കുമ്പസാരത്തിന്റെ ആഴങ്ങൾ കാട്ടിത്തരുന്ന I Confess (1953)

കുമ്പസാരത്തിന്റെ ആഴങ്ങൾ കാട്ടിത്തരുന്ന I Confess (1953)

കുമ്പസാര രഹസ്യം എന്നത് ഒരു കത്തോലിക്കാ വൈദികനെ സംബന്ധിച്ചടുത്തോളം സ്വന്തം ജീവനെക്കാൾ വിലയേറിയതാണ്.അത് സ്വന്തം ജീവൻ വെടിയേണ്ടി വന്നാലും വെളിപ്പെടുത്താൻ പാടില്ല.കാരണം Seal of Confession ഒരു വൈദികന്റെ പൗരോഹിത്യവുമായി ഇടകലർന്നിരിക്കുന്നു.എപ്പോഴെങ്കിലും അത് വെളിപ്പെടുത്തുകയാണെങ്കിൽ ഗൗരവകരമായ കുറ്റമാണ്.സ്വന്തം നേട്ടങ്ങൾക്കായോ ജീവനെപ്രതിയോ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ ഒരു പുരോഹിതൻ സ്വയമേവയോ മറ്റേതെങ്കിലും ബാഹ്യ ശക്തികളുടെ സമ്മർദ്ദം മൂലോ അത് വെളിപ്പെടുത്തിയാൽ ആ പുരോഹിതനിലെ പൗരോഹിത്യം അപ്പോൾ തന്നെ നഷ്ടമാകും.അത്രത്തോളം പ്രധാന്യം തിരുസഭ കുമ്പസാരത്തിന് കൽപ്പിച്ചു നൽകുന്നുണ്ട്.

Seal of Confession നെ വളരെ അതിന്റെ പൊരുൾ ഉൾക്കൊണ്ട് യാഥാർത്ഥ്യങ്ങൾ പേറുന്ന തനിമയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് 1953 ൽ പുറത്തിറങ്ങിയ I Confess എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. ഈ ചിത്രത്തിന്റെ സംവിധായകൻ ലോക സിനിമാ ചരിത്രത്തിൽ മാസ്റ്റർ ഓഫ് സസ്പെൻസ് എന്നറിയപ്പെടുന്ന പ്രസിദ്ധ സംവിധായകൻ സർ ആൽഫ്രഡ് ഹിച്ച്കോക്ക് ആണ്.

കത്തോലിക്കാ വിശ്വാസത്തിന്റെ വിളനിലയമായ കൊച്ചു കേരളത്തിൽ പോലും ന്യൂ ജനറേഷൻ സിനിമയുടെ ലേബലിൽ പൗരോഹിത്യത്തെയും കൂദാശകളെയും വികലമാക്കി തെറ്റായ തരത്തിൽ ചിത്രീകരിക്കുന്നവരുടെ ഇടയിൽ ഈ ഹിച്ച്കോക്ക് സിനിമ അതിന്റെ കഥാതന്തുവിലൂടെ കടന്നു പോയിടുമ്പോഴും അവസാനം വരെ ഒരു തരത്തിലും കുമ്പസാരത്തെ വികലമാക്കുകയോ പൗരോഹിത്യത്തെ

അവഹേളിക്കുകയോ ചെയ്യുന്നില്ല. സത്യമെന്താണെന്ന് അറിഞ്ഞിട്ടും അത് കുമ്പസാര രഹസ്യമായതിനാൽ പൗരോഹിത്യത്തിൽ ഉറച്ചു നിന്നുകൊണ്ട് അത്രത്തോളം ഗൗരവമായ കുമ്പസാര രഹസ്യമായതിനാൽ പറയാതെ അതിൻമേൽ ഹൃദയത്തിൽ കഠിനമായ ആത്മസംഘർഷങ്ങൾ നേരിടുന്ന ഒരു പുരോഹിതന്റെ ജീവിതം ഈ ചലച്ചിത്രം അഭ്രപാളിയിൽ പ്രേക്ഷകനു മുൻപിൽ ഒന്നു ദൃശ്യവിരുന്നായി തീർക്കുന്നു.


ഇംഗ്ലണ്ടിലെ ക്യൂബിക് എന്ന പട്ടണത്തിലെ ഫാ.മൈക്കിൾ വില്യം ലോഗൻ എന്ന വൈദീകനാണ് കേന്ദ്ര കഥാപാത്രം.പട്ടണത്തിൽ നടക്കുന്ന ഒരു കൊലപാതകം. വൈദിക വസ്ത്രം ധരിച്ചാണ് കൊലപാതകി മോഷണശ്രമത്തിനിടെ വില്ലിറ്റേ എന്ന അയാളിനെ കൊല്ലുന്നത്.അതു കഴിഞ്ഞ് അയാൾ അർധരാത്രിയിൽ പള്ളിയിലേയ്ക്ക് കടന്നു വരുന്നു. അയാൾ ലോഗനച്ചനോട് തനിക്ക് കുമ്പസാരിക്കണം എന്നാവശ്യപ്പെടുന്നു. വൈദികരുടെ താമസ സ്ഥലത്തെ കെയർ ടേക്കറായ കെല്ലർ ആണ് ആ കൊലപാതകി. കെല്ലർ ലോഗനച്ചനോട് സംഭവിച്ചതെല്ലാം കുമ്പസാരത്തിൽ പറയുന്നു. കുമ്പസാര രഹസ്യത്തെപ്പറ്റി ബോധ്യമുള്ള കെല്ലർ തന്റെ ഭാര്യയോടും കാര്യങ്ങൾ പറയുന്നു.

കൊലപാതകി വൈദിക വസ്ത്രധാരിയായതിനാലും കെല്ലർ താൻ ഉപയോഗിച്ച വൈദിക വസ്ത്രം ലോഗന്റെ വസ്ത്രങ്ങൾക്കിടയിൽ വച്ച് കണ്ടെത്തപ്പെടുന്നു. അങ്ങനെ ഫാ.ലോഗന്റെ മേൽ കുറ്റം ആരോപിക്കപ്പെടുന്നു. പോലീസിന്റെയും കോടതിയുടെയും മുൻപിൽ സത്യമെന്താണ് എന്നറിഞ്ഞിട്ടും അത് വെളിപ്പെടുത്താൻ കഴിയാതെ പോകുന്നതിന്റെ ആത്മസംഘർഷങ്ങൾ നിശബ്ദമായി കാഴ്ചക്കാരനോട് സംവദിക്കുന്നുണ്ട്.ലോഗനച്ചന്റെ സൗഹൃദവും അയാളുടെ പൂർവ്വകാല ജീവിതവും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമ്പോഴും നിശബ്ദനായി നിലകൊള്ളുന്നു.

കെല്ലർ കള്ളസാക്ഷി പറയുന്നു.എന്നാലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുന്നു. എന്നാൽ ആൾക്കൂട്ടത്തിനടയിൽ വച്ച് കെല്ലറിന്റെ ഭാര്യ സത്യം വിളിച്ചു പറയുന്നു. കെല്ലർ തന്റെ ഭാര്യയെ വെടിവച്ച് കൊല്ലുന്നു. കെല്ലർ ഒരു ഹോട്ടലിലേയ്ക്ക് കടന്നു കയറുന്നു.ചെറുത്തുനിൽപ്പിനു ശേഷം അയാൾ കൊല്ലപ്പെടുന്നു.  മരണ സമയത്ത് ലോഗനച്ചനോട് അയാൾ ക്ഷമ ചോദിക്കുന്നു. കെല്ലറിന്റെ മേൻ ഫാ. ലോഗന്റെ കുരിശടയാളത്തോടെ സിനിമ അവസാനിക്കുന്നു. 

സുന്ദര ദൃശ്യാവിഷ്കാരങ്ങൾ കൊണ്ട് സാധാ അർത്ഥങ്ങളിൽ ചെറു സസ്പെൻസുകൾ സമ്മാനിച്ച് I Confess ഒരു മികച്ച ചലച്ചിത്രമായി മനസ്സിൽ ഇടം പിടിക്കുന്നു.അറുപത്തിയേഴ് വർഷങ്ങൾക്കു മുൻപ് കറുപ്പും വെളുപ്പും തിരശ്ശീലയിൽ വിരിഞ്ഞ ഒരുതരത്തിലും അവഹേളനം തീർക്കാതെ കുമ്പസാര രഹസ്യത്തിന്റെ ആഴത്തെ വരച്ചു കാട്ടുന്ന ഒരു ഹിച്ച്കോക്ക് ചലച്ചിത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.