തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുത്തതില്‍ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വര്‍ണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഇനി കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് കൂടി മുഖ്യമന്ത്രിയുടെ കീഴില്‍ പഴയ ജോലി കൊടുക്കണമെന്നും ചെന്നിത്തല പരിഹസിച്ചു.
ചെന്നിത്തലയുടെ വാര്‍ത്താക്കുറിപ്പ്:
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂര്‍ത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നില്‍ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചിട്ട് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്. കോടതി ഈ കേസുകള്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. കോടതി തീര്‍പ്പ് കല്‍പിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രതിയെ കുറ്റ വിമുക്തനാക്കിയിരിക്കുകയാണ്.
ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്. രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ?
സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നു വന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ ഇവിടെ കാട്ടിയിരിക്കുന്നത്.
ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.
ശിവശങ്കറിന്റെ പുതിയ നിയമനം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ശിവശങ്കര്‍ സസ്‌പെന്‍ഷനിലായത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16-നായിരുന്നു സസ്‌പെന്‍ഷന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.