'ഉവരിയോപ്‌സിസ് ഡികാപ്രിയോ' ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയുടെ പേരില്‍ ഒരു മരം

'ഉവരിയോപ്‌സിസ് ഡികാപ്രിയോ'  ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയുടെ പേരില്‍ ഒരു മരം

പ്രമുഖ ഹോളിവുഡ് നടനാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. അഭിനയത്തോടൊപ്പം പാരിസ്ഥിതിക മേഖലയില്‍ പ്രത്യേക ശ്രദ്ധകൊടുക്കുന്ന അത്യപൂര്‍വ്വം ഹോളിവുഡ് നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഡികാപ്രിയോ. അദ്ദേഹത്തിന്റെ പാരിസ്ഥിതിക സ്‌നേഹത്തോടുള്ള ആദരവ് മുന്‍നിര്‍ത്തി ശാസ്ത്ര ലോകം, കാമറൂണ്‍ വനത്തിലെ ഒരു മരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുകയാണ്. 'ഉവരിയോപ്‌സിസ് ഡികാപ്രിയോ' എന്നാണ് പേരിട്ടിരിക്കുന്നത്.

മരം മുറിക്കുന്നതിനെതിരെ നിലപാടെടുത്ത് ഡികാപ്രിയോ ഒരു മഴക്കാടിനെ രക്ഷിച്ചു. കാമറൂണിലെ ഏബോ ദേശീയോദ്യാനത്തെ നശിപ്പിക്കുന്നതില്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം നിര്‍ണ്ണായകമായെന്ന് തങ്ങള്‍ കരുതുന്നു. അദ്ദേഹത്തോടുള്ള ആദരവിനാലാണ് ഏബോ ദേശീയോദ്യാനത്തിലെ ഒരു വൃക്ഷത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ലിയോനാര്‍ഡോ ഡികാപ്രിയോയുടെ പേര് ലഭിച്ച വൃക്ഷം, അവിശ്വസനീയമായ ജൈവ വൈവിധ്യത്തിന് പേരുകേട്ട കാമറൂണ്‍ വനത്തില്‍ മാത്രമാണ് വളരുന്നതെന്ന് ക്യൂവിലെ ശാസ്ത്രജ്ഞന്‍ ഡോ. മാര്‍ട്ടിന്‍ ചീക്ക് പറഞ്ഞു.

ഏബോ വനത്തിലെ പഴക്കം ചെന്ന മരങ്ങള്‍ മുറിച്ച് കടത്താനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകരും സസ്യശാസ്ത്രജ്ഞരും ഇതിനെതിരെ രംഗത്ത് വന്നു. കാരണം, അത്രയേറെ വൈവിധ്യമുള്ള ജൈവശാസ്ത്ര രീതിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശമാണ് ഏബോ വനമേഖല.

മധ്യാഫ്രിക്കയിലെ മനുഷ്യന്‍ താരതമ്യേന സ്പര്‍ശിക്കാത്ത ഏറ്റവും വലിയ മഴക്കാടുകളില്‍ ഒന്നായ ഇത് ബാനന്‍ ജനതയുടെ ആവാസ കേന്ദ്രമാണ്. കൂടാതെ വംശനാശ ഭീഷണി നേരിടുന്ന ഗൊറില്ലകള്‍, ചിമ്പുകള്‍, ആനകള്‍ എന്നിവയുള്‍പ്പെടെയുള്ള സവിശേഷമായ സസ്യജന്തുജാലങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ അത്യപൂര്‍വ്വ വനമേഖലയിലുണ്ട്.

സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയതോടെ ഏബോ വനമേഖലയിലെ വംശനാശ ഭീഷണി നേരിടുന്ന അമൂല്യമായ മൃഗങ്ങളെയും സസ്യജാലങ്ങളെയും പട്ടിക തയ്യാറാക്കി ഈ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധര്‍ സര്‍ക്കാരിന് കത്തെഴുതി. ഇതോടെ പൊതുജനത്തിന് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമായി. വിഷയം ശ്രദ്ധയില്‍പെട്ട ഡികാപ്രിയോ തന്റെ സാമൂഹിക മാധ്യമ പേജുകള്‍ വഴി വിഷയം അവതരിപ്പിച്ചു.

ഇതോടെ നിമിഷ നേരം കൊണ്ട് ദശലക്ഷക്കണക്കിന് പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഏബോ വനപ്രദേശം സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. പ്രശ്‌നം നടക്കുമ്പോള്‍ ഈ വനപ്രദേശത്തെ സര്‍ക്കാര്‍ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ മരം മുറിക്കാനുള്ള അനുമതി സര്‍ക്കാറിന് റദ്ദാക്കേണ്ടി വന്നു.

2022ല്‍ ക്യൂ ശാസ്ത്രജ്ഞര്‍ ഔദ്യോഗികമായി നാമകരണം ചെയ്യുന്ന ആദ്യത്തെ സസ്യമാണ് ഡികാപ്രിയോ. ഇതേപ്പറ്റി ചീക്ക് പറഞ്ഞത് ഇത് വധശിക്ഷയ്ക്കുള്ള സ്റ്റേ മാത്രമായിരിക്കാം എന്നാണ്. പീര്‍ജെ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സസ്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുള്ളത്.

ചെറിയ ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷത്തിന് അതിന്റെ ഇളം തണ്ടുകളില്‍ വളരുന്ന തിളങ്ങുന്ന മഞ്ഞ പൂക്കള്‍ ഉണ്ട്. യലാങ് യ്ലാംഗ് സസ്യ കുടുംബത്തിലെ അംഗമായ ഇത് ഏബോ വനത്തിന്റെ ഒരു ചെറിയ പ്രദേശത്ത് മാത്രമാണ് കണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ഈ സസ്യത്തിന്റെ സ്ഥാനം.

കഴിഞ്ഞ വര്‍ഷം, ക്യൂ ശാസ്ത്രജ്ഞരും അവരുടെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് 200-ലധികം ചെടികള്‍ക്കും ഫംഗസുകള്‍ക്കും ഔദ്യോഗിക നാമം നല്‍കിയിരുന്നു. അതേ വനത്തിലെ പിങ്ക് ലില്ലി, ഓസ്ട്രേലിയയില്‍ കണ്ടെത്തിയ പ്രാണികളെ കെണിയില്‍ പിടിക്കുന്ന കാട്ടുപുകയില ചെടി, മഡഗാസ്‌കര്‍ ദ്വീപില്‍ നിന്ന് കണ്ടെത്തിയ ഇരുട്ടില്‍ വളരാന്‍ കഴിയുന്ന നക്ഷത്രം പോലെയുള്ള പൂക്കളുള്ള ഓര്‍ക്കിഡ് എന്നിവ ഈ പുതിയ പേരിടലില്‍ പെട്ട സസ്യങ്ങളാണ്.

മഡഗാസ്‌കറില്‍ കണ്ടെത്തിയ 16 പുതിയ ഇനം ഓര്‍ക്കിഡുകളില്‍ മൂന്നെണ്ണം അവയുടെ ആവാസവ്യവസ്ഥയുടെ നാശം കാരണം വംശനാശം സംഭവിച്ചതായി കരുതപ്പെടുന്നു. യൂറോപ്പിലെ അരോമാതെറാപ്പി വ്യവസായത്തില്‍ ഉപയോഗിക്കുന്ന ജെറേനിയം ഓയിലിനുള്ള ചെടികള്‍ വളര്‍ത്തുന്നതിനായി വനങ്ങള്‍ വെട്ടിമാറ്റിയപ്പോഴാകാം ഇതിലൊരെണ്ണം അപ്രത്യക്ഷമായതെന്ന് കരുതുന്നു.

ചെമ്പ് ഖനനത്തെ തുടര്‍ന്ന് കോംഗോയിലെ കട്ടംഗയില്‍ നിന്നുള്ള ഒരു പുതിയ കേപ് പ്രിംറോസ് ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. ഒരു ജീവിവര്‍ഗത്തിന് ശാസ്ത്രീയ നാമം ലഭിക്കുന്നതുവരെ, അതിന്റെ വംശനാശം വിലയിരുത്തുന്നത് ഏതാണ്ട് അസാധ്യമാണ്. ഇത് ഇത്തരത്തിലുള്ള അത്യപൂര്‍വ്വ ഇനം സസ്യങ്ങളെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനെ തടയുന്നു.

അജ്ഞാത ജീവികളെ കണ്ടെത്താനും അവയ്ക്ക് പേരിടാനും വംശനാശം സംഭവിക്കുന്നതിന് മുമ്പ് അവയെ സംരക്ഷിക്കാനുമുള്ള മനുഷ്യന്റെ അവസാന അവസരമാണിതെന്ന ഓര്‍മ്മപ്പെടുത്തലാണ് 2021-ലെ കണ്ടുപിടിത്തങ്ങളുടെ പട്ടികയെന്ന് ഡോ.മാര്‍ട്ടിന്‍ ചീക്ക് വ്യക്തമാക്കി.

ഇനിയും ആയിരക്കണക്കിന് സസ്യജാലങ്ങളും ദശലക്ഷക്കണക്കിന് ഫംഗസ് സ്പീഷീസുകളും മനുഷ്യന് അറിയാത്തതായുണ്ട്. അവര്‍ വളരുന്ന, പ്രത്യേകിച്ച് വനങ്ങള്‍ അടക്കമുള്ള ഈ പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയെല്ലാം അവിടെ എന്താണെന്ന് പോലും അറിയാതെ മനുഷ്യരായ നമ്മള്‍ കൂടുതല്‍ വേഗത്തില്‍ നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.