ന്യൂഡല്‍ഹി: കോവിഡ് വകഭേദങ്ങളായ ഡെല്‍റ്റയും ഒമിക്രോണും എത്തിയതോടെ രാജ്യത്ത് കോവിഡ് കണക്കുകളില്‍ ഗണ്യമായ വര്‍ധനവ്. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്തെ പതിനാല് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുമായി രാജ്യത്ത് കോവിഡ് കുതിച്ചുയരുകയാണ്. മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ കോവിഡ് പരിശോധന നിരക്കും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ചു. ഇന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിക്കും.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലും സ്ഥിതി ഗുരുതരമാണെന്ന് കേന്ദ്ര മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇനി വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. കേസുകളുടെ എണ്ണം നിയന്ത്രിക്കാനായില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന് കരുതുന്നു.
അതേസമയം കോവിഡ് ടെസ്റ്റ് നടത്താന്‍ മടികാട്ടുന്ന ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നോട്ടീസയച്ചു. തമിഴ്‌നാട്, പഞ്ചാബ്, ഒഡിഷ, യു പി, മിസോറാം, മേഘാലയ, ജമ്മു കാശ്മീര്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഡി. സെക്രട്ടറി ആര്‍തി അഹൂജ നോട്ടീസയച്ചത്.
സമൂഹത്തില്‍ വ്യാപിച്ച അണുബാധയുടെ കൃത്യമായ കണക്കെടുപ്പ് നടക്കാതെ പോയാല്‍ രോഗവ്യാപനം അതിവേഗത്തിലാകും. ഉയര്‍ന്ന തോതിലുള്ള പ്രതിരോധ കുത്തിവയ്പ് രാജ്യത്ത് നിലനില്‍ക്കുമ്പോഴും കേസുകളിലെ കുതിച്ചു ചാട്ടം കനത്ത ജാഗ്രത തുടരേണ്ട കാര്യം കത്തിലൂടെ ഈ സംസ്ഥാനങ്ങളെ ഓര്‍മ്മപ്പെടുത്തി.
ഇന്നലെ 495 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിലും വച്ച് ഏറ്റവും വലിയ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 2,630 ആയി. മഹാരാഷ്ട്ര (797), ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234), കര്‍ണ്ണാടക (226), തമിഴ്‌നാട് ( 121) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം. രാജ്യത്ത് 90,928 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് കഴിഞ്ഞ 200 ദിവസത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ്.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. 325 മരണവും സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് 15,097 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 26,538 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.