വേദപാരംഗതരായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും

വേദപാരംഗതരായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും

അനുദിന വിശുദ്ധര്‍ - ജനുവരി 02

ഷ്യാ മൈനറില്‍ സേസരയാ എന്ന സ്ഥലത്ത് എ.ഡി 330 ലാണ് വിശുദ്ധ ബേസില്‍ ജനിച്ചത്. കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനായിരുന്നു ബേസില്‍. അദേഹത്തിന്റെ മൂന്ന് സഹോദരന്മാരും മെത്രാന്മാര്‍ ആയിരുന്നു. ബേസിലിന്റെ അമ്മൂമ്മയും ദൈവ ഭക്തയുമായിരുന്ന മാക്രിനാ ചെറുമകന്റെ മതപരമായ വിദ്യാഭ്യാസത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

യുവത്വം മുതല്‍ പ്രായമാവുന്നത് വരെ വിശുദ്ധ ബേസിലും നാസിയാന്‍സെന്നിലെ വിശുദ്ധ ഗ്രിഗറിയും തമ്മില്‍ അഗാധമായ സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. വിശുദ്ധ ബെര്‍ണാര്‍ഡ് പാശ്ചാത്യ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ പിതാവാണെങ്കില്‍, പൗരസ്ത്യ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ പിതാവാണ് വിശുദ്ധ ബേസില്‍.

ഒരു മെത്രാനെന്ന നിലയില്‍ നാസ്ഥിക വാദത്തിനെതിരെ പോരാടി കത്തോലിക്കാ വിശ്വാസത്തെ സംരക്ഷിച്ച ധീര യോദ്ധാവായിരുന്നു വിശുദ്ധ ബേസില്‍. എ.ഡി 372 ല്‍ വലെന്‍സ് ചക്രവര്‍ത്തി നാസ്ഥിക വാദത്തെ ഔദ്യോഗിക മതമാക്കി മാറ്റുന്നതിന് ബൈസന്റൈന്‍ ചക്രവര്‍ത്തിയുടെ വിശ്വസ്തനായിരുന്ന മോഡെസ്റ്റസിനെ കാപ്പാഡോസിയയിലേക്കയച്ചു.

മോഡെസ്റ്റസ് ബേസില്‍ മെത്രാനെ സമീപിച്ച് അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ പ്രതി ശാസിക്കുകയും അദ്ദേഹത്തെ നശിപ്പിക്കുമെന്നും നാടുകടത്തുമെന്നും രക്തസാക്ഷിയാക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബേസിലിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'നിങ്ങള്‍ പറഞ്ഞതൊന്നും എന്നെ സ്പര്‍ശിക്കുകപോലും ചെയ്തിട്ടില്ല. കാരണം ഞങ്ങളുടെ കൈവശം ഒന്നുമില്ല. ഞങ്ങളുടെ കയ്യില്‍ നിന്നും ഒന്നും കൊള്ളയടിക്കുവാന്‍ കഴിയുകയില്ല. നാടുകടത്തുവാനും സാധ്യമല്ല.

കാരണം ദൈവത്തിന്റെ ഈ ഭൂമിയില്‍ എവിടെയായിരുന്നാലും ഞാന്‍ എന്റെ ഭവനത്തിലാണ്. പീഡനങ്ങള്‍ക്ക് എന്നെ തളര്‍ത്തുവാന്‍ കഴിയുകയില്ല, കാരണം എനിക്ക് ശരീരമില്ല. എന്നെ വധിക്കുകയാണെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യുന്നു. എന്തെന്നാല്‍ എനിക്ക് ദൈവത്തെ എത്രയും പെട്ടെന്ന് കാണുവാന്‍ സാധിക്കുമല്ലോ. ഒരു പരിധിവരെ ഞാന്‍ ഇതിനോടകം തന്നെ മരിച്ചവനാണ്. വളരെ കാലമായി ഞാന്‍ കല്ലറയിലേക്ക് പോകുവാന്‍ ധൃതി കൂട്ടുകയായിരുന്നു'.

വിശുദ്ധന്റെ ഈ മറുപടിയില്‍ ആശ്ചര്യം പൂണ്ട മുഖ്യന്‍ ഇപ്രകാരം പറഞ്ഞു 'ഇതുവരെ ആരും എന്നോടു ഇത്രയും ധൈര്യമായി സംസാരിച്ചിട്ടില്ല.' 'ഒരു പക്ഷെ നിങ്ങള്‍ ഇതിനു മുന്‍പൊരു മെത്രാനെ കണ്ടിട്ടുണ്ടാവില്ല' എന്നായിരുന്നു ബേസില്‍ മറുപടി കൊടുത്തത്.

ഉടന്‍തന്നെ വലെന്‍സ് ചക്രവര്‍ത്തിയുടെ പക്കല്‍ തിരിച്ചെത്തിയ മോഡെസ്റ്റസ് ഇപ്രകാരം ഉണര്‍ത്തിച്ചു: 'സഭാ നായകന്റെ അടുത്ത് ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ അദ്ദേഹം ഭീഷണിക്കു മേല്‍ ശക്തനും വാക്കുകളില്‍ ദൃഢതയുള്ളവനും പ്രലോഭനങ്ങള്‍ക്കു മേലെ സമര്‍ത്ഥനുമായിരുന്നു.''

വിശുദ്ധ ബേസില്‍ അനുകരണീയമായ സ്വഭാവ ഗുണങ്ങളോട് കൂടിയവനും ആ കാലഘട്ടത്തിലെ ജ്വലിക്കുന്ന ദീപവുമായിരുന്നു. സഭാപരമായ എല്ലാ പ്രവര്‍ത്തികളിലും അദ്ദേഹം അപാരമായ കഴിവും അത്യുത്സാഹവും പ്രകടിപ്പിച്ചിരുന്നു. മഹാനായ ഒരു ദൈവശാസ്ത്രജ്ഞന്‍, ശക്തനായ സുവിശേഷകന്‍, ദൈവീക ദാനമുള്ള എഴുത്തുകാരന്‍ എന്നീ നിരവധി പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടിരിന്നു.

ആശ്രമ ജീവിതത്തിന്റെതായ രണ്ടു നിയമങ്ങള്‍ എഴുതിയുണ്ടാക്കിയത് വിശുദ്ധനാണ്. പൗരസ്ത്യ ആരാധന ക്രമത്തിന്റെ പരിഷ്‌കര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ് വിശുദ്ധ ബേസില്‍. എ.ഡി 379 ല്‍ 49 വയസുള്ളപ്പോള്‍ അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

വിശുദ്ധ ഗ്രിഗറി നസിയാന്‍സെന്‍

.ഡി 339 ല്‍ കാപ്പാഡോസിയയിലെ നസിയാന്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗ്രിഗറി ജനിച്ചത്. കാപ്പാഡോസിയയില്‍ നിന്നും തിരുസഭയ്ക്ക് ലഭിച്ച മൂന്ന് ദീപങ്ങളില്‍ ഒരാളാണ് ഗ്രീക്കുകാര്‍ ''ദൈവ ശാസ്ത്രജ്ഞന്‍'' എന്ന ഇരട്ടപ്പേര് നല്‍കിയ വിശുദ്ധ ഗ്രിഗറി. തന്റെ വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനത്തിന് അദ്ദേഹം ഏറെ കടപ്പെട്ടിരിക്കുന്നത് തന്റെ മാതാവും വിശുദ്ധയുമായ നോന്നായോടാണ്.

ഏഥന്‍സിലെ അലെക്‌സാണ്ട്രിയായിലുള്ള പ്രസിദ്ധമായ സീസേറിയ എന്ന വിദ്യാലയത്തിലാണ് വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഏഥന്‍സില്‍ വച്ചാണ് ഗ്രിഗറി ബേസിലുമായുള്ള സുഹൃത്ബന്ധം തുടങ്ങിയത്. 360 ല്‍ ആയിരുന്നു അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചത്. കുറെക്കാലം ഒരാശ്രമത്തില്‍ ഏകാന്ത വാസം നയിച്ചു. അതിനു ശേഷം 372 ല്‍ വിശുദ്ധ ബേസില്‍ ഗ്രിഗറിയെ മെത്രാനായി അഭിഷേകം ചെയ്തു.

381 ല്‍ അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സഭയുടെ നായകനായി. പക്ഷെ വിവാദങ്ങള്‍ മൂലം സ്വയം വിരമിക്കുകയും പിന്നീട് ഏകാന്ത ജീവിതം നയിക്കുകയും ചെയ്തു. ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു വിശുദ്ധ ഗ്രിഗറി. പക്ഷെ, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ വിശുദ്ധന് സുവിശേഷ വേലകളിലും സഭാ സംബന്ധിയായ പല പ്രവര്‍ത്തനങ്ങളിലും മുഴുകേണ്ടാതായി വന്നു.

ക്രിസ്തീയ പൂര്‍വ്വികതയുടെ ശക്തനായ പ്രാസംഗികനായിരുന്നു വിശുദ്ധ ഗ്രിഗറി. വിശുദ്ധന്റെ വ്യത്യസ്തമായ രചനകള്‍ അദ്ദേഹത്തിന് 'തിരുസഭയുടെ വേദപാരംഗതന്‍' എന്ന പേര് നേടികൊടുക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. പിക്കാര്‍ഡിയിലെ അഡലാര്‍ഡ്

2. ഫ്രാന്‍സില്‍ ഓക്കിലെ മെത്രാനായ അസ്പാസിയൂസ്

3. സഹോദരന്മാരായ ആര്‍ഗെയൂസ്, നാര്‍സിസൂസ്, മര്‍സെല്ലിന്നൂസ്

4. അര്‍ടാക്‌സൂസ്, അക്കത്തൂസ്, എവുജെന്റോ, മാക്‌സിമിയാന്നൂസ്, തിമോത്തി, തോബിയാസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.