ന്യുഡല്‍ഹി: കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയെ നേരിടാനൊരുങ്ങി രാജ്യം പുതുവര്‍ഷത്തിലേക്ക്. ഇതിനിടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു. പ്രതിദിന കോവിഡ് കേസുകളിലും 27 ശതമാനം വര്‍ധനവുണ്ടായി. മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സരത്തോടനുബന്ധിച്ച് കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ രാത്രി കര്‍ഫ്യു ശാസ്ത്രീയമായ സമീപനമല്ലെന്നും അതിന്റെ ഫലപ്രാപ്തി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ ശാസ്ത്രീയമായ സമീപനങ്ങള്‍ സ്വീകരിക്കണമെന്ന് സി.എന്‍.ബി.സി ടി.വി ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
'നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. ഒരിക്കലും പരിഭ്രാന്തരാകരുത്. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ വര്‍ധന പ്രതീക്ഷിക്കാം. ഇത് തുടക്കം മാത്രമാണ് പല നഗരങ്ങളിലും കോവിഡിന്റെ വ്യാപനം ഇനിയും ഉണ്ടായേക്കാം. ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തണം. കോവിഡ് ബാധിച്ച് മരിച്ചവര്‍ ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്ന് പരിശോധിക്കണം. എത്രകാലം മുമ്പ് അവര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നതും നോക്കണം. ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് ഏത് വിഭാഗത്തിനാണെന്നും അതാത് രാജ്യങ്ങള്‍ തീരുമാനിക്കണം' - അവര്‍ പറഞ്ഞു.
നിലവില്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാക്‌സിനുകളുടെ ആന്റിബോഡിയുടെ ശേഷി ആറ് മാസം കഴിയുമ്പോള്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. രോഗം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗത്തിന് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ബൂസ്റ്റര്‍ ഡോസിന് വ്യത്യസ്ത വാക്‌സിന്‍ തെരഞ്ഞെടുക്കുന്നത് ഗുണം ചെയ്യുമെന്നും ഡോ.സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.
ഇതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 420 ഉം ഡല്‍ഹിയില്‍ 320 ഉം ഒമിക്രോണ്‍ രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നാമത്. ഒന്നര മുതല്‍ മൂന്ന് ദിവസം കൊണ്ട് ഒമിക്രോണ്‍ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണിന്റെ വ്യാപനം കോവിഡ് കണക്കിലും പ്രതിഫലിച്ചിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തില്‍ നിന്ന് പതിനാറായിരത്തി എഴുന്നൂറ്റി അറുപത്തി നാലിലെത്തിയിരിക്കുകയാണ്.
എഴുപത്തിയൊന്ന് ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്. തിങ്കളാഴ്ച്ച 6242 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോള്‍ എണ്ണം പതിനാറായിരത്തിലേക്കെത്തി. ഡല്‍ഹിയില്‍ ഏഴുമാസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ആയിരം കടന്നത്. അതേസമയം നാളെ മുതല്‍ കൗമാരക്കാര്‍ക്ക് വാക്സിനേഷന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.