ശത കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റെയിന് കൗമാരക്കാരികളെ കാഴ്ചവച്ച ഗിസ്ലെയ്ന്‍ മാക്സ് വെലിന്റെ ശിഷ്ട ജീവിതവും ജയിലില്‍

ശത കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റെയിന് കൗമാരക്കാരികളെ കാഴ്ചവച്ച ഗിസ്ലെയ്ന്‍ മാക്സ് വെലിന്റെ ശിഷ്ട ജീവിതവും ജയിലില്‍


ന്യൂയോര്‍ക്ക്: അമേരിക്കന്‍ ശത കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റെയിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കാഴ്ചവച്ചെന്ന കേസുകള്‍ തെളിഞ്ഞതോടെ ഉന്നത ബന്ധങ്ങളുണ്ടായിരുന്ന അറുപതുകാരിയായ ബ്രിട്ടീഷ് വനിത ഗിസ്ലെയ്ന്‍ മാക്സ് വെലിന്റെ ശിഷ്ട ജീവിതം ജയിലറയിലാകുമെന്നുറപ്പായി. ആറു കേസുകളില്‍ അഞ്ചെണ്ണത്തിലും 12 അംഗ ജൂറി സംഘം ഇവരെ കുറ്റവാളിയായി കണ്ടെത്തി.

നിലവില്‍ ജയിലിലായ ഗിസ്ലെയ്‌നു മേല്‍ 40 വര്‍ഷത്തെ ജയില്‍ സാധ്യതയുള്ള കുറ്റമാണ് തെളിയിക്കപ്പെട്ടത്.സാക്ഷി വിചാരണ കഴിഞ്ഞ് ജൂറിമാര്‍ തുടര്‍ച്ചയായി അഞ്ചു ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇവരെ കുറ്റവാളിയായി പ്രഖ്യാപിച്ചത്.ശിക്ഷാവിധിയുടെ തീയതി നിശ്ചയിച്ചിട്ടില്ല. ലൈംഗിക കുറ്റത്തിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019 ല്‍ ജെഫ്രി എപ്സ്റ്റെയിന്‍ ആത്മഹത്യ ചെയ്തു.

1994 മുതല്‍ 2004 വരെ ഒരു പതിറ്റാണ്ടിനിടയില്‍ എപ്സ്റ്റെയിന്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന നാലു വനിതകളുടെ മൊഴിയെ ആധാരമാക്കിയായിരുന്നു ഒരു മാസം നീണ്ടുനിന്ന വിചാരണ. കോടതി കുറ്റവാളിയായി കണ്ടെത്തിയിട്ടും മാക്സ് വെല്‍ യാതൊരു ഭാവമാറ്റവും പ്രകടിപ്പിച്ചില്ല.കറുത്ത മാസ്‌ക് ധരിച്ച അവര്‍ കൈകള്‍ കൂപ്പി നിന്നു.തങ്ങളുടെ കക്ഷി നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നാണ് വിധിപ്രസ്താവത്തിനു ശേഷം മാക്സ് വെലിന്റെ വക്കീല്‍ പ്രതികരിച്ചത്. മാക്സ് വെലിന്റെ ക്രിമിനല്‍ സ്വഭാവം തിരിച്ചറിഞ്ഞ കോടതിയോട് നന്ദിയുണ്ടെന്നായിരുന്നു സാക്ഷിമൊഴി നല്‍കിയ ആനി ഫാര്‍മര്‍ എന്ന വനിതയുടെ പ്രതികരണം. എല്ലാവര്‍ക്കും ആശ്വാസമേകുന്ന വിധി ആരും നിയമത്തിന് അതീതരല്ലെന്ന സന്ദേശം കൂടി നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിധിയെ സ്വാഗതം ചെയ്ത ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ട് യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് ഇരകളുടെ ധീരതയെ അഭിനന്ദിച്ചു.പണത്തിനായിരുന്നില്ല മറിച്ച് സുഖലോലുപതയ്ക്ക് വേണ്ടിയായിരുന്നു പ്രതികള്‍ കൗമാരക്കാരെ ലക്ഷ്യമിട്ടത്. അതിസമ്പന്നരായിരുന്ന ഇരുവരും സാമ്പത്തിക സ്ഥാപനത്തെ ലക്ഷ്യപ്രാപ്തിക്കായി ദുരുപയോഗം ചെയ്തു. കൗമാരക്കാരെ ലൈംഗികതയക്കുപയോഗിച്ച എപ്സ്റ്റെയിനുമായി ദീര്‍ഘകാലത്തെ ബന്ധമായിരുന്നു മാക്സ് വെലിനുണ്ടായിരുന്നത്.

എപ്സ്റ്റെയിന്റെ സ്വകാര്യ വിമാനങ്ങളില്‍ പറന്നിരുന്നത് വലിയ മനുഷ്യരായിരുന്നു: ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ്... സാക്ഷികളായി കോടതിയിലെത്തിയ പൈലറ്റുമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.


'മസാജിംഗ്' എന്ന നാട്യവുമായി കൗമാരക്കാരികളെ ലൈംഗികമായി ഉപയോഗിച്ചതിന് 2020 മുതല്‍ മാക്സ് വെല്‍ ജയില്‍വാസമനുഭവിക്കുകയാണ്. മാക്സ് വെലിന്റെ ഇരകളില്‍ പലരും പതിനാലു വയസ്സിനു താഴെ പ്രായമുള്ളവരാണ്.എപ്സ്റ്റെയിന്റെ കുറ്റകൃത്യത്തില്‍ മാക്സ് വെല്‍ ബലിയാടാവുകയായിരുന്നുവെന്നാണ് വിചാരണയ്ക്കിടെ വക്കീല്‍ വാദിച്ചത്. എന്നാല്‍ ചൂഷണത്തിന്റെ ഒരു പിരമിഡ് തന്നെ രൂപപ്പെട്ടതിന്റെ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടു.

കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍, വിചാരണാ ദിവസങ്ങളിലെല്ലാം വിശ്വസ്തതയോടെ സന്നിഹിതരായിരുന്ന അവരുടെ സഹോദരങ്ങളെ ഗിസ്ലെയ്ന്‍ ദയനീയമായി നോക്കി. ഇതുവരെ എല്ലാ ദിവസവും പുറത്തേക്ക് പോകുമ്പോള്‍ ഗിസ്ലെയ്ന്‍ തന്റെ അഭിഭാഷകരെ കെട്ടിപ്പിടിച്ചു സ്‌നേഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ജൂറിയുടെ തീരുമാനം വന്നശേഷം അവരെ നോക്കിയതേയില്ല.

ബ്രിട്ടനിലെ പത്രവ്യവസായിയുടെ ഇളയ മകളായ ഗിസ്ലെയ്ന്‍ മാക്സ്‌വെല്‍ വ്യവസായം തകര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് ജെഫ്രിയെ കണ്ടുമുട്ടുകയുമായിരുന്നു. ഈ ബന്ധം കൗമാരക്കാരെ ലൈംഗികമായി ഉപയോഗിക്കുന്നതിലേക്ക് വളര്‍ന്നു. ജെഫ്രിക്കായി മാക്സ് വെല്‍ ഇരകളെ കണ്ടെത്തി. ഒടുവില്‍ കുറ്റകൃത്യത്തിന്റെ വിധിയെത്തും മുന്‍പ് ജെഫ്രി ആത്മഹത്യാ വിധി സ്വയം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.