കെ റെയില്‍ വരേണ്യർക്ക് വേണ്ടി; വിമര്‍ശിച്ചാല്‍ വര്‍ഗീയ വാദിയാക്കുന്നുവെന്ന് വി.ഡി സതീശന്‍

കെ റെയില്‍ വരേണ്യർക്ക് വേണ്ടി;  വിമര്‍ശിച്ചാല്‍ വര്‍ഗീയ വാദിയാക്കുന്നുവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ പദ്ധതി എത്ര പരാജയമാകുമെന്ന് ബോധ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി വിജയിക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടേണ്ടി വരും. ദേശീയപാതാ വികസിപ്പിക്കാതിരിക്കണം, അഥവാ വികസിപ്പിച്ചാല്‍ ടോള്‍ നിരക്ക് കൂട്ടേണ്ടി വരും. ട്രെയിനില്‍ എസി ക്ലാസ് ടിക്കറ്റുകളുടെ തുക വര്‍ധിപ്പിക്കേണ്ടിയും വരും. എങ്കില്‍ മാത്രമേ സില്‍വര്‍ ലൈനില്‍ ആള് കയറൂവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇത് വരേണ്യ വിഭാഗത്തിന് മാത്രം വേണ്ട പദ്ധതിയാണെന്നാണ് തെളിയുന്നത്. അതിനാല്‍ തന്നെ ജനവിരുദ്ധ പദ്ധതിയെന്ന് ആവര്‍ത്തിച്ച്‌ ബോധ്യമാകുന്നു. ഈ സര്‍ക്കാര്‍ ഇടതുപക്ഷം തന്നെയാണോ? കോര്‍പ്പറേറ്റ് ആഭിമുഖ്യം ഇടത് സര്‍ക്കാരിനെ സ്വാധീനിച്ചുവെന്നതിന് തെളിവാണ് കെ റെയില്‍ പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ റെയില്‍ വന്നാല്‍ സംസ്ഥാനത്തെ സമ്പത്ത് വ്യവസ്ഥ താറുമാറാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കാന്‍ സ൪ക്കാ൪ വാശി പിടിച്ചാല്‍ നടപ്പിലാക്കില്ലെന്ന വാശിയോടെ തന്നെ പ്രതിപക്ഷം മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. ജനങ്ങളെ ബോധവത്കരിക്കാന്‍ യുഡിഎഫിന് കഴിവുണ്ട്. ലഘുലേഖ വിതരണമടക്കം വരും ദിവസങ്ങളില്‍ തുടങ്ങും. വിമ൪ശിക്കുന്നവരെ വ൪ഗീയവാദികളാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.