ആര്‍ മൂല്യം ക്രമാതീതമായി ഉയരുന്നു; ഫെബ്രുവരി ആദ്യ പകുതിയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാമെന്ന് പഠന റിപ്പോര്‍ട്ട്

 ആര്‍ മൂല്യം ക്രമാതീതമായി ഉയരുന്നു; ഫെബ്രുവരി ആദ്യ പകുതിയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അടുത്ത മാസം പകുതിയോടെ വലിയ വര്‍ധനയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠന റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് പ്രത്യുത്പാദനശേഷിയുടെ (ആര്‍ മൂല്യം) അടിസ്ഥാനത്തില്‍ ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ നിഗമനം.

ഒരു രോഗിയില്‍നിന്ന് എത്രപേര്‍ക്ക് രോഗം പകരുമെന്ന കണക്കാണ് ആര്‍ മൂല്യം. ഡിസംബര്‍ 25 മുതല്‍ 31 വരെ 2.9 ആയിരുന്നു ആര്‍ മൂല്യം. ജനുവരി ഒന്നു മുതല്‍ ആറുവരെ ഇത് നാലായി ഉയര്‍ന്നിരുന്നു. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ ക്രമാതീതമായ വര്‍ധന ഇനിയുണ്ടാകും. പ്രാഥമിക വിശകലനത്തില്‍ ആര്‍ മൂല്യം ക്രമാതീതമായി ഉയരുകയാണ്.

വാക്‌സിനേഷന്‍, സാമൂഹിക അകലം തുടങ്ങിയവയുടെ സ്വാധീനം മൂന്നാം തരംഗത്തില്‍ കാണാനാകും. വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നെങ്കിലും ആളുകള്‍ സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകുന്നില്ല എന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. ഒന്നാം തരംഗത്തില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു.

എങ്കിലും കേസുകളുടെ എണ്ണം ഉയര്‍ന്നു. മൂന്നാം തരംഗത്തില്‍ സാമൂഹിക അകലം പാലിക്കല്‍ കുറവായതിനാല്‍ മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം വളരെ ഉയര്‍ന്നതാകാം. നിയന്ത്രണങ്ങളും കര്‍ശനമാക്കിയാല്‍ ആര്‍ മൂല്യം കുറഞ്ഞേക്കാം.

പകര്‍ച്ച വ്യാപന സാധ്യത, സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം, രോഗം ബാധിക്കാനിടയുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആര്‍ മൂല്യം കണക്കാക്കുന്നതെന്നും ഐ.ഐ.ടി. മദ്രാസിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജയന്ത് ഝാ പറയുന്നു. വൈറസ് പിടിപെട്ട 10 പേരില്‍നിന്ന് ശരാശരി എത്ര പേര്‍ക്ക് കോവിഡ് പകരുമെന്നതാണ് പരിശോധിക്കുന്നത്.

ആര്‍ മൂല്യം ഒന്ന് ആണെങ്കില്‍ ഓരോ 10 പേരും ശരാശരി 10 പേര്‍ക്കു കൂടി വൈറസിനെ നല്‍കുന്നെന്ന് അര്‍ഥം. ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്. 2020 ല്‍ കോവിഡിന്റെ തുടക്ക ഘട്ടത്തില്‍ 1.7 ആയിരുന്നു ആര്‍ മൂല്യം. ഇത് 1.83 ആയി വര്‍ധിച്ചതോടെ വ്യാപനം പാരമ്യത്തിലെത്തി. അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇത് താഴേക്കു വന്നത്. ഒന്നിന് താഴെയെത്തിയാല്‍ മാത്രമേ മഹാമാരി അവസാനിച്ചെന്ന് കണക്കാക്കാന്‍ സാധിക്കൂ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.