119-ാം പിറന്നാള്‍ കൊണ്ടാടിയത് കൊക്കകോളയും ചോക്കലേറ്റും കഴിച്ച്; 120 തികയ്ക്കുമെന്ന് ജപ്പാന്‍കാരി കനെ തനാക്ക

  119-ാം പിറന്നാള്‍ കൊണ്ടാടിയത് കൊക്കകോളയും ചോക്കലേറ്റും കഴിച്ച്; 120 തികയ്ക്കുമെന്ന് ജപ്പാന്‍കാരി കനെ തനാക്ക


ഫുക്കുവോക്ക(ജപ്പാന്‍) : ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന ബഹുമതിയുടെ നിറവില്‍ ജാപ്പനീസ് വനിത 119-ാം ജന്‍മദിനം ആഘോഷിച്ചു. ജപ്പാനിലെ ഫുകുവോക്ക സ്വദേശിയായ കനെ തനാക്കയാണ് '120 വയസ്സു വരെ എങ്കിലും താന്‍ ജീവിക്കു' മെന്ന പ്രത്യാശ പങ്കുവയ്ക്കുന്നതിനിടെ പ്രിയപ്പെട്ട കൊക്കകോളയും ചോക്കലേറ്റും കഴിച്ച് പിറന്നാള്‍ ആഘോഷിച്ചത്. രണ്ടു വര്‍ഷം മുമ്പാണ്് ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ മുതുമുത്തശ്ശി സ്ഥാനം പിടിച്ചത്.

റൈറ്റ് സഹോദരന്‍മാര്‍ ആദ്യ വിമാനവുമായി പര്യടനം നടത്തുന്ന 1903-ലാണ് കനെ ജനിച്ചത്. ജനുവരി രണ്ടിനായിരുന്നു അവരുടെ ജനനം. ജപ്പാനിലെ ഫുക്കുവോക്കയിലെ ഒരു നഴ്സിങ് ഹോമിലാണ് തനാക്ക കുറേ കാലമായി താമസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം.ഈ പ്രായത്തിലും വളരെ ചുറുചുറുക്കോടെയാണ് കനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ ആറ് മണിക്ക് എഴുന്നേല്‍ക്കും. അല്‍പ്പ സമയം പാട്ടു കേള്‍ക്കും. ഇഷ്ട വിഷയമായ കണക്ക് പഠിക്കാന്‍ ഇപ്പോഴുമിവര്‍ സമയം കണ്ടെത്തുന്നതായി നഴ്സിങ് ഹോമിലുള്ളവര്‍ പറയുന്നു.

കനെ തനാക്കയ്ക്ക് അഞ്ച് മക്കളാണ് ഉള്ളത്. അതില്‍ ഒരാളെ ദത്തെടുത്തതാണ്. പ്രിയപ്പെട്ട നഴ്സുമാരെ സാക്ഷി നിര്‍ത്തി ലോകമങ്ങുമുള്ള ക്യാമറകള്‍ക്കു മുന്നിലാണ് കനെ പിറന്നാള്‍ ആഘോഷിച്ചത്.ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഇനിയും ജീവിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് നിലവില്‍ കാര്യമായ അസുഖമൊന്നുമില്ലാത്ത മുതുമുത്തശ്ശി പറയുന്നു. എട്ട് മക്കളില്‍ ഏഴാമത്തെ മകളാണ് ഇവര്‍.മാതാപിതാക്കളൊക്കെ വളരെ നേരത്തെ മരിച്ചു. മറ്റ് സഹോദരങ്ങളൊക്കെയും എന്നേ മരിച്ചതാണ്. 1922-ല്‍ വിവാഹിതയായി. ഭര്‍ത്താവും മൂത്ത മകനും 1937-ലെ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ മരിച്ചു. ഇതിനു ശേഷം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നൂഡില്‍ കട നടത്തുകയായിരുന്നു കനെ.

കനെ തനാക്കയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന റെക്കോര്‍ഡിട്ടത് ചിയോ മിയാക്കോ എന്ന സ്ത്രീയാണ്. 117 വയസ്സായിരുന്ന ഈ മുത്തശ്ശി 2003 ജൂണിലാണ് മരിച്ചത്. അതോടെ കനെ ലോകത്തിന്റെ മുത്തശ്ശിയായി മാറി. 2019-ല്‍ 116 വയസ്സുള്ളപ്പോഴാണ് ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തിയത്. ടോക്കിയോ ഒളിംപിക്‌സ് ദീപശിഖാ പ്രയാണത്തില്‍ ഇവര്‍ പങ്കെടുക്കാനിരുന്നതായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പിന്‍മാറി. കോവിഡ് വ്യാപന ശേഷം ഇവര്‍ പുറംലോകവുമായി കാര്യമായ ബന്ധം പുലര്‍ത്തുന്നില്ല. കുടുംബാംഗങ്ങളുമായി പോലും അധികം സമ്പര്‍ക്കമില്ലാതെയാണ് കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.