പ്രത്യാക്രമണം മുൻനിർത്തി ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; വ്യോമപാത അടച്ചു
ടെഹ്‌റാൻ: ഇസ്രയേലിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്ന ഇറാന്റെ സൈനിക നീക്കങ്ങൾക്ക് അന്ത്യമിടാൻ ലക്ഷ്യമിട്ട് ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചെ നടത്തിയ ഈ കരുതൽ ആക്രമണം വഴി ഇറാന്റെ സൈനിക ശേഷിക്ക് കടുത്ത പ്രഹരമേൽപ്പിക്കാൻ സാധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. അമേരിക്കയുടെ പൂർണ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ വലിയ തോതിലുള്ള ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന കൃത്യമായ രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് പ്രതിരോധ ആക്രമണം അനിവാര്യമായതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇറാനെതിരെ ഉടൻ സൈനിക നീക്കമുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത നീക്കം നടന്നത്.
ആക്രമണത്തിന് പിന്നാലെ ഇറാന്റെ ഭാഗത്തു നിന്ന് ഉണ്ടായേക്കാവുന്ന പ്രകോപനങ്ങൾ കണക്കിലെടുത്ത് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി വ്യോമപാത താൽക്കാലികമായി അടയ്ക്കുകയും സൈന്യം അതീവ ജാഗ്രത പാലിക്കുകയും ചെയ്യുന്നുണ്ട്.
ജനീവയിൽ നടന്ന ആണവ ചർച്ചകളിൽ ഇറാൻ സ്വീകരിച്ച നിഷേധാത്മക നിലപാടിൽ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇറാൻ ഭരണകൂടം പൗരന്മാരെ അന്യായമായി തടവിൽ പാർപ്പിക്കുന്നതിനെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രൂക്ഷമായി വിമർശിക്കുകയും യു.എസ് പൗരന്മാരോട് അടിയന്തരമായി ഇറാൻ വിടാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.