പുതുവര്‍ഷത്തില്‍ ശമ്പളവും പെന്‍ഷനും മുടക്കി ട്രഷറി; പെന്‍ഷന്‍ കിട്ടാതെ മടങ്ങിയത് ആയിരങ്ങള്‍

 പുതുവര്‍ഷത്തില്‍ ശമ്പളവും പെന്‍ഷനും മുടക്കി ട്രഷറി; പെന്‍ഷന്‍ കിട്ടാതെ മടങ്ങിയത് ആയിരങ്ങള്‍

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ ശമ്പളവും പെന്‍ഷനും മുടക്കി സാധാരണക്കാരന് എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് ട്രഷറി. പുതുവര്‍ഷം തുടങ്ങി മൂന്നാം ദിവസത്തിലും പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ ട്രഷറിയിലെ കമ്പ്യൂട്ടര്‍ സംവിധാനം നിശ്ചലമായതാണ് പ്രതിസന്ധിക്ക് കാരണം. ഇന്നു മുതല്‍ കൊടുത്തു തുടങ്ങാന്‍ കഴിയുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇടപാടുകള്‍ ഇഴയുമെന്നാണ് സൂചന.

പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാനായില്ലെങ്കില്‍ വെള്ളി മുതല്‍ തിങ്കള്‍ വരെ വീണ്ടും സെര്‍വര്‍ അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്തും. ഈ ശനിയും ഞായാറും ഇത്തരത്തില്‍ കെല്‍ട്രോണിലെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെയും വിദഗ്ധര്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ സിസ്റ്റം ഓണാക്കാന്‍ പോലും കഴിഞ്ഞില്ല. ഇതോടെ ശമ്പള വിതരണം പൂര്‍ണമായി തടസപ്പെടുകയായിരുന്നു.

എന്‍.ഐ.സിയിലെ വിദഗ്ദ്ധര്‍ എത്തി വൈകിട്ട് മൂന്ന് മണിയോടെ തകരാര്‍ പരിഹരിച്ചെങ്കിലും പ്രവര്‍ത്തനം സാധാരണ നിലയിലായില്ല. ആയിരക്കണക്കിന് പെന്‍ഷന്‍കാരാണ് തുക കൈപ്പറ്റാന്‍ നേരിട്ട് എത്തിയശേഷം നിരാശരായി മടങ്ങിയത്. നേരിട്ട് ശമ്പളം സ്വീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും വെറും കൈയോടെ മടങ്ങി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിഞ്ഞില്ല.

അഞ്ചര ലക്ഷം പെന്‍ഷന്‍കാര്‍ക്കും നാലേമുക്കാല്‍ ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് മാസത്തിലെ ഒന്നു മുതല്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നത്. സെര്‍വറിന്റെ പോരായ്മയും തകരാറും ഡിസംബറില്‍ തന്നെ കണ്ടെത്തിയിരുന്നു.

സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയുണ്ടാകുന്നത് ഇത് ആദ്യമല്ല. 2021 മാര്‍ച്ച്, ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളില്‍ സെര്‍വര്‍ തകരാര്‍ മൂലം ശമ്പള, പെന്‍ഷന്‍ വിതരണം മുടങ്ങിയിരുന്നു. ട്രഷറി പ്രവര്‍ത്തനത്തിലെ വീഴ്ച കണക്കിലെടുത്ത് ഡയറക്ടറെ കഴിഞ്ഞ മാസം മാറ്റി. പകരം ഡയറക്ടറെ നിയമിച്ചിട്ടില്ല. ജോയിന്റ് ഡയറക്ടര്‍ക്കാണ് താല്‍ക്കാലിക ചുമതല.

കംപ്യൂട്ടര്‍, സെര്‍വറുകള്‍, ഡാറ്റാ ബന്ധിപ്പിക്കല്‍ സംവിധാനങ്ങളുടെ ചുമതല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിനാണ്. കെല്‍ട്രോണും ട്രഷറി ഐ.ടി.വിഭാഗവും സഹായിക്കുന്നു. കൂടാതെ ട്രഷറിയിലെ സെര്‍വര്‍ അടക്കമുള്ള സംവിധാനങ്ങളുടെ ചുമതല സാങ്കേതിക വൈദഗ്ധ്യമില്ലാത്തവരെയാണ് ഏല്‍പിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.