കൊച്ചി: രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കാന്‍ ശുപാര്‍ശ നല്‍കിയെന്ന വാര്‍ത്തകള്‍ തള്ളാതെ ഗവര്‍ണര്‍. രാഷ്ട്രപതിഭവനെ ആദരിക്കണമെന്ന ഭരണഘടനാ ബാധ്യത കൂടി ഓര്‍മ്മിപ്പിച്ചായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഭരണഘടനയുടെ 51 (എ) അനുഛേദം പ്രത്യേകം പരാമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് ഖാന്‍, രാഷ്ട്രപതി, ഗവര്‍ണര്‍ പദവികള്‍ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങള്‍ എല്ലാവരും പാലിക്കണമെന്നും കൊച്ചിയില്‍ പറഞ്ഞു.
'വിവാദമുണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണം. എല്ലാവരും നിയമവും ഭരണഘടനയും മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്. അജ്ഞത കൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുന്നില്ല'. ഡി- ലിറ്റ് വിവാദത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണറുടെ ഓഫീസിനെ ചര്‍ച്ചാ വിഷയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നല്‍കണമെന്ന ശുപാശ തള്ളിയതാണ് സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിന് കാരണമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതോടെ വിഷയം വിവാദമാകുകയായിരുന്നു.
ഇതോടെ സര്‍ക്കാരും വെട്ടിലായി. എന്നാല്‍ രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നതില്‍ പ്രശ്‌നങ്ങളുണ്ടായെങ്കില്‍ വെളിപ്പെടുത്തേണ്ടത് ഗവര്‍ണറാണെന്നും ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കുന്ന പ്രചാരണമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ മുന്നില്‍ വന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ചുവെന്ന വിവാദത്തില്‍ സര്‍ക്കാറിനെതിരായ ചെന്നിത്തലയുടെ ആക്ഷേപം ഏറ്റെടുക്കാതെ ഗവര്‍ണറെ കടന്നാക്രമിച്ചായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തെങ്കില്‍ അത് തെറ്റാണെന്നും ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നുമായിരുന്നു വിഡി സതീശന്റെ ആരോപണം. എന്നാല്‍ ദളിതനായ രാഷ്ടപ്രതിയെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചുവെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.