ബംഗളൂരു: കോവിഡ് മൂന്നാം തരംഗം റിപ്പോർട്ട് ചെയ്തതോടെ കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പ്രതിദിന കോവിഡ് കേസ് 2000 കടന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തരയോഗത്തിൽ ആരോഗ്യമന്ത്രി കെ. സുധാകർ, റവന്യൂ മന്ത്രി ആർ. അശോക തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയാണ് വാരാന്ത്യ കർഫ്യൂ. ജനുവരി ആറു മുതൽ രണ്ടാഴ്ചത്തേക്ക് ആദ്യഘട്ടത്തിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായില്ലെങ്കിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
നിലവിൽ ജനുവരി ഏഴു വരെ രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ രാത്രി കർഫ്യൂ നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം കേസുകളും ബംഗളൂരു നഗരത്തിലായതിനാൽ ബംഗളൂരുവിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തും. ചൊവ്വാഴ്ച 142 ഒമിക്രോൺ കേസുകൾ കർണാടകയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് പൊസിറ്റിവ് കേസുകൾ ഇരട്ടിയായിരുന്നു. തിങ്കളാഴ്ച 1290 പേർക്കും ചൊവ്വാഴ്ച 2053 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ ഉത്തരവ് പ്രകാരം, ബംഗളൂരു നഗരത്തിൽ 10,11,12 ക്ലാസുകൾ ഒഴികെ എല്ലാ സ്കൂളുകളും മെഡിക്കൽ, പാരാ മെഡിക്കൽ കോളജുകൾ ഒഴികെ എല്ലാ കോളജുകളും വ്യാഴാഴ്ച മുതൽ അടച്ചിടും.
കൂടാതെ പബ്ബുകൾ, ക്ലബ്ബുകൾ, റസ്റ്റാറന്‍റുകൾ, ബാറുകൾ, ഹോട്ടലുകൾ തുടങ്ങിയവ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് പ്രവർത്തിപ്പിക്കും. സിനിമഹാൾ, മൾട്ടപ്ലക്സ്, തിയറ്റർ, ഓഡിറ്റോറിയം എന്നിവയിലും പകുതി ആളുകളെ മാത്രമേ അനുവദിക്കൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.