യുവാക്കളില്‍ പടരുന്ന നാഡീസംബന്ധമായ അജ്ഞാത രോഗം; പരിഭ്രാന്തിയുടെ പിടിയില്‍ കാനഡയിലെ സമുദ്ര തീര പ്രവിശ്യ

  യുവാക്കളില്‍ പടരുന്ന നാഡീസംബന്ധമായ അജ്ഞാത രോഗം; പരിഭ്രാന്തിയുടെ പിടിയില്‍ കാനഡയിലെ സമുദ്ര തീര പ്രവിശ്യ


ഒട്ടാവ: നാഡീസംബന്ധമായ അജ്ഞാത രോഗം യുവാക്കളില്‍ വ്യാപിക്കുന്നതിന്റെ ഉത്ക്കണ്ഠയില്‍ മുങ്ങി കാനഡയിലെ ന്യൂ ബ്രണ്‍സ് വിക്ക് പ്രവിശ്യ. പെട്ടെന്നുള്ള ഭാരം കുറയല്‍, ഉറക്കമില്ലായ്മ, മതിഭ്രമം, ചിന്താശേഷിയുടെ ഗുരുതര തകരാര്‍, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

രണ്ടു വര്‍ഷമായി ഒട്ടേറെ യുവാക്കളുടെ ജീവിതം നരകതുല്യമാക്കുന്ന അജ്ഞാത രോഗത്തെപ്പറ്റി ഒരു പിടിയും കിട്ടുന്നില്ല ഈ സമുദ്ര തീര പ്രവിശ്യയിലെ ആരോഗ്യവിദഗ്ധര്‍ക്കെന്ന് വിവരം മാധ്യമങ്ങളെ അറിയിച്ച 'വിസില്‍ ബ്ലോവര്‍' പറയുന്നു. പാരിസ്ഥിതിക കാരണങ്ങളാകാം രോഗത്തിനു പിന്നിലെന്ന് ഊഹിക്കുന്നുണ്ടെങ്കിലും തെളിവുകള്‍ ലഭ്യമായിട്ടില്ല.

ഈ മേഖലയിലെ യുവാക്കള്‍ വല്ലാത്ത ഭയത്തിലാണെന്ന് ആരോഗ്യ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിസില്‍ ബ്ലോവര്‍ പേര് വെളിപ്പെടുത്താതെ ചൂണ്ടിക്കാട്ടി. വളരെ വേഗത്തിലാണ് രോഗം വളരുന്നത്. 20 വയസ്സു മുതലുള്ളവരില്‍ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. നിലവില്‍ 48 പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക കണക്കെങ്കിലും 150-ലേറെപ്പേര്‍ക്ക് രോഗമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഒരു കുടുംബത്തിലെ ഒരംഗത്തിന് മറവിരോഗമായിരുന്നു ആദ്യം ലക്ഷണമായി കണ്ടത്. പിന്നാലെ മറവിയും മതിഭ്രമവും മറ്റു വൈഷമ്യങ്ങളും അദ്ദേഹത്തിന്റെ ഭാര്യയിലും വീട്ടുജോലിക്കാരിയിലും കണ്ടെത്തി. ഇപ്പോള്‍ കൂടുതല്‍ അവശതയിലാണ് മറ്റ് രണ്ടു പേരും.

ജനിതക കാരണങ്ങളല്ല, മറിച്ച് പാരിസ്ഥിതിക കാരണങ്ങളായിരിക്കാം രോഗത്തിനു പിന്നിലെന്നാണ് അനുമാനം.അടുത്ത സമ്പര്‍ക്കത്തിലുള്ള ആളുകള്‍ക്കിടയിലെ രോഗവ്യാപനം സംബന്ധിച്ച് കുറഞ്ഞത് ഒമ്പത് കേസുകളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. 'ഞങ്ങള്‍ക്ക് തികഞ്ഞ ആശങ്കയുണ്ട്. കാരണം എണ്ണം വളരെ വേഗം കൂടിക്കൊണ്ടിരിക്കുന്നു,' വിസില്‍ ബ്ലോവര്‍ അറിയിച്ചു. 'അധികൃതര്‍ എന്തെങ്കിലും വിശദീകരണം നല്‍കണം.'

രോഗം ബാധിച്ച 30 വയസ്സുള്ള ഒരു സ്ത്രീക്ക് ട്യൂബ് ഉപയോഗിച്ചാണ് ഭക്ഷണം നല്‍കുന്നത്. അനിയന്ത്രിതമായി തുപ്പുന്നുണ്ട് ഈ സ്ത്രീ. 20 വയസ്സുള്ള നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ അവരുടെ പരിചാരികയും നാഡീസംബന്ധമായ വിഷമതകള്‍ നേരിട്ടു തുടങ്ങി. യുവതിയായ ഒരു അമ്മയ്ക്ക് പെട്ടെന്ന് 60 പൗണ്ട് ഭാരം നഷ്ടപ്പെട്ടു. ഉറക്കമില്ലായ്മ , ഭ്രമാത്മകത എന്നിവ ഏറിവരുന്നു അവര്‍ക്ക്. മസ്തിഷ്‌ക കോശങ്ങള്‍ ശോഷിച്ചുവരുന്നതായി അവരുടെ ബ്രെയിന്‍ ഇമേജിംഗില്‍ വ്യക്തമാണ്.

'ഇതൊരു ന്യൂ ബ്രണ്‍സ്വിക്ക് രോഗമാകാനിടയില്ല,' വിസില്‍ ബ്ലോവര്‍ പറയുന്നു. ' ആളുകള്‍ പാരിസ്ഥിതിക ഘടകങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രദേശമാണിത്. അക്കാരണത്താല്‍ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത് ഇവിടെയാകാനുള്ള സാധ്യതയാണ് ഞങ്ങള്‍ കാണുന്നത്.' ന്യൂ ബ്രണ്‍സ് വിക്ക് പ്രവിശ്യ അജ്ഞാത രോഗത്തിന്റെ ഭീഷണിയിലാണെന്ന സൂചനയോടെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരോഗ്യ വകുപ്പില്‍ രൂപം കൊണ്ട മെമ്മോ മാധ്യമങ്ങള്‍ക്കു ലഭിച്ചിരുന്നു.അതേസമയം, തെറ്റായ രോഗനിര്‍ണയങ്ങള്‍ക്ക് പരസ്പര ബന്ധം ഉണ്ടെന്ന നിഗമനങ്ങളില്‍ ചിലര്‍ എത്തിയതാണ് ഇതിനു കാരണമെന്ന വിശദീകരണമാണ് അധികൃതരില്‍ നിന്നുണ്ടായത്.

ന്യൂ ബ്രണ്‍സ് വിക്കിനു പുറമേ അയല്‍ പ്രവിശ്യകളില്‍ നിന്നുമുള്ള നാഡീരോഗ കേസുകള്‍ വിലയിരുത്തുന്ന മോണ്‍ക്ടണ്‍ നഗരത്തിലെ മൈന്‍ഡ് ക്ലിനിക് എന്നറിയപ്പെടുന്ന സ്‌പെഷ്യല്‍ ന്യൂറോ ഡിജെനറേറ്റീവ് ഡിസോര്‍ഡര്‍ ക്ലിനിക്കിന് ഇതേവരെ നടത്തിയ വിശകലനത്തില്‍ അജ്ഞാത രോഗം സംബന്ധിച്ച് ഈടുറ്റ ഡാറ്റകള്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല.അതേസമയം, രോഗ ബാധിതരാകുന്നവരുടെ വിവരം ഇവിടെ കിട്ടണമെന്ന് നിര്‍ബന്ധമില്ല. മസ്തിഷ്‌ക സംബന്ധമായ തകരാറുകള്‍ സംബന്ധിച്ച് കൃത്യത ലഭിക്കാന്‍ മരണശേഷമുള്ള സെറിബ്രല്‍ ടിഷ്യുവിന്റെ പൂര്‍ണ്ണ പരിശോധന മിക്കപ്പോഴും അനിവാര്യമാണെന്നതാണ് മറ്റൊരു വൈതരണി.

ദുരൂഹ നീക്കങ്ങളുമായ അധികൃതര്‍

അതേസമയം, പുതിയ കേസുകളെ ചുറ്റിപ്പറ്റിയുള്ള ശ്രദ്ധേയമായ വിശദാംശങ്ങള്‍ ഉണ്ടായിരുന്നിട്ടും, പ്രവിശ്യാ അധികാരികള്‍ ഭയം കുറയ്ക്കാനാണ് അധിക ശ്രദ്ധ ചെലുത്തുന്നതെന്ന ആരോപണവുമുണ്ട്. ഒക്ടോബറില്‍, എട്ട് മാരകമായ കേസുകള്‍ ഉണ്ടായിട്ടും തെറ്റായ രോഗനിര്‍ണയത്തിന്റെ ഫലമാണെണതെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചു. ന്യൂറോളജിക്കല്‍ അസുഖ ബാധിതരായ ഇരകള്‍ മറ്റു കാരണങ്ങളാലാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വാദിച്ചതായും പരാതിയുണ്ട്. അല്‍ഷിമേഴ്സ് രോഗമാണ് ആണ് പൊതുവേ പ്രതിക്കൂട്ടിലാകുന്നത്. പ്രവിശ്യയെ അടിസ്ഥാനമാക്കി ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഒരു എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പുതിയ രോഗത്തെ വിശദീകരിക്കുന്ന അറിയപ്പെടുന്ന ഭക്ഷണ, പെരുമാറ്റ, പാരിസ്ഥിതിക ഘടകങ്ങള്‍ ഉള്ളതിന്റെ കാര്യമായ തെളിവുകളൊന്നുമില്ലെന്നാണ്.

എന്നാല്‍ പല വിദഗ്ധ ഡോക്ടര്‍മാരും വിവരങ്ങള്‍ പരിശോധിച്ച ശേഷം പ്രധാനമായും രോഗികളുടെ പ്രായക്കുറവു മൂലം പരിഭ്രാന്തരാണ്. യുവാക്കളില്‍ ന്യൂറോളജിക്കല്‍ രോഗങ്ങള്‍ സാധാരണയായി വിരളമാണെന്നതിനാല്‍ പുതിയ പ്രതിഭാസത്തെ അവഗണിക്കാനാകില്ലെന്നാണ് അവര്‍ പറയുന്നത്. 'ന്യൂ ബ്രണ്‍സ് വിക്ക് ഗവണ്‍മെന്റിന്റെ അഭിലഷണീയമായ നിലപാടിനെതിരെ വളരെ ശക്തമായി വാദിക്കുന്നു രോഗികളായ ചെറുപ്പക്കാര്‍. രോഗബാധയുടെ വര്‍ഗ്ഗീകരണം തെറ്റായി നിര്‍വഹിക്കപ്പെടുകയാണ്,' കാനഡയിലെ പൊതുസമൂഹത്തില്‍ സ്വീകാര്യതയുള്ള, ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു ആരോഗ്യ ശാസ്ത്രജ്ഞന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാവുന്ന 'ബിഎംഎഎ' വിഭാഗത്തിലെ ന്യൂറോടോക്‌സിനുകള്‍ അധികമായുള്ള ലോബ്സ്റ്ററുകള്‍ ഇപ്പോഴത്തെ ്അജ്ഞാത രോഗത്തിനിടയാക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ വിദഗ്ധ പഠനം ആവശ്യമാണെന്ന വാദം ഉയരുന്നുണ്ട്.അതേസമയം, ന്യൂ ബ്രണ്‍സ് വിക്കിലെ പല തീരദേശ സമൂഹങ്ങളുടെയും സമ്പദ് വ്യവസ്ഥയെ നയിക്കുന്നത് ലോബ്സ്റ്റര്‍ ആകയാല്‍ ഈ വഴിയുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നില്ല.രോഗത്തിനു പിന്നില്‍ ഗൂഢാലോചനക്കാരാണെന്ന സിദ്ധാന്തത്തെ സര്‍ക്കാരും പ്രോല്‍സാഹിപ്പിക്കുന്നതായാണ് അനുഭവമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.'ബിഎംഎഎ' ബന്ധം സാധ്യമായ കാരണമല്ലെന്ന നിഗമനമാണ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ക്കുള്ളതെന്ന് മാധ്യമങ്ങള്‍ക്ക് വിവരാവകാശ അഭ്യര്‍ത്ഥന പ്രകാരം ലഭിച്ച രേഖകള്‍ പറയുന്നു.

അതേസമയം, 'ഒരു വ്യക്തിയുടെ മസ്തിഷ്‌ക കോശം ഒരു പ്രത്യേക വിഷവസ്തുവിന് വേണ്ടി പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന ഡാറ്റ വ്യാഖ്യാനിക്കാനുള്ള മാര്‍ഗം ഇപ്പോള്‍ ഞങ്ങളുടെ പക്കലില്ല. '- ബന്ധപ്പെട്ട ഒരു ശാസത്രജ്ഞന്‍ സമ്മതിച്ചു.ഇതുമായി ബന്ധപ്പെട്ട ഗവേഷണം ആരംഭിക്കാന്‍ ശാസ്ത്രജ്ഞ സംഘങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ 'ആ ജോലിയുമായി മുന്നോട്ട് പോകരുതെന്ന് ന്യൂ ബ്രണ്‍സ് വിക്ക് പ്രവിശ്യാ അധികൃതര്‍ ഞങ്ങളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്'. ഇതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടാകാമെന്ന് ജനങ്ങള്‍ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.