നോക്ക് ബസലിക്കയില്‍ എല്ലാ മാസവും സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന

 നോക്ക് ബസലിക്കയില്‍ എല്ലാ മാസവും സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന

നോക്ക്: അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയില്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഡിസംബര്‍ 30 നു നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തിലെ ഫാദര്‍ ഡേവീസ് വടക്കുമ്പാടന്‍ സി.എം. ഐയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് അയര്‍ലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാദര്‍ ജോസ് ഭരണികുളങ്ങര (ഗാല്‍വേ റീജണല്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

2022 ഫെബ്രുവരി മാസം മുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1:30 നു നോക്ക് ബസലിക്കയില്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള മാസങ്ങളില്‍ അയര്‍ലണ്ടിലെ എല്ലാ സീറോ മലബാര്‍ വൈദീകരും ഇവിടെയെത്തി വി. കുര്‍ബാന അര്‍പ്പിക്കുന്നതാണ്.

അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ മെയ് മാസത്തില്‍ നടത്തി വരുന്ന നോക്ക് തീര്‍ത്ഥാടനത്തില്‍ വടക്കന്‍ അയര്‍ലണ്ടിലേയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലേയും വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്നു. അയര്‍ലണ്ടില്‍ നടക്കുന്ന ഏറ്റവും വലിയ തീര്‍ത്ഥാടനമാണ് സീറോ മലബാര്‍ സഭ നടത്തിവരുന്ന നോക്ക് തീര്‍ത്ഥാടനം.

മാസത്തിലൊരിക്കലെങ്കിലും പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം നടന്ന നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക എന്നത് വിശ്വാസികളുടെ ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നു. സീറോ മലബാര്‍ അയര്‍ലണ്ട് നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ (സഭായോഗം) പ്രതിനിധികള്‍ ഈ ആവശ്യം പലപ്പോഴായി ഉന്നയിക്കുകയും സഭാധികാരികളുമായി സംസാരിക്കാന്‍ നാഷണല്‍ കോര്‍ഡിനേറ്ററെ ചുമതലപ്പെടുത്തുകയും ചെയ്തു.

ടൂം ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ ന്യൂറിയുമായും, നോക്ക് അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാദര്‍ റിച്ചാര്‍ഡ് ഗിബോണ്‍സുമായും സീറോ മലബാര്‍ അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും, നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിലും മറ്റു വൈദീകരും നടത്തിയ കൂടികാഴ്ചകളുടേയും ചര്‍ച്ചകളുടേയും ഫലമായി മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാന എന്ന ആവശ്യത്തിനു ഔദ്ദോഗീക അംഗീകാരം ലഭിച്ചു.

തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാദര്‍ റിച്ചാര്‍ഡ് ഗിബോണ്‍സ് നല്‍കിവരുന്ന എല്ലാ സഹകരണങ്ങള്‍ക്കും നന്ദിപറയുന്നതായും, ഫാദര്‍ ഡേവീസ് വടക്കുമ്പാടന്‍ നോക്കിലെത്തുന്ന മലയാളികള്‍ക്ക് ചെയ്യുന്ന എല്ലാ സഹായങ്ങളേയും നന്ദിയോടെ ഓര്‍ക്കുന്നതായും അയര്‍ലണ്ട് സീറോ മലബാര്‍ സഭാ നേതൃത്വം അറിയിച്ചു.

സ്ഥാനം ഒഴിയുന്ന ടൂം ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ ന്യൂറിയെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം പുതിയ ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സീസ് ഡഫിക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും നേരുന്നതായി സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26