ലണ്ടന്‍: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ടിംഗ് ലൈസന്‍സ് പുതുക്കാത്തതിന് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് യു. കെ പാര്‍ലമെന്റിലെ പ്രഭു സഭാംഗങ്ങള്‍. തീരുമാനം മാറ്റാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന് യു.കെ ഭരണകൂടത്തോട് ഹൗസ് ഓഫ് ലോര്‍ഡ്സ് ആവശ്യപ്പെട്ടു. ഈ 'അനീതിപരമായ തീരുമാനം' മാറ്റിയില്ലെങ്കില്‍ ഇന്ത്യയിലെ ഏറ്റവും ദുര്‍ബലരായ ഒട്ടേറെ ജനങ്ങള്‍ക്ക് ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ലിവര്‍പൂളിലെ ലോര്‍ഡ് ആള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടും ഇന്ത്യന്‍ സര്‍ക്കാരിനോടും യു.കെ ക്രിയാത്മകമായ രീതിയില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനായി അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും അതിനു ശേഷമേ തനിക്ക് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കൂ എന്നും ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള മന്ത്രിയും വിംബിള്‍ഡണില്‍ നിന്നുള്ള അംഗവുമായ ലോര്‍ഡ് അഹ്‌മദ് പറഞ്ഞു.
'മിഷനറീസ് ഓഫ് ചാരിറ്റിക്കും മറ്റ് എന്‍ജിഒകള്‍ക്കും ലഭ്യമാകേണ്ട വിദേശ ഫണ്ടുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് യു കെ ഗവണ്‍മെന്റ് ഡല്‍ഹിയില്‍ എന്ത് നടപടികളെടുത്തു ' എന്ന ചോദ്യം പെന്‍ട്രെഗാര്‍ട്ടിലെ ഹാരിസ് പ്രഭു വാക്കാല്‍ ഉന്നയിച്ചതിന്റെ അനുബന്ധമായായിരുന്നു സംവാദം. ഈ ഫണ്ടുകള്‍ തടയപ്പെടാതിരിക്കാന്‍് ബ്രിട്ടന്‍ എന്താണ് ചെയ്യുന്നതെന്ന് പലരും ചോദിച്ചു.
'മദര്‍ തെരേസയുടെ പ്രവര്‍ത്തനവും അവര്‍ സ്ഥാപിച്ച മഹാ സംരംഭമായ മിഷണറീസ് ഓഫ് ചാരിറ്റിയും ലോകമെമ്പാടും പ്രശസ്തമാണ്. അവരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും തടയാനും ഇന്ത്യന്‍ സര്‍ക്കാരിന് എന്ത് കാരണമാണുള്ളത് ? '- പെന്‍ട്രെഗാര്‍ത്ത് പ്രഭു ചോദിച്ചു. 'ഹിന്ദു ദേശീയതയില്‍ നിന്നുള്ള സമ്മര്‍ദ്ദം തുടരുകയാണവിടെ. ആളുകള്‍ ക്രിസ്തുമതവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഒടുവില്‍ അതിലേക്ക് മാറുകയും ചെയ്യുമെന്ന ചിന്തയാണു കാരണം. അവരുടെ കാരണമെന്താണെന്ന് രേഖാമൂലം ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്, അതിനു ശേഷം അവരുടെ ന്യായവാദത്തിന്റെ സാധുത പരിശോധിക്കാം.' ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ ദരിദ്രരായ പലരിലേക്കും എത്തുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ബെന്നാഷിയില്‍ നിന്നുള്ള ബ്രൂസ് പ്രഭു പറഞ്ഞു, ' പാവങ്ങളെ സേവിക്കുന്ന പ്രസ്ഥാനങ്ങളെ പിന്‍വലിച്ചാല്‍ ആ ആളുകളിലേക്ക് എങ്ങനെ എത്തിച്ചേരുമെന്ന് വിശദീകരിക്കാന്‍ ഡല്‍ഹിയോട് യുകെ സര്‍ക്കാര്‍ ആവശ്യപ്പെടണം '
യുകെയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ ഇന്ത്യ ആസ്ഥാനമായുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച എഫ്സിആര്‍എയുടെ അംഗീകാരത്തിനായുള്ള പുതുക്കല്‍ അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പതിവ് പ്രക്രിയയുടെ ഭാഗമാണെന്ന വിശദീകരണം ഹൈക്കമ്മീഷന്‍ ആവര്‍ത്തിച്ചു. വസ്തുതകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ഏതെങ്കിലും ഒരു സമൂഹത്തെയോ മതത്തെയോ ധനസഹായ സ്രോതസ്സുകളെയോ പ്രത്യേകമായി 'ലക്ഷ്യം' വച്ച് ഏതെങ്കിലും അക്കൗണ്ടുകള്‍ ഇന്ത്യാ ഗവണ്‍മെന്റ് മരവിപ്പിച്ചിട്ടില്ല. എഫ്സിആര്‍എ ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള ഈ അപേക്ഷകളെല്ലാം സ്ഥാപിത നടപടിക്രമം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത് - പ്രസ്താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.