കൊല്‍ക്കത്ത: കോവിഡിനൊപ്പം ഒമിക്രോണ്‍ വ്യാപനവും ശക്തമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഒരിടവേളക്ക് ശേഷം ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ബംഗാളില്‍ ഏര്‍പ്പെടുത്തുന്നത്.
നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ സിനിമാശാലകളും അടച്ചിടും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചു. ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും അടച്ചിടും.
കൊല്‍ക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കോവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ബംഗാള്‍ നിയന്ത്രണം കടുപ്പിച്ചത്.
കഴിഞ്ഞ ദിവസം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്. ഒമിക്രോണ്‍ കേസുകളുടെ വ്യാപനവും സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. നിലവില്‍ 20 ഒമിക്രോണ്‍ കേസുകളാണ് ബംഗാളിലുള്ളത്.
അതേസമയം രാജ്യത്താകമാനം കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇന്ന് 24 മണിക്കൂറിനിടെ 27,553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഡല്‍ഹി, കേരളം തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ രോഗവ്യാപനം മൂലം ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് പ്രതിദിന രോഗവ്യാപനത്തിലുണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.