തൃശൂര്‍: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐ.യും സംഘവും അറസ്റ്റില്‍. മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പീച്ചിയ്ക്കടുത്ത് കണ്ണാറയില്‍ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. എ.എസ്.ഐ പ്രശാന്താണ് കാര്‍ ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തി. എന്നാല്‍ ഇവര്‍ കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിനാല്‍ അധിക ദൂരം സംഘത്തിന് മുന്നോട്ടു പോകാനായില്ല. തുടര്‍ന്നാണ് പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ വളഞ്ഞിട്ട് പിടികൂടിയത്. ഇതോടെയാണ് കാറോടിച്ചിരുന്നത് എ.എസ്.ഐയാണെന്ന് വ്യക്തമായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ.യായ പ്രശാന്ത് നിലവില്‍ വടക്കേക്കര സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനിലാണ്. കാറില്‍ കൂടെയുണ്ടായിരുന്നവര്‍ ഇയാളുടെ സുഹൃത്തുക്കളാണ്. സംഘത്തിലുള്ളത് എ.എസ്.ഐയാണെന്ന് മനസിലായതോടെ സ്ഥലത്തെത്തിയ പൊലീസുകാര്‍ സംഭവം മറച്ചുവെയ്ക്കാനും ശ്രമിച്ചു.
ഇവരെ കഴിഞ്ഞ ദിവസം രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിരുന്നില്ല. അതേസമയം, പ്രശാന്തിനെതിരേ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.