ഇറാന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ നാളത്തെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; ക്ലാസുകള്‍ ഓണ്‍ലൈനില്‍

ഇറാന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ നാളത്തെ  സിബിഎസ്ഇ  പരീക്ഷകള്‍  മാറ്റി; ക്ലാസുകള്‍ ഓണ്‍ലൈനില്‍

ബെഹ്‌റിന്‍: ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ നാളത്തെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് മാറ്റിയത്.  പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ശേഷിക്കുന്ന പരീക്ഷകളും മാറ്റി വയ്ക്കുമോ എന്ന് വ്യക്തമല്ല. യുഎഇ, ബെഹ്‌റിന്‍, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇവിടെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്തു.

ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ വഷളായ സ്ഥിതിഗതികളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായിരുന്നു. പരീക്ഷകള്‍ മാറ്റി വച്ചതോടെ താല്‍ക്കാലിക ആശ്വാസമായി.

അതിനിടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം ശക്തമാക്കി. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇറാന്റെ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് വന്‍ തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വ്യോമ പ്രതിരോധത്തിന്റെ ഭാഗമായി ആകാശത്തു വച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങളാണ് അഗ്‌നി ബാധയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. തീ പിടുത്തത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. മിസൈല്‍ ആക്രമണത്തില്‍ ബഹ്‌റിനിലെ ഹോട്ടല്‍ കെട്ടിടത്തിന് തീപിടിച്ചതായും വിവരമുണ്ട്. ഒമാനിലും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ബെഹ്‌റിന്‍ തലസ്ഥാനമായ മനാമയിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ ആകാശത്തുവച്ച് അവ തകര്‍ക്കുകയായിരുന്നു. രാജ്യത്ത് അമേരിക്കന്‍ സൈനിക താവളങ്ങളുടെ പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. കഴിയുന്നതും വീടുകളില്‍ തന്നെ തുടരാനാണ് ജനങ്ങളോട് അധികൃതര്‍ പറയുന്നത്.

അതിനിടെ ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു. ജോലിക്കാരുടെ താമസ സ്ഥലത്തായാണ് ഡ്രോണുകള്‍ വീണത്. ജനവാസ മേഖലയില്‍ നടന്ന ആക്രമണത്തില്‍ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.

ഖസബ് തുറമുഖത്തെ എം.ടി സ്‌കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായി. സ്‌ഫോടനത്തിന് പിന്നാലെ കപ്പലില്‍ വന്‍ തീപ്പിടിത്തമുണ്ടായി. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

15 ഇന്ത്യക്കാരടക്കം 20 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഇന്ധന ടാങ്കറിലെ എല്ലാ ജീവനക്കാരേയും ഒഴിപ്പിച്ചു. ആക്രമണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.