി നിറച്ചുകൊണ്ടോ അല്ലെങ്കിൽ നന്മ നിറച്ചുകൊണ്ടോ അവർക്ക് അത് ചെയ്യാം അവിടെയാണ് ഒരു സംവിധായകന്റെ സാമൂഹികപ്രതിബദ്ധത തെളിയുന്നത്. ആദ്യകാലഘട്ടങ്ങളിൽ മനോഹരമായ സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങൾ മലയാളഭാഷയിൽ ഉണ്ടായിരുന്നെങ്കിൽ പിന്നീടത് എവിടെയോ നഷ്ടപ്പെട്ടു.
എന്നാൽ അവിടെയാണ് മധുരം അതിമധുരം ആകുന്നത്; വലിയ സൂപ്പർസ്റ്റാറുകൾ ഇല്ലാതെ ലളിതമായ ഭാഷയിൽ ‘മധുരം’ ആസ്വാദക മനസ്സിലേക്ക് നന്മകൾ നൽകി ആഴ്ന്നിറങ്ങുന്നു.
ഒരു ആശുപത്രിയുടെ കൂട്ടിരിപ്പ് കേന്ദ്രത്തിൽ എത്തിപ്പെടുന്ന അവർ തങ്ങളുടെ ജീവിതത്തിൻറെ അനുഭവങ്ങൾ പ്രണയമധുരത്തോടൊപ്പം പങ്കുവയ്ക്കുമ്പോൾ പ്രേക്ഷകർ തങ്ങളുടെ ജീവിതത്തിലെ പല നിമിഷങ്ങളും തിരിച്ചറിയാതെ പോയ മധുരങ്ങൾ ആണെന്ന് മനസ്സിലാക്കുന്നു. പ്രണയവും മധുരവും ആശുപത്രിയിലോ..!!? അതേ സ്നേഹം മാറ്റുരയ്ക്കുന്നത് പലപ്പോഴും കഷ്ടതകളിൽ ആണല്ലോ അപ്പോൾ യഥാർത്ഥ സ്നേഹം കാണണമെങ്കിൽ ചിലപ്പോൾ ആശുപത്രി വരെ പോകേണ്ടി വന്നേക്കാം. ആ കൂട്ടിരിപ്പു കേന്ദ്രത്തിലെ ഓരോരുത്തരും ഓരോ പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിലും അവർ പരസ്പരം നന്നായി മനസിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
വിവാഹം കഴിഞ്ഞു നാല്പതു വർഷമായിട്ടും പ്രണയത്തിൻറെ മധുരം കുറയാത്ത രവിയേട്ടൻ പലപ്പോഴും അഭിമാനപൂർവം പറയുന്ന ഡയലോഗ് “രവി വെഡ്സ് സുലേഖ ഫോർട്ടി ഇയേഴ്സ്” പലപ്പോഴും ന്യൂജൻ പിള്ളേരൊക്കെ ‘തള്ളാണ്’ എന്ന് പറഞ്ഞു തള്ളി കളയുന്നത് കാണിക്കുന്നുണ്ട് ഈ സിനിമയിലും. അതേ നമ്മുടെ ചുറ്റുപാടുകളിൽ ഉള്ള സംസാരങ്ങൾ പലപ്പോഴും ഭാര്യയെ സ്നേഹിക്കുന്നത് മോശമാണ് എന്ന തരത്തിൽ ഒരു അപ്രഖ്യാപിത പരിഹാസം പ്രചരിക്കുന്നത് കണ്ടിട്ടുണ്ട്. സംവിധായകൻ ഇത് കൃത്യമായി സിനിമയിൽ കാണിച്ചിട്ടുണ്ട്. മാറണം ഇതെല്ലാം.., പരസ്പരം സ്നേഹിക്കാൻ പഠിക്കണം..!!
കാലങ്ങൾ പ്രണയിച്ചു ജീവിതമാരംഭിച്ച ഉടനെ അടിതെറ്റിയ ചിത്രയും സാബുവും ജീവിതം സുഖത്തിൻറെ മാത്രമല്ല ദുഃഖത്തിന്റേതുമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു ചിത്രയെ ചികിത്സിച്ച ഡോക്ടർ ഒരു രംഗത്തിൽ ഇതേ വാചകം ബാബുവിനോട് പറയുന്നുണ്ട്. അതേ നിസാര പ്രശ്നങ്ങൾക്ക് തെറ്റി പിരിയുന്ന പുതുതലമുറ കണ്ടുപഠിക്കേണ്ടതു തന്നെ ഇതും.
ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി വിവാഹ ജീവിതത്തിലെ ആദ്യ നാളുകളിൽ തന്നെ പിരിയാൻ ചിന്തിക്കുന്ന, ചെറിയ പിരിമുറുക്കങ്ങൾ പോലും സഹിക്കാൻ കഴിയാത്ത, പരസ്പരം തുറന്നു സംസാരിക്കാതെ ഈഗോയുടെ പേരിൽ ഡിവോഴ്സ് ലേക്ക് നീങ്ങുന്ന കെവിനും ചെറിയും എല്ലാവരും ചേർന്ന് ആ കാത്തിരിപ്പ് മുറിയിൽ എത്തുന്ന നിങ്ങൾക്ക് ജീവിതത്തിലേക്ക് ചേർത്തുവയ്ക്കാൻ നല്ല കുറെ സന്ദേശങ്ങൾ നലകും. ആ കാത്തിരിപ്പ് മുറിയിൽ നിന്നു ഇറങ്ങുമ്പോൾ നിങ്ങളുടെ കുടുംബബന്ധങ്ങൾ നിങ്ങൾ അറിയാതെ തന്നെ കൂടുതൽ ദൃഡം ആയിരിക്കും.
ശക്തമായ സന്ദേശം കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ഈ സിനിമ മനോഹരമാണ്. ഇന്ദ്രൻസ്, ജോജു,അർജുൻ എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം തന്നെ മറ്റ് താരങ്ങളായ ശ്രുതി രാമചന്ദ്രൻ, നിഖില എന്നിവരും നല്ല നിലവാരം പുലർത്തി. ഈ ക്രിസ്മസ് കാലത്ത് കുടുംബത്തോടൊപ്പം പ്രത്യേകിച്ച് പുതിയ തലമുറയോടൊപ്പം ഇരുന്നു കാണേണ്ട ഒരു മനോഹര ചിത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.