ലോസ് ഏഞ്ജല്‍സ് : ഹോളിവുഡ് നടനും സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന സര്‍ സിഡ്‌നി പോയ്റ്റിയര്‍ അന്തരിച്ചു. 94 ാമത്തെ വയസില്‍ ബഹാമാസില്‍ ആയിരുന്നു അന്ത്യം.
സ്വതസ്സിദ്ധമായ അഭിനയ ശൈലിയിലൂടെ 1950-60 കാലഘട്ടത്തില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ പ്രതിഭാശാലിയായിരുന്നു പോയ്റ്റിയര്‍. 1975 ല്‍ 'ലിലീസ് ഒഫ് ദി ഫീല്‍ഡ്' എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിലൂടെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ അദ്ദേഹം ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യത്തെ കറുത്ത വംശജന്‍ കൂടിയായിരുന്നു.
1997 ല്‍ മണ്ടേല ആന്റ് ഡെ ക്ലാര്‍ക്ക് എന്ന ടെലിവിഷന്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയായും സിഡ്‌നി പോയ്റ്റിയര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. 1997 മുതല്‍ 2007 വരെ ജപ്പാനിലെ ബഹാമിയന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചു. 2002 ല്‍ സിനിമാ ലോകത്ത് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് അക്കാഡമി ഓണററി അവാര്‍ഡ് ലഭിച്ചു. 2009 ല്‍ യു.എസിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ യു.എസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഒഫ് ഫ്രീഡം നല്കി അദ്ദേഹത്തെ ആദരിച്ചു.
യു.എസ് ബഹാമാസ് പൗരത്വമുള്ള സിഡ്‌നി പോയ്റ്റിയറിന്റെ മരണ വിവരം ബഹാമാസ് വിദേശകാര്യ മന്ത്രാലയമാണ് പുറത്തു വിട്ടത്. പോയ്റ്റിയര്‍ രാജ്യത്തിന്റെ ഹീറോയും വഴി കാട്ടിയും പ്രചോദനവുമാണെന്ന് ബഹാമിയന്‍ ഉപ പ്രധാനമന്ത്രി ചെസ്റ്റര്‍ കൂപ്പര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.
യു.എസില്‍ വംശീയതയും വര്‍ണ വിവേചനവും ഉച്ചസ്ഥായിയിലായിരുന്ന കാലഘട്ടത്തിലാണ് സിഡ്‌നി പോയ്റ്റിയര്‍ പ്രേക്ഷകരുടെ മനം കവര്‍ന്നത്. 1927 യു.എസിലെ മിയാമിയിലായിരുന്നു ജനനം. ബഹാമാസിലില്‍ നിന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മിയാമി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ യാദൃച്ഛികമായി യു.എസില്‍ വച്ച് ജനിച്ച അദ്ദേഹത്തിന് യു.എസ് പൗരത്വം ലഭിക്കുകയായിരുന്നു. പിന്നീട് 15 ാം വയസില്‍ യു.എസിലെത്തിയ അദ്ദേഹം അമേരിക്കന്‍ നീഗ്രോ തീയറ്ററിന്റെ ഭാഗമായി.
1955 ല്‍ ബ്ലാക്ക് ബോര്‍ഡ് ജംഗിള്‍ എന്ന ചിത്രത്തിലൂടെയാണ് പോയ്റ്റിയര്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 1958 ല്‍ 'ദി ദിഫയന്റ് വണ്‍സ് 'എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതോടെ ഓസ്‌കാറിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ കറുത്ത വംശജനായ നടന്‍ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഈ സിനിമയിലെ പ്രകടനത്തിന് അദ്ദേഹത്തിന് ആ വര്‍ഷത്തെ ബാഫ്റ്റ പുരസ്‌കാരം ലഭിച്ചു.
എ പാച്ച് ഒഫ് ബ്ലൂ, സോംഗ് ഒഫ് ദി സൗത്ത്, ദി ഗ്രേറ്റസ്റ്റ് എവര്‍ സ്റ്റോറി ടോള്‍ഡ്, ടു സര്‍ വിത്ത് ലവ്, ഇന്‍ ദി ഹീറ്റ് ഒഫ് ദി നൈറ്റ്, ഗസ് ഹൂ ഇസ് കമിംഗ് ടു ദി ഡിന്നര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അസാമാന്യ അഭിനയ പാടവമുള്ള ഒരു നടനെന്ന ഖ്യാതിയുള്ളപ്പോല്‍ തന്നെ മികച്ച സംവിധായകന്‍ കൂടിയായിരുന്നു പോയ്റ്റിയര്‍. ബക്ക് ആന്റ് ദി പ്രീച്ചര്‍, ലെറ്റ്‌സ് ടു ഇറ്റ് എഗൈന്‍, ഫാസ്റ്റ് ഫോര്‍വേഡ്, ഗോസ്റ്റ് ഡാഡ് തുടങ്ങിയ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.