തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; നാലുപേര്‍ മരിച്ചു; കുട്ടിയടക്കം എട്ടുപേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; നാലുപേര്‍ മരിച്ചു; കുട്ടിയടക്കം എട്ടുപേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. എട്ട് വയസുകരനടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലാപുരത്ത് ഇന്ന് രാവിലെ 8.30നാണ് സ്‌ഫോടനം ഉണ്ടായത്. എസ്. കുമാര്‍ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാര്‍ (40), പി. മുരുഗേശന്‍ (38) എന്നിവരാണ് മരിച്ചത്. കുമാര്‍, പെരിയസ്വാമി, വീരകുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചും മുരുഗേശന്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

നൂറിലധികം പേര്‍ ജോലി ചെയ്യുന്ന പടക്ക നിര്‍മാണശാലയുടെ കെമിക്കല്‍ ബ്ലന്‍ഡിംഗ് വിഭാഗത്തിലാണ് അപകടം നടന്നത്. ശിവകാശി, ശ്രീവില്ലിപുത്തൂര്‍ വിരുദുനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകട സമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. ക്രിസ്തുമസ് പുതുവര്‍ഷ കച്ചവടത്തിനായി നിര്‍മിച്ച പടക്കം വലിയ അളവില്‍ ഇവിടെ സൂക്ഷിച്ചിരുന്നു.

സ്‌ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും തകര്‍ന്നു. ശിവകാശി മേട്ടുപ്പടി സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പൂജ നടത്താനായാണ് ജോലിക്കാര്‍ പടക്ക നിര്‍മാണ യൂണിറ്റിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളിയായ ഗോപാലകൃഷ്ണന്‍ പൂജക്കായി മകനേയും ഒപ്പം കൂട്ടിയിരുന്നു. കുട്ടിക്കും പരിക്കേറ്റ് ചികിത്സയിലാണ്. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.