വാഷിംഗ്ടണ്‍: എതിരാളികളെ കൊല്ലുന്നതിനു പകരം തളര്‍ത്താനും നിയന്ത്രിക്കാനുമുതകുന്ന മസ്തിഷ്‌ക നിയന്ത്രണ ആയുധങ്ങള്‍ 'ബയോടെക്നോളജി'യുടെ തുണയോടെ ചൈന വികസിപ്പിക്കുന്നതായുള്ള കണ്ടെത്തലുമായി അമേരിക്ക. സായുധ സേനയുടെ ആവശ്യാര്‍ത്ഥമാണ് ഈ നീക്കമെങ്കിലും സിന്‍ജിയാങ്ങില്‍ ഉയ്ഗൂര്‍ മുസ്ലീങ്ങളെയാണ് ആദ്യം ഇരകളാക്കുന്നതെന്നാണു സൂചന. മസ്തിഷ്‌ക നിയന്ത്രണ ആയുധ വികസനത്തിന് അമേരിക്കയില്‍ നിന്നുള്ള സാങ്കേതിക പിന്തുണ ചൈന ലക്ഷ്യമിട്ടതായി വ്യക്തമായതോടെ അതിനു തടയിടാന്‍ ഉപരോധ നടപടി സ്വീകരിച്ചു തുടങ്ങി.
ചൈനയുടെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സസിനും 11 അനുബന്ധ ഗവേഷണ സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധ നടപടിയെടുത്തു കഴിഞ്ഞു. ഈ ചൈനീസ് സ്ഥാപനങ്ങളെ വാണിജ്യ വകുപ്പ് കരിമ്പട്ടികയില്‍ പെടുത്തി. മസ്തിഷ്‌ക നിയന്ത്രണ ആയുധങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ വാണിജ്യ വകുപ്പ് പരസ്യമാക്കിയിട്ടില്ല. അതേസമയം, ബീജിംഗ് എന്താണ് നേടാന്‍ ശ്രമിക്കുന്നതെന്നതിന്റെ സൂചനകള്‍ 2019 ല്‍ തയ്യാറാക്കപ്പെട്ട ഏതാനും സൈനിക രേഖകളിലുണ്ട്.
'ശരീരങ്ങള്‍ നശിപ്പിക്കുന്നതിന്' പകരം, ശത്രുവിനെ തളര്‍ത്താനും നിയന്ത്രിക്കാനും ഇച്ഛാശക്തിയെ ആക്രമിക്കാനും ചൈന ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ രേഖകളില്‍ പറയുന്നതായി തര്‍ജ്ജിമയിലൂടെ വാഷിംഗ്ടണ്‍ ടൈംസ് കണ്ടെത്തി. ഇതു സംബന്ധിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അക്കാദമി ഓഫ് മിലിട്ടറി സയന്‍സസിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി വാണിജ്യ വകുപ്പ് 'എന്റിറ്റി ലിസ്റ്റ്' തയ്യാറാക്കിയിട്ടുണ്ട്.അതിനാല്‍ പ്രത്യേക ലൈസന്‍സ് പ്രകാരമല്ലാതെ അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനോ കൈമാറാനോ കഴിയില്ല.
ബയോടെക് ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ അമേരിക്കന്‍ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ ചൈന ശ്രമിക്കുന്നതായി മറ്റ് സര്‍ക്കാര്‍ വകുപ്പുകളും യുഎസ് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചൈന വികസിപ്പിക്കാന്‍ ശ്രമിക്കുന്ന സാങ്കേതികവിദ്യയില്‍ ജീന്‍ എഡിറ്റിംഗ്, ഹ്യൂമന്‍ പെര്‍ഫോമന്‍സ് എന്‍ഹാന്‍സ്‌മെന്റ്, ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫേസ് തുടങ്ങിയവ ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വംശീയ ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ സ്വന്തം പൗരന്മാരുടെമേല്‍ നിയന്ത്രണം നിലനിര്‍ത്താന്‍ ചൈന മസ്തിഷ്‌ക നിയന്ത്രണ ആയുധങ്ങള്‍ ഉപയോഗിക്കുമെന്ന ആശങ്കയുണ്ടെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ വ്യക്തമാക്കി. 'നിര്‍ഭാഗ്യവശാല്‍, ചൈന തങ്ങളുടെ ജനങ്ങളുടെ മേല്‍ നിയന്ത്രണം തുടരാനും വംശീയ, മത ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങളെ അടിച്ചമര്‍ത്താനും ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമെന്ന പ്രശ്‌നമുണ്ട്'-അവര്‍ പറഞ്ഞു.
'അക്കാരണത്താല്‍ മെഡിക്കല്‍ സയന്‍സിനെയും ബയോടെക്നിക്കല്‍ നവീകരണത്തെയും പിന്തുണയ്ക്കുന്ന യുഎസ് ചരക്കുകള്‍, സാങ്കേതികവിദ്യകള്‍, സോഫ്റ്റ്വെയര്‍ എന്നിവ യുഎസ് ദേശീയ സുരക്ഷയ്ക്ക് വിരുദ്ധമായ ഉപയോഗങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല.'-ജിന റൈമോണ്ടോ അറിയിച്ചു.വാഷിംഗ്ടണ്‍ കടുത്ത ഉപരോധങ്ങള്‍ തുടരുന്ന ഇറാന്റെ സൈന്യത്തിലേക്ക് യുഎസ് ഇനങ്ങള്‍ വഴിതിരിച്ചുവിട്ടുവെന്നാരോപിച്ച് ചൈന, ജോര്‍ജിയ, മലേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളെയും വാണിജ്യ വകുപ്പ് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്.ബീജിംഗ് ആസ്ഥാനമായുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സസ് കോവിഡ് -19 വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സജീവമാണിപ്പോള്‍.എന്നാല്‍ ചൈനയിലെ സിവിലിയന്‍, സൈനിക ഗവേഷണങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ അമേരിക്കയെ പരിഭ്രാന്തിലാഴ്ത്തുന്നുണ്ട്.
ഉയ്ഗൂര്‍ ഇസ്ലാമിക സാംസ്‌കാരിക പാരമ്പര്യം വേരോടെ പിഴുതെറിയാനും അവരെ ചൈനയിലെ ഹാന്‍ ഭൂരിപക്ഷത്തിലേക്ക് നിര്‍ബന്ധിതമായി ഏകീകരിക്കാനുമുള്ള ശ്രമത്തില്‍ പത്ത് ദശലക്ഷത്തിലധികം ഉയ്ഗൂറുകളെയും തുര്‍ക്കിക് സംസാരിക്കുന്ന മറ്റ് മുസ്ലീങ്ങളെയും ചൈന പല ക്യാമ്പുകളില്‍ തടവിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും യു.എസ് സര്‍ക്കാരും പറയുന്നു.
ഇത്തരം ക്യാമ്പുകളെ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്ന് ചൈന വിശേഷിപ്പിക്കുന്നു. പല പാശ്ചാത്യ രാജ്യങ്ങളെയും പോലെ, തീവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്ന് ഇസ്ലാമിക വീര്യം കുറയ്ക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും പറയുന്നുണ്ട്.അതേസമയം, വംശഹത്യയാണ് ഇതിലൂടെ അരങ്ങേറുന്നതെന്ന് അമേരിക്ക പറയുന്നു.ഇതെല്ലാം ചേര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സിലെ നയതന്ത്ര ബഹിഷ്‌കരണത്തിനുള്ള പദ്ധതി.
സിന്‍ജിയാങ്ങില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഉടന്‍ മാറുമെന്ന് നിരീക്ഷകര്‍ കരുതുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളും ബൈഡന്‍ ഭരണകൂടവും ഉയ്ഗൂര്‍ നിര്‍ബന്ധിത തൊഴില്‍ നിരോധന നിയമം പ്രാബല്യത്തിലാക്കാന്‍ ധാരണയായി.അതനുസരിച്ച് ഉല്‍പാദനത്തില്‍ അടിമത്തം ഉള്‍പ്പെട്ടിട്ടില്ലെന്നതിന് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ഇല്ലെങ്കില്‍ ഈ മേഖലയില്‍ നിന്നുള്ള എല്ലാ സാധനങ്ങളുടെയും ഇറക്കുമതി നിരോധിക്കും.
പരുത്തിയുടെ പ്രധാന ഉറവിടമാണ് സിന്‍ജിയാങ്. ഓരോ വര്‍ഷവും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങളില്‍ 20 ശതമാനവും ഈ മേഖലയില്‍ നിന്നുള്ളതാണെന്ന കണക്ക് ഇവിടത്തെ ഫാക്ടറികളെ നിരീക്ഷിക്കുന്ന വര്‍ക്കേഴ്‌സ് റൈറ്റ്‌സ് കണ്‍സോര്‍ഷ്യത്തിന്റെ പക്കലുണ്ട്.
'നിര്‍ബന്ധിത ജോലികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ നാം വ്യക്തമായ ധാര്‍മിക നിലപാട് സ്വീകരിക്കണം.' സെനറ്റ് ക്ലിയര്‍ ചെയ്യുമെന്നും ബൈഡന്‍ ഒപ്പിടുമെന്നും പ്രതീക്ഷിക്കുന്ന നിയമത്തിന് കഴിഞ്ഞ ആഴ്ച സഭ അംഗീകാരം നല്‍കിയതിന് ശേഷം പ്രതിനിധി ജിം മക്ഗവര്‍ണ്‍ പറഞ്ഞു.സിന്‍ജിയാങ്ങിലെ ചൈനീസ് ഭരണകൂടത്തിലെ രണ്ട് വംശീയ ഉയിഗൂര്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അമേരിക്ക കഴിഞ്ഞയാഴ്ച ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനിടെ, രാസായുധ നിര്‍മ്മാണത്തിനും അനധികൃത ഓണ്‍ലൈന്‍ കയറ്റുമതിയിലൂടെ വേദനസംഹാരി വ്യാപാരം നടത്തിയതിന് ഒരു വ്യക്തിക്കും മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ ചൈന രോഷം പ്രകടിപ്പിച്ചിരുന്നു. ഇത് ക്രിയാത്മകമല്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.