മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി പുനസ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍

മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി പുനസ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസസമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു. അനുമതി ക്രിസ്മസ് നാളില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രജിസ്ട്രേഷന്‍ പുതുക്കാന്‍ തീരുമാനിച്ചത്.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത് നടുക്കം ഉണര്‍ത്തുന്നതാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സഹോദരിമാരുടെ പരിചരണത്തിലുള്ള 22,000 രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണവും മരുന്നും വാങ്ങാന്‍ നിര്‍വാഹമില്ലാതായെന്നും മമത വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നത്. വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ (എഫ്.സി.ആര്‍.എ.) ലൈസന്‍സ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഈ മാസം 25-ന് നിരസിച്ചിട്ടുണ്ട്. 31 വരെ അവര്‍ക്ക് സംഭാവന സ്വീകരിക്കാന്‍ ലൈസന്‍സുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷ നല്‍കിയിരുന്നതായും അതനുസരിച്ച് നടപടിയെടുത്തിട്ടുണ്ടെന്നും എസ്.ബി.ഐ അറിയിച്ചതായി മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും എന്നാല്‍, വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയതായി അറിയിപ്പു ലഭിച്ചിട്ടുണ്ടെന്നും മിഷണറീസ് ഓഫ് ചാരിറ്റിയും പിന്നാലെ പ്രതികരിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതുവരെ വിദേശസംഭാവനാ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിവിധ ശാഖകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.