സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പൗരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചുകൊണ്ടാണ് സാമ്പത്തിക സംവരണ ബിൽ (ഇ.ഡബ്ല്യൂ.എസ്) നടപ്പാക്കുന്നത്. ഇന്ത്യൻ ജനസമൂഹത്തിൽ എസ്.സി/ എസ്.ടി/ ഒ.ബി.സി തുടങ്ങിയ റിസർവേഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള വിഭാഗങ്ങളിൽ പെടാത്ത, പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തൊഴിലിലും വിദ്യാഭ്യാസമേഖലയിലും അവരുടെ സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ 10% സംവരണം നൽകുമെന്ന് ഈ ഭരണഘടന ഭേദഗതി ബിൽ ഉറപ്പു നൽകുന്നു.
2019 ജനുവരി എട്ടിന് ഇന്ത്യൻ ഭരണഘടനയുടെ 124-മത് ഭേദഗതി ആയി ഈ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. അന്നുതന്നെ ലോക്സഭ ബിൽ പാസാക്കി. 2019 ജനുവരി 9 ന് രാജ്യസഭയും ഈ ബിൽ പാസാക്കി. 2019 ജനുവരി 12 ന് രാഷ്ട്രപതി പ്രസ്തുത ബില്ലിൽ ഒപ്പുവയ്ക്കുകയും തുടർന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.
ജാതി, മത, വർഗ്ഗ പരിഗണനയിൽ ഉൾപ്പെടുന്ന വിഭാഗങ്ങൾക്ക് 50% സംവരണം ഇപ്പോൾ തന്നെ ലഭ്യമാണ്. ബാക്കിവരുന്ന 50% ൽ നിന്നാണ് ഇ.ഡബ്ല്യൂ.എസ് സംവരണമായി 10% നീക്കിവെച്ചത്.
കേന്ദ്ര സർക്കാരിന്റെ അധീനതയിൽ വരുന്ന എല്ലാ നിയമനങ്ങൾക്കും കോഴ്സുകൾക്കും 10% സാമ്പത്തിക സംവരണം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സാമ്പത്തിക സംവരണ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രസ്തുത ഹർജികളിന്മേൽ സ്റ്റേ ഒന്നുംതന്നെ അനുവദിച്ചിട്ടില്ല.
സംസ്ഥാനങ്ങൾക്ക് ഈ നിയമം നടപ്പിലാക്കാനും മാനദണ്ഡങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്താനും അധികാരം കൊടുത്തിട്ടുണ്ട്. കേരളത്തിൽ ഇ.ഡബ്ല്യൂ.എസ് സംവരണം നടപ്പിലാക്കി കൊണ്ടുള്ള G.O (MS) No. 2/2020 dt. 12.02.2020 ന്റെ 4 (19) ഇപ്രകാരം നിഷ്കർഷിക്കുന്നു. ന്യൂനപക്ഷ പദവി ഇല്ലാത്തതും മറ്റ് പിന്നോക്ക സമുദായങ്ങൾക്ക് സംവരണം അനുവദിച്ചു വരുന്നതുമായ സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങൾക്കും മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിക്കേണ്ടതാണ്. ഇതേ വകുപ്പിലെ 4 (20) പ്രകാരം, ഓരോ ഭരണവകുപ്പും അതിനു കീഴിലുള്ള സ്ഥാപനങ്ങളിൽ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ/ ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്നും കൂടാതെ ബന്ധപ്പെട്ട പ്രോസ്പെക്ട്സ്, അപേക്ഷാഫോറങ്ങൾ എന്നിവയിൽ അതിനനുസൃതമായ വ്യവസ്ഥകൾ ചേർക്കുന്നു എന്ന് അതാത് ഭരണവകുപ്പുകൾ ഉറപ്പുവരുത്തേണ്ടതാണ് എന്നും പറയുന്നു.
എന്നാൽ പ്രസ്തുത ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചിട്ടില്ല. ഇത് മനപ്പൂർവമുള്ള അനാസ്ഥയും സംവരണേതര വിഭാഗങ്ങൾക്കുള്ള നീതിനിഷേധവും ആണ്. കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന സാമ്പത്തിക സംവരണം നടപ്പാക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 12.01.2019 ന് കേന്ദ്രസർക്കാരും 14.01.2019 ന് ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളും നടപ്പിലാക്കിയ ഈ നിയമം കേരളത്തിൽ നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ഒരു വർഷം കഴിഞ്ഞതിനു ശേഷം 12.02.2020 ന് മാത്രമാണ്. ഇതുതന്നെ സംവരണേതര വിഭാഗങ്ങളിലെ ദരിദ്രരായ ജനങ്ങളോടുള്ള സർക്കാർ അവഗണന വ്യക്തമാക്കുന്നു.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ഇ.ഡബ്ല്യൂ.എസ് സംവരണ ആനുകൂല്യം ലഭിക്കുന്നതിനുള്ള കേരള സർക്കാരിന്റെ പ്രധാനപ്പെട്ട നിബന്ധനകൾ ഇവയാണ് : (1, അപേക്ഷകർ പട്ടികജാതി, പട്ടികവർഗ്ഗം, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നീ സംവരണ വിഭാഗങ്ങളിൽ ഉൾപ്പെടാത്തവർ ആയിരിക്കണം. (2, അപേക്ഷകന്റെ കുടുംബ വാർഷികവരുമാനം നിലവിലുള്ള സാമ്പത്തിക വർഷത്തിന് തൊട്ടുമുമ്പുള്ള വർഷം, നാല് ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം. (3, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആകെ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ 2.5 ഏക്കറിലും മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ 75 സെന്റിലും മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ 50 സെന്റിലും കൂടരുത്. അപേക്ഷകൻ വല്യപ്പന്റെയോ, വല്യമ്മയുടെയോ, 18 വയസ്സിന് മുകളിലുള്ള സഹോദരങ്ങളുടെയോ സ്വത്ത്, വരുമാനം എന്നിവ ആകെ വരുമാനമോ സ്വത്തോ കണക്കാക്കുമ്പോൾ പരിഗണിക്കേണ്ടതില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, കുടുംബപെൻഷൻ, തൊഴിലില്ലാ വേതനം, ഉത്സവബത്ത, യാത്രാബത്ത, വിരമിക്കൽ ആനുകൂല്യം തുടങ്ങിയവ കുടുംബവാർഷിക വരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ഒരു മാനദണ്ഡമായി കേന്ദ്ര സർക്കാർ നിശ്ചയിച്ച അഞ്ച് ഏക്കർ ഭൂസ്വത്ത് എന്നത് രണ്ടര ഏക്കർ ആയി കേരള സർക്കാർ വെട്ടിച്ചുരുക്കി. വന്യമൃഗശല്യവും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും, കൃഷിനാശവും മൂലം പട്ടിണിയിലായിരിക്കുന്ന ചെറുകിട കർഷകരെ മുന്നോക്കക്കാർ എന്ന് വിളിച്ച് അപഹസിക്കുകയാണ് സംസ്ഥാന സർക്കാർ ഈ നടപടിയിലൂടെ ചെയ്തിരിക്കുന്നത്. കാർഷിക വിപ്ലവത്തിലൂടെ, മൂന്നുനേരവും സ്ഥിരമായി ഭക്ഷണം ലഭ്യമാക്കാനുള്ള സാഹചര്യം മനുഷ്യകുലത്തിന് സംജാതമായി. മനുഷ്യ സമൂഹത്തിന്റെ സംസ്കാരം ആരംഭിക്കുകയും ഒരു സ്ഥലത്ത് തന്നെ സ്ഥിരമായി കൃഷി ചെയ്തു താമസിക്കാനുള്ള സാഹചര്യം സംജാതമാകുകയും ചെയ്തു. എന്നാൽ മലയോരമേഖലകളിൽ തലമുറകളായി കൃഷി ചെയ്തുകൊണ്ടിരുന്ന കർഷകർ വന്യമൃഗങ്ങളെ ഭയന്നു അവരുടെ ആവാസ വ്യവസ്ഥ ഉപേക്ഷിച്ച് പലായനം ചെയ്തു കൊണ്ടിരിക്കുന്നു. വന്യമൃഗശല്യവും കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയും കൃഷി നാശവും മൂലം മൂന്നുനേരം ഭക്ഷണം ഉറപ്പു വരുത്താൻ കഴിയാത്ത ചെറുകിട കർഷകരുടെ ഇന്നത്തെ ദുരവസ്ഥ അവഗണിച്ചുകൊണ്ട്, ഭൂസ്വത്ത് പരിധി രണ്ടര ഏക്കറായി കുറച്ചത് പ്രതിഷേധാർഹമാണ്. ഒരു ജനാധിപത്യ സർക്കാരിന് ഇത് ഒരിക്കലും ഭൂഷണമല്ല.
ഏതാണ്ട് ഇരുന്നൂറ്റമ്പതോളം തസ്തികയിൽ വരാനിരിക്കുന്ന 40,000 ഒഴിവുകളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം 30.12.2019 ന് സർക്കാർ പുറപ്പെടുവിച്ചു. എന്നാൽ ഇ.ഡബ്ല്യൂ.എസ് വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത് 2020 ജനുവരി മൂന്നാം തീയതി മാത്രമാണ്. ഇതുവഴി ഇ.ഡബ്ല്യൂ.എസ് സംവരണത്തിന് അർഹരായവരുടെ അവസരം കേരള സർക്കാർ ബോധപൂർവ്വം ഇല്ലാതാക്കി. ഈ സർക്കാർ നടപടി സംവരണേതര സമുദായങ്ങളോടുള്ള കൊടും ചതിയും വഞ്ചനയുമാണ്. അതുകൊണ്ട് 12.01.2019 മുതൽ മുൻകാല പ്രാബല്യത്തോടെ ഇ.ഡബ്ല്യൂ.എസ് സംവരണം നടപ്പാക്കണം. ഒ.ബി.സി വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രായപരിധി ഇളവുകളും മാർക്ക് ഇളവുകളും ഇ.ഡബ്ല്യൂ.എസ് സംവരണത്തിനും നൽകാൻ കേരള സർക്കാർ തയ്യാറാകണം.
കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളും ഭരണഘടനാപരമായി നടപ്പിലാക്കി പ്രാബല്യത്തിൽ വരുത്തിയ ഇ.ഡബ്ല്യൂ.എസ് സംവരണം കേരളത്തിലും എല്ലാ മേഖലകളിലും ഉടൻ നടപ്പിലാക്കണം. ഇത് ആരുടെയും ഔദാര്യമല്ല. ഇത് സംവരണേതര സമുദായങ്ങളുടെ അവകാശമാണ്. ഈ അവകാശം നേടിയെടുക്കാനായി നമ്മുടെ സമുദായ അംഗങ്ങൾ മുന്നോട്ടുവരണം. വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന 10% ഇ.ഡബ്ല്യൂ.എസ് സംവരണ ആനുകൂല്യം നമ്മുടെ സമുദായാംഗങ്ങൾ ഉപയോഗപ്പെടുത്തണം. നമ്മുടെ ആനുകൂല്യങ്ങൾ സമരത്തിലൂടെ നേടിയെടുക്കേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്. ഈ ലക്ഷ്യപ്രാപ്തിക്കായി നമ്മുടെ സമുദായം ഒറ്റക്കെട്ടായി പോരാടണം.
തോമസ് ആന്റണി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.