ഉദരത്തില്‍ വെടിയേറ്റിട്ടും കൊലയാളിയെ കീഴ്‌പ്പെടുത്തി; യു.എസില്‍ പോലീസുകാരിക്ക് അഭിനന്ദനപ്രവാഹം

ഉദരത്തില്‍ വെടിയേറ്റിട്ടും കൊലയാളിയെ കീഴ്‌പ്പെടുത്തി; യു.എസില്‍ പോലീസുകാരിക്ക് അഭിനന്ദനപ്രവാഹം

കൊളറാഡോ(യു.എസ്): ഉദരത്തില്‍ വെടിയേറ്റിട്ടും അഞ്ചു പേരെ കൊലപ്പെടുത്തിയ അക്രമിയെ കീഴ്‌പ്പെടുത്തിയ പോലീസുകാരിയുടെ ധീരത ചര്‍ച്ചയാകുന്നു. യു.എസ്. സംസ്ഥാനമായ കൊളറാഡോയിലാണു സംഭവം നടക്കുന്നത്. ലേക്ക് വുഡിലെ പോലീസ് ഉദ്യോഗസ്ഥയായ ആഷ്‌ലി ഫെറിസാ(28)ണ് ഉദരത്തില്‍ വെടിയേറ്റിട്ടും കൊലയാളിയെ സാഹസികമായി വെടിവെച്ചു കീഴടക്കിയത്.

കഴിഞ്ഞദിവസമാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടത്. കൊളറാഡോതലസ്ഥാനമായ ഡെന്‍വറില്‍ നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ ക്ലാര്‍ക്കായ സാറസ്റ്രിക്കിനെ (28) വെടിവെച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ലിന്‍ഡന്‍ മക്‌ലിയോഡി(47)നെയാണ് ആഷ്‌ലി ധീരമായി നേരിട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയോട് തോക്ക് താഴെയിടാന്‍ അവിടെയെത്തിയ ആഷ്ലി ആവശ്യപ്പെട്ടു. എന്നാല്‍ ആഷ്‌ലിയുടെ ഉദരത്തിന് നേരെ പ്രതി വെടിയുതിര്‍ത്തു. പക്ഷേ, വെടിയേറ്റിട്ടും പ്രതിക്ക് മുന്നില്‍ പതാറതെ ആഷ്‌ലി തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് 47-കാരന്റെ നരഹത്യയ്ക്ക് വിരാമമായത്.

കൃത്യസമയത്ത് പോലീസ് ഉദ്യോഗസ്ഥ എത്തിയില്ലായിരുന്നുവെങ്കില്‍ എത്രപേര്‍ ലിന്‍ഡന്റെ തോക്കിന് ഇരയാകുമെന്ന് പറയാന്‍ കഴിയുമായിരുന്നില്ലെന്നാണ് ലോക്ക് വുഡ് പോലീസ് വക്താവ് ജോണ്‍ റൊമിറൊ പ്രതികരിച്ചത്. പ്രതി നേരത്തെ രണ്ടുതവണ പോലീസിന്റെ നിരീക്ഷണവലയത്തിലുണ്ടായിരുന്നെങ്കിലും കേസുകളൊന്നും ചാര്‍ജ് ചെയ്തിരുന്നില്ല. അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി ലക്ഷ്യമിട്ടിരുന്നത് ടാറ്റു പാര്‍ലറിലെ ജീവനക്കാരെയായിരുന്നു. കൊല്ലപ്പെട്ടവരില്‍ നാലുപേരും ടാറ്റു ജോലിയുമായി ബന്ധപ്പെട്ടവരാണ്. മറ്റൊരു ഇരയായ ഹോട്ടല്‍ ജീവനക്കാരിയെ പ്രതിക്ക് നേരത്തെ അറിയാമായിരുന്നതായും പോലീസ് കരുതുന്നു.

ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും ഉദരത്തില്‍ വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇവര്‍ സുഖംപ്രാപിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.